പൊലീസ് ക്രൂരത; യുവാക്കളെ കള്ളക്കേസിൽ കുടുക്കി മർദിച്ചു, പരാതി നൽകിയപ്പോൾ ഒത്തുതീർപ്പാക്കാൻ സമ്മർദം
Kerala News
പൊലീസ് ക്രൂരത; യുവാക്കളെ കള്ളക്കേസിൽ കുടുക്കി മർദിച്ചു, പരാതി നൽകിയപ്പോൾ ഒത്തുതീർപ്പാക്കാൻ സമ്മർദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 8:02 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന്റെ ക്രൂരത. കള്ളക്കേസിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദിച്ച കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് സമ്മർദം ചെലുത്തുന്നതായി പരാതി. മാറനല്ലൂർ പാലക്കുന്ന് സ്വദേശികളായ ശരത്, ശരൺ, അച്ഛൻ ശശി, സുഹൃത്ത് വിനു എന്നിവർക്കാണ് മർദനമേറ്റത്. ക്രൂര മർദനത്തെ തുടർന്ന് കൂലിപ്പണിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ഇവർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

മഫ്തിയിലെത്തിയ പൊലീസുകാരെ തടഞ്ഞെന്ന് ആരോപിച്ചായിരുന്നു ഇവരെ ആക്രമിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായ മർദന മുറകൾ പ്രയോഗിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ യുവാക്കൾ പലയിടത്തും പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. ഇപ്പോൾ പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ഇവർ പറയുന്നു. 16 ദിവസമായിരുന്നു ഇവർ ജയിലിൽ കിടന്നത്.

സ്റ്റേഷനിൽ കൊണ്ടുപോയിട്ട് അതി ക്രൂരമായ മർദനമായിരുന്നു നേരിട്ടതെന്ന് മർദനമേറ്റ യുവാവ് പറയുന്നു. ‘സ്റ്റേഷനിൽ കൊണ്ടുപോയിട്ട് അതി ക്രൂരമായ മർദനമായിരുന്നു നേരിട്ടത്. സ്റ്റേഷന്റെ ബാത്റൂമിനോടടുത്തുള്ള ഭാഗത്ത് സി.സി.ടി.വി ക്യാമറ ഇല്ലായിരുന്നു. അവിടെ വെച്ച് ഒരുപാട് മർദിച്ചു. തേങ്ങ, പൈപ്പ് തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് അടിച്ചു. ഒരാൾ അടിച്ചതിന് ശേഷം വേറൊരാൾ വരും, മാറി മാറി മാരകമായി ആക്രമിച്ചു,’ യുവാവ് പറയുന്നു.

സെറ്റിൽമെന്റിനായി പൊലീസ് പലതവണ സമ്മർദം ചെലുത്തിയെന്നും തങ്ങളുടെ മേൽ ചുമത്തിയ കള്ളക്കേസ് ഒഴിവാക്കി തരാം പോലീസിനെതിരെ കൊടുത്ത കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടതായി യുവാക്കൾ പറയുന്നു. കൂലിപ്പണിക്ക് പോയി ജോലി നോക്കിയിരുന്നവരാണ് ഇവർ. പോലീസിന്റെ ക്രൂര മർദനത്തിൽ ശാരീരികമായി അവശതയിലാണിവർ. ചികിത്സക്ക് പണമില്ല. അതിലുപരി തങ്ങളുടെ കുഞ്ഞുങ്ങളുടെ ചോദ്യം കൂടുതൽ തളർത്തുന്നുവെന്നും അവർ പറയുന്നു.

2024 ഡിസംബർ 22 ന് അർധരാത്രി മഫ്തിയിലെത്തിയ പൊലീസിനെ തടഞ്ഞതോടെയായിരുന്നു ഇവരുടെ ജീവിതത്തിൽ കരിനിഴൽ വീണത്. അർദ്ധരാത്രിയിൽ വീട്ടിലാരോ മതിൽ ചാടിക്കടന്നെന്ന് അയൽവാസി വിളിച്ച് പറഞ്ഞതിന് പിന്നാലെയായിരുന്നു ശരത്തും ശരണും പിതാവ് ശശിയും സുഹൃത്ത് വിനും അവിടേക്ക് പോയത്. വീടിന് സമീപം കണ്ടവരെ ചോദ്യം ചെയ്തു. എന്നാൽ മഫ്തിയിലെത്തിയ പൊലീസായിരുന്നു അതെന്ന് അവർക്ക് അറിയില്ലായിരുന്നു.

രാത്രിയിൽ ഏതെങ്കിലും വീട്ടിൽ ചെല്ലേണ്ട സാഹചര്യം ഉണ്ടായാൽ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ചിരിക്കണമെന്നും വനിതാ ഉദ്യോഗസ്ഥ കൂട്ടത്തിലുണ്ടാകണമെന്നുമാണ് ചട്ടം. എന്നാൽ ഇതൊന്നും പാലിക്കാതെയായിരുന്നു പൊലീസെത്തിയത്.

പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അറിയാതെ തടഞ്ഞതാണെന്ന് ബോധ്യപ്പെട്ടിട്ടും പൊലീസ് ഇവരെ വെറുതെ വിട്ടില്ല. മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് കേട്ടാലറക്കുന്ന തെറി വിളിച്ചു. സ്റ്റേഷനിലെത്തിച്ച് പ്രാകൃത മർദന മുറകൾ നടത്തി.

 

 

Content Highlight: Police brutality; Youths were framed in false cases and brutally beaten, pressured to settle when they filed a complaint