ഇന്ത്യയിലെ പൊലീസ് എന്താണ് കരുതുന്നത് കൊറോണയെ ലാത്തികൊണ്ട് നേരിടാമെന്നാണോ?
ന്യൂസ് ഡെസ്‌ക്

ലോക്ക് ഡൗണ്‍ കാലത്ത്പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമം രൂക്ഷമായതോടെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. ഈ ആരോഗ്യ അടിയന്തിരാവസ്ഥ കാലത്ത് പുറത്തിറങ്ങുന്നവരെ മര്‍ദിച്ച് അകത്തിരുത്തുന്നതിന് പകരം പൊലീസ് കുറേക്കൂടി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടത് അനിവാര്യമാണ്.

പക്ഷേ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്ക് പോലും മര്‍ദനത്തിന് ഇരയാകേണ്ടി വരുന്ന സാഹചര്യത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ഉള്‍പ്പെടെയുള്ളവര്‍ പൊലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ബംഗളുരുവിലെ സഞ്ജയ് നഗറില്‍ കൊവിഡ് 19 കാലത്ത് കടന്നു കളയാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കര്‍ണാടക പൊലീസ് യുവാവിന് നേരെ വെടിവച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പാല്, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ ഓര്‍ഡറനുസരിച്ച് എത്തിക്കാന്‍പോകുന്നതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇ കൊമേഴ്സ് ഏജന്റുമാര്‍ക്ക് പൊലീസിന്റെ കടുത്ത മര്‍ദനത്തിനും മാനസിക പീഢനത്തിനും വിധേമയാകേണ്ടിവരുന്നുണ്ടെന്ന് വമ്പന്‍ കമ്പനികളായ ബിഗ് ബാസ്‌കറ്റ്, ഫ്രഷ് മെനു, പോര്‍ട്ടിയ മെഡിക്കല്‍ തുടങ്ങിയവയുടെ വക്താക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വീടുകളില്‍ ഇരിക്കുന്നവര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നവര്‍ക്കാണ് ഈ പീഡനം നേരിടേണ്ടി വരുന്നത്. ആശുപത്രികളിലേക്ക് പോകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മര്‍ദനം ഏല്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെ കാല്‍നടയായി വീട്ടിലേക്ക് പോകുന്ന അതിഥി തൊഴിലാളികളെ ഉത്തര്‍പ്രദേശ് പൊലീസ് തവളചാട്ടം ചെയ്യിപ്പിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരു ചക്ര വാഹനങ്ങളില്‍ നിരവധി പേര്‍ കര്‍ഫ്യൂ ലംഘിച്ച് സഞ്ചരിക്കുമ്പോഴാണ് പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കാല്‍നടയായി വീട്ടിലേക്ക് പോകുന്നവരോട് പൊലീസ് അത്യന്തം ഹീനമായ രീതിയില്‍ പെരുമാറിയത്.

പശ്ചിമ ബംഗാളിലെ ഹൗറയില്‍ പാല്‍ വാങ്ങാന്‍ പോയ 32കാരന്‍ പൊലീസ് മര്‍ദനത്തിലാണ് കൊല്ലപ്പെട്ടത് എന്ന ആരോപണം കുടുംബം ഉയര്‍ത്തിയിരുന്നു. തെരുവിലെ ആള്‍ക്കുട്ടം പൊലീസ് ഒഴിവാക്കുന്നതിനിടെ ലാല്‍ സ്വാമിയ്ക്കും മര്‍ദനമേറ്റിരുന്നുവെന്നും ഈ പരുക്കാണ് ലാല്‍ സ്വാമിയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ഇത്തരത്തിലുള്ള പൊലീസ് അതിക്രമത്തിന്റെ അതിരുവിടുന്ന നിരവധി കഥകളാണ് ലോക്ക് ഔട്ട് പശ്ചാത്തലത്തില്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച്ച സാധനങ്ങള്‍ വില വര്‍ധന പരിശോധിക്കാനെത്തിയ കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ അടങ്ങിയ സംഘത്തിന് പൊലീസ് മര്‍ദനം ഏറ്റു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ പുറത്തെത്തുന്നവര്‍ക്ക് നേരെ പൊലീസ്, ചോദ്യവും ഉത്തരവും ഒന്നും ഇല്ലാത്ത രീതിയില്‍ മര്‍ദിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് കിഡ്നിയും തകരാറിലായതിനാല്‍ ഡയാലിസിസ് കഴിഞ്ഞ് തിരികെ വരികയായിരുന്ന തലശ്ശേരി സ്വദേശിയായ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആശുപത്രി രേഖകള്‍ കാണിച്ചിട്ടും പൊലീസ് അത് കണക്കിലെടുത്തില്ല എന്നാണ് യുവാവ് പറഞ്ഞത്. മറ്റേത് സാഹചര്യത്തിലുമെന്ന പോലെ ലോക്ക് ഡൗണ്‍ കാലത്തും ജനങ്ങളുടെ രക്ഷകരാകേണ്ട പൊലീസ് സേനയ്ക്ക് ഒട്ടും ഗുണകരമല്ല ഇത്തരത്തിലുള്ള നീക്കങ്ങള്‍ എന്നാണ് ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍. പൊലീസ് നടപടികളെ കുറിച്ച് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി അറിയിച്ചിരുന്നു.

