ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസ് മര്‍ദനം; ബസവരാജ് ബൊമ്മൈയെ അപമാനിച്ചെന്ന് പരാതി
national news
ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസ് മര്‍ദനം; ബസവരാജ് ബൊമ്മൈയെ അപമാനിച്ചെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd October 2022, 9:10 am

ബെംഗളൂരു: കര്‍ണാടകയിലെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസിന്റെ മര്‍ദനം. അക്ഷയ് കുമാര്‍ എന്ന പ്രവര്‍ത്തകനാണ് പൊലീസിന്റെ മര്‍ദനത്തിനിരയായത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരായ പേ സി.എം ക്യാമ്പെയിനിലെ ക്യൂ.ആര്‍ കോഡ് പ്രിന്റ് ചെയ്ത ടീഷര്‍ട്ട് ധരിച്ചതിനാണ് ഇയാളെ പൊലീസ് മര്‍ദിച്ചത്.

ഇദ്ദേഹത്തെ ജോഡോ യാത്രക്കിടെ പൊലീസ് മര്‍ദിക്കുന്നതിന്റേയും ടീ ഷര്‍ട്ട് വലിച്ചൂരുന്നതിന്റേയും വീഡിയോയും പുറത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ആണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പ്രവര്‍ത്തകനെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രതികരണം.

സംഭവത്തില്‍ പ്രതിഷേധവുമായി കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധമായിരുന്നു ‘പേ സിഎം’ ക്യാമ്പയിന്‍. യു.പി.ഐ ആപ്പായ പേ ടിഎമ്മിന്റെ ചിഹ്നത്തില്‍ മാറ്റം വരുത്തി ‘പേ സിഎം’ എന്ന തലക്കെട്ടോടെയായിരുന്നു കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നത്. ബി.ജെ.പിയുടെ അഴിമതി സംസ്‌കാരത്തിനെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായായിരുന്നു ഇത്.

ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ’40 പേര്‍സെന്റ് സര്‍ക്കാര്‍’ എന്ന വെബ്‌സൈറ്റിലേക്കാവും എത്തുക. കോണ്‍ഗ്രസ് അടുത്തിടെ നിര്‍മിച്ച വെബ്‌സൈറ്റാണിത്. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ അനുവദിച്ചു നല്‍കാന്‍ വന്‍തുക കൈപ്പറ്റുന്നതായുള്ള അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് ബൊമ്മൈക്കെതിരെ ‘പേ സിഎം’ പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. പൊതുമരാമത്ത് വകുപ്പുകളിലടക്കം പ്രവര്‍ത്തികള്‍ നടക്കണമെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും 40 ശതമാനം കമ്മീഷന്‍ നല്‍കണമെന്ന് കരാറുകാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ‘പേ സിഎം’ ക്യാമ്പയിന്‍.

അഴിമതി ആരോപണങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേരത്തെ പ്രചാരണം ആരംഭിച്ചിരുന്നു. അഴിമതിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരാതി നല്‍കാനും പ്രത്യേകമായി രൂപകല്‍പന ചെയ്ത വെബ്‌സൈറ്റ് (40percentsarkara.com) ഉപയോഗപ്പെടുത്താന്‍ കര്‍ണാടകയിലെ ജനങ്ങളോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പുരോഗമിക്കുകയാണ്. കര്‍ണാടകയില്‍ ഭാരത് ജോഡോയുടെ മൂന്നാം ദിവസമാണിത്. വന്‍ ജന പിന്തുണയാണ് കര്‍ണാടകയിലും ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ കര്‍ണാടകയിലെ ഖാദി ഗ്രാമോദ്യോഗിലെത്തി രാഹുല്‍ ഗാന്ധി ആദരം അര്‍പ്പിച്ചു.

Content Highlight: Police attacking a man while in bharat jodo yatra by rahul gandhi