ഗണേഷ് കുമാറിനെതിരെ പരാതി ലഭിച്ചാല്‍ മാത്രം കേസെടുക്കുമെന്ന് പൊലീസ്; മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി ഇന്റലിജന്‍സ്
Kerala
ഗണേഷ് കുമാറിനെതിരെ പരാതി ലഭിച്ചാല്‍ മാത്രം കേസെടുക്കുമെന്ന് പൊലീസ്; മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി ഇന്റലിജന്‍സ്
അനിത സി
Tuesday, 10th March 2026, 8:52 am

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കേസെടുക്കില്ലെന്ന് പോലീസ്. കേട്ടുകേള്‍വിയുടെ പേരിലെടുക്കുന്ന കേസ് നിലനില്‍ക്കില്ലെന്നും പങ്കാളിയായ ബിന്ദു മേനോന്റെ പരാതി ലഭിച്ചാല്‍ മാത്രം നടപടി സ്വീകരിക്കുകയുള്ളൂവെന്നും പൊലീസ് നിലപാടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വാളകത്തെ ഗണേഷ് കുമാറിന്റെ വീട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറി.

അദ്ദേഹത്തിന്റെ പങ്കാളി ബിന്ദു മേനോന്‍ പരാതി നല്‍കിയാല്‍ നടപടിയെടുക്കണം. കൈയ്യേറ്റത്തെ കുറിച്ച് പരാതി നല്‍കിയാല്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സംഭവത്തിന്റെ ചിത്രങ്ങളടക്കം പുറത്തുവരാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പങ്കാളി ബിന്ദു മേനോന്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ രംഗത്തെത്തുകയായിരുന്നു.

മുന്‍കൂട്ടി അറിയിക്കാതെ വാളകത്തെ വീട്ടിലെത്തിയപ്പോള്‍  ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫുകള്‍ തടഞ്ഞുവെന്നും ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നും ബിന്ദു മേനോന്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് അടിയന്തര സഹായ നമ്പറില്‍ വിളിച്ചറിയിച്ചു, പൊലീസ് എത്തിയെങ്കിലും നടപടിയൊന്നും എടുക്കാതെ മടങ്ങിപ്പോവുകയായിരുന്നെന്നും മുഖ്യമന്ത്രിയുടെ മകളെ ഉള്‍പ്പടെ ഈ വിവരം അറിയിച്ചിരുന്നുവെന്നും ബിന്ദു മേനോന്‍ ആരോപിച്ചിരുന്നു.

തന്നെ മുമ്പും ഗണേഷ് കുമാര്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. എല്ലാ തെളിവുകളും കയ്യിലുണ്ട്. മന്ത്രിയെയോ സര്‍ക്കാരിനെയോ തകര്‍ക്കുകയെന്നതല്ല ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഇത് കുടുംബ പ്രശ്‌നം മാത്രമാണെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഭാര്യ ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചതെന്നും ആരോപണങ്ങളില്‍ പറയുന്നുണ്ട്.

Content Highlight: Police say they will file a case against Ganesh Kumar only if they receive a complaint

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.