പൊലീസ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ ചില ഇടങ്ങളില്‍ അതിര് വിടുന്നുണ്ടെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിന് മാത്രമേ ഇത്തരം പ്രവൃത്തികള്‍ ഇടയാക്കുകയുള്ളൂവെന്നും അതിനാല്‍ ഇത് ചെയ്യുന്നവര്‍ തിരിച്ചറിയേണ്ടതുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു. അതിക്രമങ്ങള്‍ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഓഫീസര്‍മാര്‍ക്കും ആണെന്ന് അദ്ദേഹം വ്യക്തമാക്കി. അടച്ചുപൂട്ടലിന്റെ ഈ ഘട്ടത്തില്‍ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാല്‍ ദൃഢമായും പെരുമാറേണ്ടത് ഓരോ പൊലീസുകാരന്റെയും ഉത്തരവാദിത്തമാണെന്ന് ഡി.ജിപി പറഞ്ഞു.

പൊലീസുകാര്‍ ചെയ്ത നല്ല കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാരെയും പാവപ്പെട്ടവരേയും സഹായിക്കാന്‍ പൊലീസ് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പാല്‍ വിതരണക്കാര്‍, മരുന്നും മത്സ്യവും കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളില്‍ പൊലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശവുമായി കേരളത്തിന്റെ ഡിജിപി തന്നെ രംഗത്തെത്തിയത്.

രാജ്യത്തെ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പൊലീസിന് കേവലം രണ്ട് ദിവത്തിനുള്ളില്‍ കടന്ന് പോകേണ്ടി വന്നത് പ്രയാസമേറിയ സാഹചര്യങ്ങളിലൂടെ തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. അതേ സമയം ദിവസങ്ങളുടെ സാവകാശം പോലുമില്ലാതെയാണ് കോടികണക്കിന് ജനങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോയത് എന്നത് പൊലീസും മനസിലാക്കേണ്ടതുണ്ട്. അത് അനിവാര്യവുമായിരുന്നു. അത് കൊണ്ട് തന്നെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരുന്ന ആളുകള്‍ ഉണ്ടായേക്കാം.

അവരെ പറഞ്ഞ് മനസിലാക്കുകയോ കൃത്യമായി സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയോ ചെയ്യേണ്ടത് ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവ് പൊലീസിന് വേണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നുണ്ട്. അതല്ലാതെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്ക് കൊവിഡ് ഭീതിക്കിടെ പൊലീസ് വയലന്‍സിനെക്കുറിച്ചും ഭയപ്പാടുണ്ടാക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന അഭിപ്രായം.

മണിക്കൂറുകള്‍ മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന ജനത കര്‍ഫ്യൂവില്‍ നിന്ന് മണിക്കൂറുകളുടെ സാവകാശത്തിലാണ് രാജ്യം 21 ദിവസത്തേ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോയത്. കൃത്യമായ പ്ലാനിങ്ങുകളുടെ അഭാവത്തില്‍ നടന്ന ലോക്ക് ഡൗണ്‍ ആയത് കൊണ്ട് തന്നെ അതിന്റെ ഉത്തരവാദിത്തതിന്റെ വലിയൊരു ഭാരവും പൊലീസിന്റെ ചുമലില്‍ തന്നെയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ മര്‍ദിച്ചാണോ ഈ സാഹചര്യത്തെ നേരിടേണ്ട് എന്നയിടത്താണ് ചോദ്യം ഉയരുന്നത്.

ആരോഗ്യ അടിയന്തിരാവസ്ഥ എന്നത് എല്ലാ കാലത്തും വിഷമപൂര്‍ണമായ സാഹചര്യം തന്നെയാണ്. പക്ഷേ അത് ജനങ്ങളുടെ തന്നെ നന്മയെ കരുതി ഏര്‍പ്പെടുത്തുന്നതാണ്. ഒരു ശിക്ഷയല്ല അത്. നേരത്തെ തന്നെ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് നേരെ ക അങ ഋചഉഅചഏഋഞകചഏ ഋഢഋഞഥഛചഋ എന്ന നിലയ്ക്കുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കളിയാക്കി വീട്ടിലേക്ക് അയക്കുന്ന തരത്തിലുള്ള ക്രിയേറ്റീവ് ഐഡിയകളുമായി പൊലീസ് മുന്നോട്ട് വന്നിരുന്നു. ഇത്തരത്തിലുള്ള വ്യത്യസ്തമായ ആശയങ്ങള്‍ തന്നെയാണ് പൊലീസ് ഇനിയും ഉപയോഗിക്കേണ്ടത്. അല്ലാതെ ലാത്തികൊണ്ട് കൊറോണയെ നേരിടാന്‍ നിന്നാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ തന്നെ ഇനിയും സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തലുകള്‍.