രാജസ്ഥാനില്‍ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി പൊലീസ്
national news
രാജസ്ഥാനില്‍ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th June 2025, 8:13 am

ജയ്പൂര്‍: രാജസ്ഥാനില്‍ കന്നുകാലി കടത്താരോപിച്ച് മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി പൊലീസ്. ഡീഗ് ജില്ലയിലാണ് സംഭവം. യുവാവിന് ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിതാവിന് പരിക്കേല്‍ക്കുകയും ചെയ്തു.

ആഷിക് എന്ന യുവാവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് 45000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഏറ്റുമുട്ടലിനിടെയില്‍ യുവാവ് കൊല്ലപ്പെട്ടത്.

ആഷികിനെതിരെ 24ലധികം കേസുകള്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഇയാള്‍ വളരെ കാലമായി ഒളിവിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വാദം.

കന്നുകാലികളെ വിറ്റ് ഉപജീവനം നടത്തുന്ന ഹാഷിമും മകനും കന്നുകാലികളെയും കൊണ്ട് ട്രക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിവെക്കുകയുമായിരുന്നുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തടഞ്ഞ് നിര്‍ത്തിയെന്ന് പറയുന്ന വാഹനം പിടികൂടിയിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം.

കന്നുകാലിക്കടത്ത് ആരോപിച്ച് പിതാവായ ഹാഷിമിനെയും കൊല്ലപ്പെട്ട ആഷികിനെയും അറസ്റ്റ് ചെയ്യുന്നതിനിടെ ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്നാണ് പൊലീസ് ഇയാള്‍ക്കെതിരെ വെടിയുതിര്‍ത്തതെന്നാണ് പറയുന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പഹാരി പൊലീസും സംഘവും ഭാരത്പൂര് റേഞ്ച് സെപഷ്യല്‍ പൊലീസും സംയുക്തമായി സ്വീകരിച്ച നടപടിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വെടിവെപ്പില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് ആഷിക് മരിച്ചത്.

പൊലീസ് രഹസ്യസ്ഥലം റെയ്ഡ് ചെയ്യുകയായിരുന്നുവെന്നും പ്രതികള്‍ ഓടി രക്ഷപ്പെടുന്നതിനിടെ ഇരുവരും പൊലീസിന് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതെന്ന് എസ്.എച്ച്.ഒ യോഗേന്ദ്ര സിങ് പറഞ്ഞു.

പിന്നാലെ ഉടന്‍ പഹാരി ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചുവെന്നും പിന്നാലെ ഭരത്പൂരിലേക്ക് റെഫര്‍ ചെയ്തിനെ തുടര്‍ന്ന് അവിടെ എത്തിച്ചതിന് ശേഷമാണ് ആഷിക് മരിച്ചത്.

Content Highlight: Police shoot dead Muslim youth in Rajasthan on suspicion of cattle smuggling