ഭോപ്പാല്‍: മനുഷ്യക്കടത്ത് ആരോപിച്ച് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലയാളിയടക്കം മൂന്ന് കന്യാസ്ത്രീകളെയും മഠത്തിലെ എട്ട് വിദ്യാര്‍ഥിനികളെയും കസ്റ്റഡിയിലെടുത്ത് റെയില്‍വെ പൊലീസ്. ഒഡീഷയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളെ അവധിക്ക് തിരികെ നാട്ടിലേക്ക് കൊണ്ടുവിടാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ കസ്റ്റഡിയിലെടുത്തത്.
വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം രണ്ട് കന്യാസ്ത്രീകള്‍ യാത്ര ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇവരെ യാത്രയാക്കാനാണ് മലയാളിയായ മൂന്നാമത് കന്യാസ്ത്രീ ഒപ്പമെത്തിയത്.
എന്നാല്‍ ഇവര്‍ സ്റ്റേഷനിലേക്ക് പ്രവേശിച്ചയുടന്‍ പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മനുഷ്യക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകളോളം ചോദ്യംചെയ്തു. മഠത്തിലെ വിദ്യാര്‍ഥികളാണെന്ന് അറിയിച്ചിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. ഇവരുടെ യാത്രയും മുടങ്ങി.
ഇന്‍ഡോര്‍ രൂപത ബിഷപ്പ് തോമസ് മാത്യു ഉള്‍പ്പെടെയുള്ളവരെ മലയാളി കന്യാസ്ത്രീ വിവരമറിയിച്ചു. ബിഷപ്പിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ഏറെനേരം ചര്‍ച്ച നടത്തിയശേഷമാണ് വിട്ടയച്ചത്.
ഈ സംഭവം തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ബിഷപ്പ് തോമസ് മാത്യു പറഞ്ഞു. ആരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് വ്യക്തമല്ല. എങ്കിലും അത് ആരാണെന്ന് അനുമാനിക്കാനാകും. നിരപരാധികളാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടാലും സമയം, സമാധാനം, പണം എന്നിവയുടെ നഷ്ടം നിലനില്‍ക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
വൈദികരും കന്യാസ്ത്രീകളുമെല്ലാം യാത്രാവേളകളില്‍ ജാഗ്രത പാലിക്കണം. എപ്പോഴും നിരീക്ഷണത്തിലാണുള്ളതെന്നും അനാവശ്യ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അധിക ശ്രദ്ധ ആവശ്യമാണെന്നും രൂപതയിലുള്ളവര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ ബിഷപ്പ് പറഞ്ഞു.
Content Highlight: Police in Madhya Pradesh have taken three nuns, including a Malayali, into custody on charges of human trafficking.