വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്; സിനിമയില്‍ സ്വാധീനമുറപ്പിക്കാന്‍ വിദേശത്ത് നിന്നും പണമിറക്കിയെന്നും കേസ്
Kerala News
വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്; സിനിമയില്‍ സ്വാധീനമുറപ്പിക്കാന്‍ വിദേശത്ത് നിന്നും പണമിറക്കിയെന്നും കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th May 2022, 11:16 am

കൊച്ചി: ബലാത്സംഗ പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്. വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ ഇയാളെ കണ്ടെത്താനാവുമെന്നാണ് പൊലീസിന്റെ നിഗമനം.

ബ്ലൂ കോര്‍ണര്‍ നോട്ടീസിന് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെന്നും അന്തിമ നടപടികള്‍ പൂര്‍ത്തിയായെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി. യു. കുര്യാക്കോസ് അറിയിച്ചു.

പൊലീസ് തിരയുന്നയാള്‍ ഏത് വിദേശ രാജ്യത്താണെന്നും, എവിടെയെന്നും കണ്ടെത്താനാണ് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കുന്നത്. ഇതുവഴി ആ രാജ്യത്തെ പൊലീസിന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും ചിലപ്പോള്‍ സാധിച്ചേക്കും.

അതേസമയം, വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്‍മേലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് അന്വേഷണ ചുമതലയെന്നും സൂചനയുണ്ട്.

സിനിമാ മേഖലയിലടക്കം സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന കൊവിഡ് ലോക്ഡൗണ്‍ കാലത്തും വിജയ് ബാബു നിര്‍മാണത്തിന് പണം മുടക്കിയെന്നും ഇത് സംശയാസ്പദമാണെന്നും ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്.

സിനിമാ നിര്‍മാണ രംഗത്ത് സ്വാധീനമുറപ്പിക്കാന്‍ വിദേശത്ത് നിന്നുള്ള കണക്കില്‍ പെടാത്ത പണം വിജയ് ബാബു ഇറക്കിയെന്ന സൂചനകളിലും പരിശോധനയുണ്ടാകും. അന്വേഷണ സംഘത്തിന്റെ മുമ്പാകെ തിങ്കളാഴ്ച്ച കീഴടങ്ങണമെന്ന് പൊലീസ് വിജയ് ബാബുവിനോടാവശ്യപ്പെട്ടിരുന്നു.

താനിപ്പോള്‍ ബിസിനസ് ടൂറിലാണെന്നും 19ന് ഹാജരാകാമെന്നുമാണ് വിജയ് ബാബു പൊലീസിനെ അറിയിച്ചത്. എന്നാല്‍, ഇത് തള്ളിയ അന്വേഷണ സംഘം എത്രയും വേഗം നടനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ്.

Content highlight: Police asks Interpol to issue blue corner notice against Vijay Babu