ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും
Kerala News
ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 11:12 am

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. സംഭവ നടന്ന സമയം ആരാണ് കാര്‍ ഓടിച്ചതെന്നത് സംബന്ധിച്ച മൊഴികളിലെ വൈരുധ്യം പരിഗണിച്ചാണ് നടപടി.

ഡ്രൈവര്‍ അര്‍ജുനായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ബാലഭാസ്‌കറായിരുന്നു ഓടിച്ചിരുന്നതെന്ന് ഡ്രൈവറും മൊഴി നല്‍കിയിരുന്നു.

ALSO READ: ഒരു മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മോദി രാജിവെക്കണം; രൂക്ഷവിമര്‍ശനവുമായി കെജ്‌രിവാള്‍

വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നു എന്നാണ് സാക്ഷികളുടെ മൊഴി. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നല്‍കിയത്

അതേസമയം, മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് വന്നിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ബാലഭാസ്‌കറിന്റെ പിതാവ് കത്തുനല്‍കിയിരുന്നു.

അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നില്‍ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെയും മൊഴികളാണ് നിര്‍ണായകമായത്. ചില മൊഴികള്‍ കൂടി രേഖപ്പെടുത്തിയാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ബാലഭാസ്‌ക്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അപകട സ്ഥലം സന്ദര്‍ശിച്ചു. വാഹനവും ഫൊറന്‍സിക് സംഘവും പരിശോധിച്ചു. പരിക്കുകളും അപകട നടന്ന രീതിയും പരിശോധിച്ച് ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കും. രക്ഷാപ്രവര്‍ത്തിന് ആദ്യമെത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.