Administrator
Administrator
മാഷേ, കുഞ്ഞുണ്ണി മാഷേ, ഒന്നു നിന്നേ
Administrator
Monday 26th March 2012 9:30pm

അനുഭവം / മോന്‍സി ജോസഫ്

കുഞ്ഞുണ്ണി മാഷിനെ പിന്നെയും കുഞ്ഞുണ്ണി മാഷായി മനസില്‍ ഓര്‍ത്താല്‍ ഒരുത്തരമാണു കിട്ടുക; ആ മനുഷ്യന്‍ സ്‌നേഹമായിരുന്നു. ചെറുതായി വിശദമാക്കാം. ആ മനുഷ്യനെ പോലെ ചെറിയ കുട്ടികള്‍ക്ക് (വലിയ കുട്ടികള്‍ക്കും) ഇന്നാരാണ് കത്തെഴുതുക. അത്രയും പരിഗണന മറ്റാരാണ് കൊടുക്കുക. കത്തുകള്‍ ഇന്ന് ഇല്ലാതെ വന്നതുകൊണ്ടൊന്നുമല്ല. അന്ന് ലോകം മനുഷ്യനെ പരിഗണിച്ചിരുന്നു. കുറ്റം ലോകത്തിന്റേതല്ല, നമ്മുടേതു തന്നെ.

സ്‌നേഹമില്ലാത്ത മനുഷ്യമൃഗങ്ങള്‍ അസംതൃപ്തരായി മരുവുന്ന വൃത്തികെട്ട ഫ്‌ലാറ്റായി മാറി ലോകം എന്ന് ആരെങ്കിലും പറഞ്ഞു കൊള്ളട്ടെ. തെറ്റില്ല. ചുരുക്കം ചില സ്‌നേഹ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്ന് വായനക്കാര്‍ പറഞ്ഞേക്കും. അത് വല്ല ദൈവപ്രചാര വേലയുമായിരിക്കും.

മാഷെ ആദ്യമായി പരിചയപ്പെടുന്നത് മാതൃഭൂമി ബാലപംക്തി വഴി തന്നെയായിരുന്നു. പിന്നെ ആ ബന്ധം മുറിഞ്ഞതേയില്ല. പത്തിരുപതു വയസ്സു പ്രായപൂര്‍ത്തിയായ ഞാന്‍ മാഷെ കാണാന്‍ കോഴിക്കോട്ടു വന്നു, മിഞ്ചന്ത രാമകൃഷ്ണാശ്രമത്തിലെ മാഷിന്റെ മുറിയില്‍. സ്‌നേഹം കൂടിയതേയുള്ളൂ. കണ്ടാല്‍ ഒരു കുട്ടിയുടെ വലിപ്പം. കാല്‍ച്ചുവട്ടില്‍ നിന്ന് ആ കുട്ടി എന്നെ കാണാന്‍ മുകളിലേക്ക് നോക്കി. ഞാന്‍ താഴേക്കും. ശരീരം കൊണ്ടു ചെറുത്. പക്ഷേ ആ മുതിര്‍ന്ന കുട്ടി മനസു കൊണ്ട് എത്ര വലുതെന്ന് പിന്നീട് മനസിലായി മനസിലായി വന്നു. ഓരോ പ്രാവശ്യവും ലോകത്തെ പുതിയ വിശേഷങ്ങള്‍ ഞാന്‍ അറിയുകയായിരുന്നു. മതൃഭൂമിയിലെ എം.ടിയെക്കുറിച്ചും മാതൃഭൂമിയില്‍ വന്നിരുന്ന ഒ.വി വിജയനെക്കുറിച്ചും വളരെ അടുത്തു നിന്നെന്ന പോലെ സംസാരിച്ചു. അങ്ങിനെ വേറെയും പലര്‍…. ആ ശബ്ദത്തില്‍ ലോകത്തെക്കുറിച്ച് ചിരിയും സ്‌നേഹവും നിറഞ്ഞിരുന്നു.

