പൊലീസുകാര്‍ക്കിനി തിലകവും മേക്കപ്പും വേണ്ട; നിര്‍ദേശവുമായി ബീഹാര്‍ ഡി.ജി.പി: വിവാദം
India
പൊലീസുകാര്‍ക്കിനി തിലകവും മേക്കപ്പും വേണ്ട; നിര്‍ദേശവുമായി ബീഹാര്‍ ഡി.ജി.പി: വിവാദം
നിഷാന. വി.വി
Monday, 27th April 2026, 11:37 am

പാട്‌ന: ബീഹാര്‍ ഡി.ജെ.പി വിനയ്കുമാര്‍ പുറത്തിറക്കിയ പൊലീസുകാര്‍ക്കുള്ള പുതിയ ഉത്തരവ് വിവാദത്തില്‍.

ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തിലകം ചാര്‍ത്തുന്നതും അമിതമായ മേക്കപ്പ് ഉപയോഗിക്കുന്നതും വിലക്കിക്കൊണ്ടാണ് ഡി.ജി.പി ഉത്തരവിറക്കിയത്.

പൊലീസ് സേനയുടെ ഔദ്യോഗികമായ അച്ചടക്കവും യൂണിഫോമിലെ ഏകരൂപതയും നിലനിര്‍ത്താനാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇത്തരത്തില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പൊലീസ് മാനുവലിന്റെ ലംഘനമാണെന്നും നിര്‍ദേശം അംഗീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘പൊലീസ് സേന ഒരു പ്രോഫഷണല്‍ ഇമേജ് നിലനിര്‍ത്തണം. ഡ്യൂട്ടിയിലിരിക്കുമ്പോഴും യൂണിഫോമിലായിരിക്കുമ്പോഴും നെറ്റിയില്‍ തിലകം, ചന്ദനം പോലുളള മതചിഹ്നങ്ങള്‍ ധരിക്കരുത്. കൂടാതെ ഉദ്യോഗസ്ഥര്‍ തൊപ്പികളും ബെല്‍റ്റുകളും ധരിക്കേണ്ടത് നിര്‍ബന്ധതമാണ്. അല്ലാത്ത പക്ഷം യൂണിഫോം അപൂര്‍ണമായി കണക്കാക്കും,’അദ്ദേഹം പറഞ്ഞു.

വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലിരിക്കെ അമിതമായ മേക്കപ്പ് ധരിക്കരുതെന്നും നിര്‍ദേശമുണ്ട്. പൊലീസ് സേനയില്‍ വ്യക്തിഗത ഐഡന്റിറ്റിയേക്കാള്‍ ഔദ്യോഗിക ഐഡന്റിറ്റിക്ക് പ്രധാന്യം നല്‍കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഇത്തരം നടപടികളുടെ ലക്ഷ്യമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ ഉത്തരവിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിസ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

ബീഹാര്‍ പൊലീസിന്റെ സത്യസന്ധത തീരുമാനിക്കുന്നത് തിലക് ആണോയെന്നും ചന്ദനം പുരട്ടിയാല്‍ അഴിമതി വരുമോ എന്നും ചിലര്‍ ചോദിക്കുന്നു.

‘നെറ്റിയില്‍ തിലകം വെക്കുന്നത് അച്ചടക്കത്തിന് എതിരാണെങ്കില്‍, ഏത് നിയമപ്രകാരമാണ് ജാതീയത, കൈക്കൂലി, യൂണിഫോമിലെ രാഷ്ട്രീയ അനുകരണം എന്നിവ നിയമപരമാകുന്നത്’ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

Content Highlight: Policemen no longer need to wear tilak and makeup; Bihar DGP issues controversial directive

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.