അമ്മയുടെ ചികിത്സ ഫണ്ടിനെച്ചൊല്ലി തര്‍ക്കം; യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു
keralanews
അമ്മയുടെ ചികിത്സ ഫണ്ടിനെച്ചൊല്ലി തര്‍ക്കം; യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Saturday, 18th July 2020, 9:25 am

കൊച്ചി: അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന മകളുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു. ഫിറോസ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഫിറോസ് കുന്നംപറമ്പിലിനെ കൂടാതെ സാജന്‍ കേച്ചേരി ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിയെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ചേരാനെല്ലൂര്‍ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. തുടര്‍ന്ന് നിരവധിപേര്‍ വര്‍ഷയെ സഹായിക്കാനായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സഹായിച്ചവര്‍ തന്നെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന് കഴിഞ്ഞ ദിവസം വര്‍ഷ വെളിപ്പെടുത്തിയിരുന്നു.

അതേസമയം വര്‍ഷയ്ക്ക് സഹായവുമായി സാമൂഹിക മാധ്യമങ്ങളിലൂട സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി എത്തിയിരുന്നു.വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഇതിന് പെണ്‍കുട്ടി സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് നിരന്തരം ഭീഷണി മുഴക്കുകയും പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഭീഷണിപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ വര്‍ഷയ്ക്ക് പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അതേസമയം ചികിത്സയ്ക്കായി സാമൂഹ്യമാധ്യമങ്ങള്‍ വഴി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന് പിന്നില്‍ ഹവാല ഇടപാടെന്ന് സംശയിക്കുന്നതായി ഡി.സി.പി ജി. പൂങ്കുഴലി ഐ.പി.എസ് പറഞ്ഞിരുന്നു. ഒരു കോടി രൂപയിലധികമാണ് വര്‍ഷ എന്ന പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്.

ചികിത്സയ്ക്കുള്ള പണം തികഞ്ഞെന്ന് പറഞ്ഞിട്ടും വര്‍ഷയുടെ അക്കൗണ്ടിലേക്ക് വന്‍ തുക എത്തുകയായിരുന്നു. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയത് അസ്വാഭാവികമായാണ് കാണുന്നതെന്ന് ഡി.സി.പി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