എന്റെ ലോകം വലുതായി വന്നു. മാഷിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ രണ്ടുണ്ടായിരുന്നു ഗുണം. മാഷ് പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ഞാന്‍ പറയുന്ന ചില പൊട്ടും പൊടിയും മുക്കലും മൂളലും ‘ഉവ്വോ’ ‘അങ്ങിനെയോ’ എന്ന മട്ടില്‍ മാഷ് നമ്പൂതിരി ഭാവത്തില്‍ കേട്ടിരുന്നു. ഒപ്പം കല്‍ക്കണ്ടം, ഉമ്മ എന്നിവ തരാതിരുന്നില്ല. അതിലും വലിയ കാര്യം കേള്‍ക്കണോ?. ഒരംഗീകാരം കിട്ടിയ പോലെയായിരുന്നു കോഴിക്കോട്ടു നിന്ന് മരുങ്ങാട്ട്പിള്ളിയിലേക്കുള്ള എന്റെ യാത്ര. ആ അഞ്ചെട്ടു മണിക്കൂര്‍ ബസ് യാത്രയില്‍ ജീവിതം തരക്കേടില്ലെന്നു ഞാന്‍ വിചാരിച്ചു കൊണ്ടിരുന്നു.

കത്തുകള്‍, കത്തുകള്‍. ബാലപംക്തി എഴുത്തു തുടരുന്നു. എന്തിന് ഒരു കഥാസമാഹാരം പോലും വന്നു അറിവിന്റെ വൃക്ഷം. മാഷ് എനിക്കെഴുതി. ‘നിന്റെ കഥയില്‍ അശ്ലീലമുണ്ട്. കഥയില്‍ ഇത്ര മനോഹരമായി അശ്ലീലം മാറ്റാരും എഴുതുന്നില്ലതാനും.’ കത്തുകള്‍ പലതും ഞാന്‍ സൂക്ഷിച്ചു വന്നിരുന്നു. പിന്നതു പൊയ്‌പ്പോയി. മാഷ് പിന്നെ മാവേലിക്കര ഒരാശ്രമത്തില്‍ കുറച്ചു കാലം താമസിച്ചിരുന്നു. ഞാനവിടെ പോയി കണ്ടു. സ്ത്രീ സ്വഭാവത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ഗംഭീരമായ ഒരശ്ലീല നാടന്‍ കഥ പറഞ്ഞതോര്‍മ്മയുണ്ട്. പറയുന്ന രീതി മതപരമായ ഒരു കാര്യം പറയുന്നതു പോലെ അല്ലെങ്കില്‍ ഒരു കുഞ്ഞുണ്ണിക്കവിത ചൊല്ലും പോലെ….

ലോകത്തെക്കുറിച്ച് അന്നൊക്കെ പലതും എത്രയോ നിഷ്‌കളങ്കതയോടെ ഞാന്‍ വിചാരിച്ചു പോയിരുന്നു. എന്റെ അടുപ്പക്കാരോടൊക്കെ ഞാന്‍ മാഷെക്കുറിച്ചു പറഞ്ഞിരുന്നു. കോട്ടയത്തെ എന്റെ ലോഡ്ജില്‍ വന്നതും ഒരു രാത്രി അവിടെ താമസിച്ചതും. അതൊക്കെ എനിക്ക് വലിയ അംഗീകാരമായി ഞാന്‍ മനസില്‍ കൊണ്ടു നടന്നു. പകലും രാത്രിയും സംസാരിച്ചിരിക്കും. രണ്ടു മുതിര്‍ന്ന കുട്ടികള്‍ സംസാരിക്കും പോലെ. മനസില്‍ വരുന്നത് അങ്ങിനെ തന്നെ പറഞ്ഞു കൊണ്ട്. പറച്ചിലല്ല, അത് ഗംഭീരമായ കേള്‍വിയായിരുന്നു. ഒരു പാലത്തിലൂടെ രണ്ടു പേര്‍ പരസ്പരം കേട്ടുകൊണ്ട് നടക്കുന്നതു പോലെ. ‘ഓഹോ’ ‘എന്നിട്ടോ’ പരസ്പരം തൃപ്തിയോടെയാണ്, സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. സ്‌നേഹ തീവ്രതയോടെ രണ്ട് മനുഷ്യ ബിന്ദുക്കള്‍.

എനിക്കു ഒരു കുഞ്ഞുണ്ണി മാഷെയുള്ളൂ. മാഷിന് എന്നെപ്പോലെ വേറെത്രെയോ കുട്ടികള്‍ ഉണ്ടായിരിക്കും, അല്ലേ?. അല്ലേ മാഷേ… സ്‌നേഹത്തിന് നന്ദി എന്ന് പറയാന്‍ കഴിയില്ല. കാരണം, ആ കഥ തുടരുകയാണ്.

വര: നിഷാന്ത്

Advertisement