ചെന്നൈ: സംസ്ഥാന പൊലീസിന് കര്‍ശന മുന്നറിയിപ്പുകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വീഴ്ചയും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ശിവഗംഗ ജില്ലയിലെ ക്ഷേത്ര സുരക്ഷാ ജീവനക്കാരന്റെ കസ്റ്റഡി മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
പരാതി നല്‍കാന്‍ വരുന്ന ആളുകളോട് പൊലീസ് മാന്യമായി പെരുമാറണമെന്നും സമയബന്ധിതമായി നടപടിയെടുക്കണമെന്നും എം.കെ. സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്തെ നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ സോണുകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
നിലവില്‍ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന കേസുകള്‍, കോടതി നടപടികള്‍, കസ്റ്റഡിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ എന്നിവയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും സ്റ്റാലിന്‍ നിര്‍ദേശിച്ചു.
കൂടാതെ കസ്റ്റഡി മരണങ്ങള്‍, സ്ത്രീ സുരക്ഷാ കേസുകളിലെ പരാജയങ്ങള്‍, മയക്കുമരുന്ന്, മദ്യ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം മദപുരം കാളിയമ്മന്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന അജിത് കുമാറാണ് കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞയാഴ്ച തിരുപുവനം പൊലീസ് ഒരു മോഷണ പരാതിയില്‍ അജിത് കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു.
കാര്‍ പാര്‍ക്ക് ചെയ്യാന്‍ അജിത്തിന്റെ സഹായം തേടിയ 42കാരിയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. പാര്‍ക്ക് ചെയ്തതിന് ശേഷം കാറിലുണ്ടായിരുന്ന 80 ഗ്രാം ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പരാതി. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും അജിത്തിനെ വീണ്ടും പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു.
പിന്നീട് അജിത്ത് മരിച്ചെന്നെ വിവരമാണ് അറിയാന്‍ കഴിഞ്ഞതെന്ന് കുടുംബം പറയുന്നു. കസ്റ്റഡിയില്‍ വെച്ച് അജിത്ത് ഉള്‍പ്പെടെ നാല് പേര്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടുവെന്ന് സഹോദരന്‍ നവീനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ട് അരമണിക്കൂറോളം വായ മൂടിക്കെട്ടി പൊലീസ് തന്നെ മര്‍ദിച്ചതായും നവീന്‍ പറഞ്ഞു.
ഇതിനിടെ കാര്‍ ഓടിക്കാന്‍ അറിയാത്ത അജിത്ത് പാര്‍ക്കിങ്ങിനായി മറ്റൊരാളുടെ സഹായം തേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതി, ഒരു മോഷണക്കേസിലെ പ്രതിയെ എന്തിനാണ് തീവ്രവാദിയെ പോലെ പരിഗണിച്ചതെന്ന് ചോദിച്ചിരുന്നു.
കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 24 കസ്റ്റഡി മരണങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Content Highlight: Police lapses will not be tolerated; complainants and accused should be treated with respect: Stalin