എഡിറ്റര്‍
എഡിറ്റര്‍
സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി തടയണമെന്ന് മുഖ്യമന്ത്രിയോട് സാംസ്‌കാരിക പ്രവര്‍ത്തകര്‍
എഡിറ്റര്‍
Thursday 10th August 2017 8:02am

കൊച്ചി: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിഷേധം. അഭിമുഖം പ്രസിദ്ധീകരിച്ച സമകാലിക മലയാളം വാരികയ്ക്കും അതിന്റെ എഡിറ്റര്‍ സജി ജെയിംസിനും ലേഖകന്‍ പി.എസ് റംഷാദിനും എതിരായ പൊലീസ് നടപടിയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇവരെ പ്രതികളാക്കാനുള്ള പൊലീസ് ശ്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് രാഷ്ട്രീയ, മാധ്യമ, നിയമ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സെന്‍കുമാറിന്റെ അഭിമുഖം സ്വകാര്യ സംഭാഷണമായിരുന്നെന്ന വാദമുയര്‍ത്തിയാണ് മാധ്യമപ്രവര്‍ത്തകരെ കേസിലുള്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നത്.

എന്നാല്‍ ഇത് യുക്തിക്കുനിരക്കുന്നതല്ല എന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറയുന്നത്. ജൂലൈ രണ്ടിന് ടി.പി സെന്‍കുമാറിന്റെ വീട്ടില്‍വെച്ചു നടത്തിയ അഭിമുഖം അദ്ദേഹത്തിന്റെ പൂര്‍ണ അനുവാദത്തോടുകൂടിയായിരുന്നു റെക്കോര്‍ഡ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതെന്ന് സമകാലിക മലയാളം വാരികയും ലേഖകനും അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

അഭിമുഖത്തിന്റെ സൂക്ഷ്മതയും വിശ്വാസ്യതയും ആധികാരികതയും ഉറപ്പുവരുത്തുന്നതിനാണ് മാധ്യമപ്രവര്‍ത്തകര്‍ അതു റെക്കോര്‍ഡു ചെയ്യുന്നത്. ഇനി തനിക്ക് ഒന്നും തുറന്നുപറയാന്‍ തടസമില്ലെന്നും താനീ പറയുന്നതില്‍ പ്രസിദ്ധീകരിക്കാന്‍ പറ്റാത്തതായി ഒന്നുമില്ലെന്നും അഭിമുഖത്തിനിടെ സെന്‍കുമാര്‍ പറയുന്നുണ്ട്. അക്കാര്യവും റെക്കോര്‍ഡ് ചെയ്യപ്പെട്ട ടേപ്പിലുണ്ട്.

അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും തന്നെ സെന്‍കുമാര്‍ നിഷേധിച്ചിട്ടുമില്ലെന്നു മാത്രമല്ല പിന്നീടും ചില വേദികള്‍ ആ നിലപാടുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി അവരുടെ വിശ്വാസ്യതയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താനും മാധ്യമസ്വാതന്ത്ര്യത്തെ പ്രഹസനമാക്കാനുമുള്ള ശ്രമമായേ കാണാന്‍ പറ്റൂവെന്നും ഇവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.


Also Read: ‘സെല്ലുലാര്‍ ജയിലില്‍ പോകൂ അവിടെ മാര്‍ബിളില്‍ 18 കമ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചത് കാണാം; ചരിത്രം ഞങ്ങളുടേത് കൂടിയാണ് സര്‍… ‘; സീതാറാം യെച്ചൂരി, വീഡിയോ


അതുകൊണ്ടുതന്നെ പൊലീസിനെ പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കെ. സച്ചിദാനന്ദന്‍, സക്കറിയ, സാറാ ജോസഫ്, പഴവിള രമേശന്‍, കെ. അജിത, ബി.ആര്‍.പി ഭാസ്‌കര്‍, എസ്. ജയചന്ദ്രന്‍ നായര്‍, ഡോ. സെബാസ്റ്റിയന്‍ പോള്‍, സി. ഗൗരീദാസന്‍ നായര്‍, എം.ജി രാധാകൃഷ്ണന്‍, എം.വി നികേഷ്‌കുമാര്‍, ബി. രാജീവന്‍, ലെനിന്‍ രാജേന്ദ്രന്‍, എസ് ഭാസുരേന്ദ്രബാബു, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

Advertisement