കൊച്ചി: വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ്. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാന്‍ നിര്‍ദേശമുണ്ട്. മഹാവീര്യര്‍ എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടര്‍ന്ന് പണം നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയില്‍ നിര്‍മാണ പങ്കാളിയാക്കാമെന്നും പറഞ്ഞ് പണം തട്ടിയെന്നാണ് ഇരുവര്‍ക്കുമെതിരായ പരാതി.
നിര്‍മാതാവ് ഷംനാസ് നല്‍കിയ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. ഇരുവരും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ചിത്രത്തിന്റെ സഹനിര്‍മാതാവാണ് പരാതി നല്‍കിയത്.
മഹാവീര്യര്‍ സാമ്പത്തികമായി പരാജയപ്പെട്ടപ്പോള്‍ ഷംനാസിന് 95 ലക്ഷം രൂപ നല്‍കാമെന്ന് ഇരുവരും പറഞ്ഞുവെന്നും ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 1 കോടി 90 ലക്ഷം രൂപ ഷംനാസില്‍ നിന്ന് ഇരുവരും വാങ്ങുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിനിമയാണെന്ന് മറച്ചുവച്ച് നിവിന്റെ പോളി ജൂനിയേര്‍സ് ബാനറില്‍ ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം നേടിയെന്നാണ് പരാതിക്കാരന്റെ അവകാശവാദം.
2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയുടെ അവകാശം ഷംനാസിനും ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പോളി ജൂനിയേര്‍സ് അഞ്ച് കോടിയുടെ ഓവര്‍സീസ് അവകാശം സ്വന്തമാക്കുകയും ഇതില്‍ രണ്ട് കോടി മുന്‍കൂറായി കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.
കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരന്‍ അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നുമായിരുന്നു നേരത്തെ നിവിന്‍ പോളി പ്രതികരിച്ചത്.