ഒരു മാസത്തിനിടെ രാജി വെച്ചത് മൂന്ന് മന്ത്രിമാര്‍; ജപ്പാനില്‍ തൂങ്ങിയാടി ഫുമിയോ കിഷിദയുടെ സര്‍ക്കാര്‍
World News
ഒരു മാസത്തിനിടെ രാജി വെച്ചത് മൂന്ന് മന്ത്രിമാര്‍; ജപ്പാനില്‍ തൂങ്ങിയാടി ഫുമിയോ കിഷിദയുടെ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2022, 5:43 pm

ടോക്കിയോ: ജപ്പാനില്‍ ഫുമിയോ കിഷിദയുടെ (Fumio Kishida) പ്രധാനമന്ത്രി സ്ഥാനത്തിന് വെല്ലുവിളി. ഒരു മാസത്തിനുള്ളില്‍ മന്ത്രിസഭയില്‍ നിന്നും മൂന്ന് മന്ത്രിമാര്‍ രാജി വെച്ചതോടെയാണ് ഫുമിയോ കിഷിദയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ചോദ്യമുയരാന്‍ തുടങ്ങിയത്.

ജസ്റ്റിസ് വിഭാഗം മന്ത്രി യാസുഹിരോ ഹനാഷി (Yasuhiro Hanashi), എക്കണോമിക് റീവൈറ്റലൈസേഷന്‍ വകുപ്പ് മന്ത്രി ദൈശിരോ യമഗിവ (Daishiro Yamagiwa) എന്നിവര്‍ക്ക് പുറമെ ആഭ്യന്തര മന്ത്രി മിനോരു ടെറാഡ (Minoru Terada) കൂടി ഈയാഴ്ച കിഷിദ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു.

മിനോരു ടെറാഡക്ക് പകരം മുന്‍ വിദേശകാര്യ മന്ത്രി ടേക്കാക്കി മാറ്റ്‌സുമോട്ടോയെ (Takeaki Matsumoto) ആഭ്യന്തര മന്ത്രിയായി ഫുമിയോ കിഷിദ നിയമിച്ചിട്ടുണ്ട്.

”ഞങ്ങളുടെ രാഷ്ട്രീയ പ്രതിബദ്ധതയുടെ അടിസ്ഥാനം പൊതുസമൂഹത്തിന് ഞങ്ങള്‍ക്ക് മേലുള്ള വിശ്വാസമാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ ചുറ്റുപാടുകള്‍ പരിശോധിക്കുകയും ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുകയും വേണം,” എന്നായിരുന്നു പുതിയ മന്ത്രിയെ നിയമിച്ച ശേഷം പ്രധാനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഒരു മാസത്തിനിടെ മൂന്ന് മന്ത്രിമാര്‍ രാജി വെച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘എനിക്ക് ഭാരിച്ച ഉത്തരവാദിത്തം തോന്നുന്നുണ്ട്,’ എന്നായിരുന്നു കിഷിദയുടെ മറുപടി. മന്ത്രിമാരുടെ തുടര്‍ച്ചയായുള്ള രാജിയില്‍ താന്‍ മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫണ്ടിങ് അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ആഭ്യന്തര മന്ത്രി മിനോരു ടെറാഡ രാജിവെച്ചത്. പ്രധാനമന്ത്രി കിഷിദ ഇദ്ദേഹത്തെ പുറത്താക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയായിരുന്നു രാജി.

ഇക്കഴിഞ്ഞ ജൂലൈയില്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (Shinzo Abe) വെടിയേറ്റ് കൊല്ലപ്പെട്ടതും കിഷിദയുടെ ഭരണനേതൃത്വത്തിനെതിരെ ചോദ്യമുയരാന്‍ കാരണമായിരുന്നു. കിഷിദയുടെ ഭരണത്തിന് കീഴില്‍ രാജ്യത്തിന്റെ സുരക്ഷയെ കുറിച്ചായിരുന്നു ചോദ്യങ്ങളുയര്‍ന്നിരുന്നത്.

ഇപ്പോള്‍ തുടര്‍ച്ചയായി മന്ത്രിമാര്‍ രാജി വെക്കുകയും കൂടി ചെയ്തതോടെ കിഷിദയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാരിന്റെ നിലനില്‍പും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ജപ്പാനിലെ അസാഹി ടി.വി കഴിഞ്ഞയാഴ്ച നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്തവരില്‍ 30.5 ശതമാനം പേര്‍ മാത്രമാണ് കിഷിദയെ പിന്തുണക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ സമാനമായി നടത്തിയ സര്‍വേയിലേതിനേക്കാള്‍ 2.6 പോയിന്റ് കുറവാണിത്.

മന്ത്രിമാരുടെ രാജിയെ കിഷിദ കൈകാര്യം ചെയ്ത രീതിയില്‍ തൃപ്തരല്ല എന്ന് 51 ശതമാനം പേരും പ്രതികരിച്ചു.

Content Highlight: Political backlash to Japan’s PM Fumio Kishida after the exit of three ministers in one month