തൃശൂര്‍ പൂരനഗരിയില്‍ രാഷ്ട്രീയ-മത-ജാതി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല: വി.എന്‍. വാസവന്‍
Kerala News
തൃശൂര്‍ പൂരനഗരിയില്‍ രാഷ്ട്രീയ-മത-ജാതി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല: വി.എന്‍. വാസവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd May 2025, 7:08 pm

തിരുവനന്തപുരം: തൃശൂര്‍ പൂരത്തില്‍ മത-ജാതി, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചിഹ്നങ്ങളുടെ പ്രദര്‍ശനത്തിന് പാടില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. പൂരനഗരിയില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ചിഹ്നങ്ങളുടെ പ്രദര്‍ശനം പാടില്ലെന്നും മന്ത്രി പറഞ്ഞു.

അടുത്തിടെ കണ്ണൂർ അടക്കമുള്ള ജില്ലകളിൽ നടന്ന ഏതാനും ഉത്സവങ്ങളില്‍ പാര്‍ട്ടി കൊടികള്‍ ഉയര്‍ത്തിയത് അടക്കമുള്ള സംഭവങ്ങള്‍ വിവാദമാകുകയും വിമര്‍ശനം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

അവലോകനയോഗത്തിന് ശേഷം മന്ത്രിമാരായ വി.എന്‍. വാസവന്‍, ആര്‍. ബിന്ദു, കെ. രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പൂരം നിയന്ത്രിക്കാന്‍ 4000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. പൂരനഗരിയില്‍ പരിചയ സമ്പന്നരായ പൊലീസുകാരെയായിരിക്കും വിന്യസിപ്പിക്കുകയെന്നും ലഹരി പദാര്‍ത്ഥങ്ങളുടെ കടന്നുവരവ് കര്‍ശനമായി നിയന്ത്രിക്കുമെന്നും എക്സൈസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

പൂരനഗരി കേന്ദ്രീകരിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 50ലേറെ ഫാസ്റ്റ് പാസഞ്ചറും നിരവധി ഓര്‍ഡിനറി ബസുകളും സര്‍വീസ് നടത്തുമെന്നാണ് മന്ത്രി പറഞ്ഞത്.

ട്രെയിനുകള്‍ തൃശൂരില്‍ നിര്‍ത്തുമെന്നും പൂരം ദിവസം നാഷണല്‍ ഹൈവേയുടെ നിര്‍മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ആവശ്യമായ വെറ്റിനറി സംഘവും നാട്ടാന പരിപാലന സംഘവും പൂരനഗരിയില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മികച്ച സജ്ജീകരണങ്ങളാണ് പൂരനഗരിയില്‍ ഉണ്ടാകുകയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. സഹായിക്കാന്‍ ആരുടേയും ആംബുലന്‍സുകള്‍ പൂരനഗരയിലേക്ക് വരേണ്ടതില്ലെന്നും ഡി.എം.ഓയുടെ സര്‍ട്ടിഫിക്കറ്റ് പതിപ്പിച്ച ആംബുലന്‍സുകള്‍ മാത്രമേ മേഖലയിലേക്ക് കടത്തിവിടുള്ളുവെന്നും മന്ത്രി പറഞ്ഞു.

പൂരം നല്ല രീതിയില്‍ നടക്കാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സഹകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ആവശ്യപ്പെട്ടു. നിരവധി ആശങ്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവലോകനയോഗം അതിനെല്ലാം പരിഹാരം കണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Content Highlight: Political, religious and caste symbols should not be displayed in Thrissur Pooranagari: V.N. Vasavan