എഡിറ്റര്‍
എഡിറ്റര്‍
ദിലീപിനെതിരെ ചുമത്തിയത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍; കുറ്റപത്രം ഉടന്‍
എഡിറ്റര്‍
Wednesday 20th September 2017 10:17am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി പൊലീസ്. ദിലീപിന് ജീപര്യന്തം തടവ് വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ദിലീപിനെതിരായ കുറ്റപത്രം അടുത്ത മാസം 7 ന് മുന്‍പ് സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്.

മറ്റ് പ്രതികള്‍ക്കെതിരായ കുറ്റപത്രവും ഉടന്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ജാമ്യത്തിനു ശ്രമിച്ച ദിലീപിന് തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്.


Dont Miss മുസാഫര്‍നഗര്‍ ബലാത്സംഗം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമം; വ്യാജ വാര്‍ത്ത മെനഞ്ഞത് ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുന്ന വ്യക്തി


കേസിന്റെ സാഹചര്യങ്ങളില്‍ കാതലായ മാറ്റം ഉണ്ടായാല്‍ മാത്രമേ ജാമ്യം പരിഗണിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കുറച്ചുദിവസം ജയിലില്‍ കിടന്നതുകൊണ്ടുമാത്രം സാഹചര്യങ്ങള്‍ മാറിയെന്ന് കരുതാനാകില്ല. അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ലെന്നും കാവ്യ മാധവനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യാനുണ്ടെന്നും ജസ്റ്റിസ് സുനില്‍ തോമസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയപ്പോള്‍ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും കോടതി പറയുകയായിരുന്നു.

പുതിയ ജാമ്യാപേക്ഷയില്‍ ദിലീപിന്റെ അഭിഭാഷകരുടെ വാദം കേട്ടില്ല. കേസ് ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നപ്പോള്‍ തന്നെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്നാണ് കോടതി ആരാഞ്ഞത്. 25നു തിങ്കളാഴ്ച നാദിര്‍ഷായുടെയും കാവ്യാ മാധവന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ പരിഗണിക്കുകയാണെന്നും അതിനുശേഷം 26നു ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും പറഞ്ഞ് കോടതി പുതിയ ഹര്‍ജി മാറ്റിവയ്ക്കുകയായിരുന്നു.

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണ് ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്‌ട്രേട്ട് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നവു.

നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കേസില്‍ 65 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണു ജാമ്യാപേക്ഷയില്‍ ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

Advertisement