പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശാേഭ സുരേന്ദ്രന്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍.
ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചെന്നും അതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും സി.ഇ.ഒ അറിയിച്ചു. വിശദമായ അന്വേഷണം നടത്തും, നടപടി വൈകില്ലെന്നും ഖേല്‍ക്കര്‍ പ്രതികരിച്ചു.
പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പണം ലഭിച്ചില്ലെന്നാണ് വയോധിക മൊഴി നല്‍കിയതെന്ന് കളക്ടര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശോഭ സുരേന്ദ്രന്റെ കൂടെ വന്ന ഒരു സ്ത്രീ വയോധികയായ വോട്ടര്‍ക്ക് പണം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പൊലീസിന് അയച്ചിട്ടുണ്ട്.
പണം നല്‍കിയത് വോട്ടിന് വേണ്ടിയാണോയെന്ന വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കളക്ടര്‍ പറയുന്നു.
വിവാദ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ ശോഭ സുരേന്ദ്രന്‍ വോട്ടിന് പണം നല്‍കിയെന്ന പരാതിയുമായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസിനെയും സമീപിക്കുകയായിരുന്നു.
വോട്ടെടുപ്പിന് തലേ ദിവസം പണം നല്‍കിയെന്ന വിവാദം ബി.ജെ.പിയെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
എന്നാല്‍ പണം നല്‍കിയ സ്ത്രീയെ അറിയില്ലെന്നും അവര്‍ കാറിലുണ്ടായിരുന്നില്ലെന്നും ശോഭ സുരേന്ദ്രന്‍ വാദിച്ചിരുന്നു. ഇതിനെ പൊളിക്കുന്ന ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പണം നല്‍കിയ വ്യക്തിയിലേക്കും സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രനിലേക്കും അന്വേഷണം നീങ്ങാനാണ് സാധ്യത.
ബി.ജെ.പി സ്ഥാനാര്‍ത്ഥി വോട്ടിനായി പാലക്കാട് മണ്ഡലത്തില്‍ പണം ഒഴുക്കുകയാണെന്ന പരാതി കഴിഞ്ഞദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭിച്ചിരുന്നു.
‘പണം നല്‍കുന്നെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസുകാര്‍ തന്റെ കാറിനെ പിന്തുടര്‍ന്നത്.
പണം നല്‍കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനെന്ന പേരില്‍ തന്നെ പിന്തുടര്‍ന്ന കാറിലുള്ള യുവാവ് മോശമായ ആംഗ്യം കാണിച്ചു.
ലൈംഗിക അധിക്ഷേപകരമായ ആംഗ്യം കാണിച്ചതുകൊണ്ടാണ് കാറില്‍ നിന്നിറങ്ങിച്ചെന്ന് അവരെ ചോദ്യം ചെയ്തത്. കാറിലുണ്ടായിരുന്നത് വിനേഷ് എന്ന 20ഓളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ്.
കോണ്‍ഗ്രസിന് വേണ്ടി അവരാണ് പണം നല്‍കിയ സ്ത്രീയെ കൊണ്ടുവന്നത്,’ ശോഭ സുരേന്ദ്രന്‍ ആരോപണമുയര്‍ത്തിയിരുന്നു.
Content Highlight: Police instructed to take strict action against money for votes, says Chief Election Officer