ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പടിഞ്ഞാറേ നടയില്‍ വെച്ച് റീല്‍സ് ചിത്രീകരിച്ച ചിത്രകാരിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ജസ്‌ന സലീമിനെതിരെ പൊലീസ് കേസെടുത്തു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റീല്‍സ് ചിത്രീകരിച്ച സംഭവത്തിലാണ് നടപടി. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി നല്‍കിയത്.
നേരത്തെ ജസ്‌ന ക്ഷേത്രപരിസരത്ത് വെച്ച് കേക്ക് മുറിച്ചതിനും റീല്‍സ് ചിത്രീകരിച്ചതിനുമെതിരെ ഹൈക്കോടതിയില്‍ പരാതിയെത്തിയിരുന്നു.
തുടര്‍ന്നാണ് ഹൈക്കോടതി ഗുരുവായൂര്‍ ക്ഷേത്രത്തിലും സമീപത്തും റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
ഈ ഉത്തരവ് നിലനില്‍ക്കെ ജസ്‌ന വീണ്ടും റീല്‍സ് ചിത്രീകരിച്ചതോടെയാണ് കേസെടുത്തത്. ആര്‍.എല്‍.ബ്രൈറ്റ് ഇന്‍ എന്ന വ്‌ളോഗര്‍ക്കെതിരെയും ജസ്‌നയ്‌ക്കൊപ്പം കേസെടുത്തിട്ടുണ്ട്.
ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരയ്ക്കുന്ന മുസ്‌ലിം പെണ്‍കുട്ടി എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രശസ്തയായ ചിത്രകാരിയാണ് ജസ്‌ന സലീം.
സുരേഷ് ഗോപി അടക്കമുള്ള ബി.ജെ.പി, സംഘപരിവാര്‍ നേതാക്കളുമായും അടുത്തബന്ധമുണ്ട്.
സുരേഷ് ഗോപി എം.പിയുടെ മകളുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജസ്‌ന താന്‍ വരച്ച ശ്രീകൃഷ്ണ ചിത്രം സമ്മാനിക്കുകയും ചെയ്തിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ജാസ്മിന്‍ ജാഫറിനെതിരെയും നേരത്തെ കേസെടുത്തിരുന്നു.
തുടര്‍ന്ന് അഹിന്ദുക്കള്‍ക്ക് ക്ഷേത്രക്കുളത്തിലിറങ്ങാന്‍ അനുമതിയില്ലെന്ന് കാണിച്ച് ദേവസ്വം അഡ്മിനിസിട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കുകയും ക്ഷേത്രം അധികൃതര്‍ ശുദ്ധി കലശവും പ്രത്യേക പൂജയുമടക്കം നടത്തുകയും ചെയ്തിരുന്നു.