



| കവിത, പെയിന്റിങ് | കവിത ബാലകൃഷ്ണന്‍ |
(ടി.കെ.പത്മിനിയോട് )
ജന്മാന്തര സോദരീ
ഇന്ന് നമ്മള്‍ കാണുമീ നദിക്കര,
ഒരു മറവിയുടെ മഹാഭൂപടം
ഇവിടം, നീയൊരുനാള്‍ വരച്ചത്,
ഏതു ലോകക്രമത്തിന്‍ കല്‍വിളക്കുകളിവ
ഏതു നാഗക്കുട വിടര്‍ത്തിയ പ്രകാശമിത്
നിന്നെ മറന്നതും, നീ മറി കടന്നതും
ഏതു കട്ടിളപ്പടി, ഏതുമ്മറം,
ഏതു സര്‍ഗ്ഗജീവിതവിജയാനന്ദം,
ആ ലഹരിയതങ്ങനെയുറയും മുന്‍പേ
നിന്നെക്കൊത്തിയെടുത്തകന്നതേതു
മെയ്മാസറാഞ്ചിപ്പക്ഷി,
നമ്മള്‍ കണ്ടുമുട്ടുമീ നദിക്കരയിലിന്ന്!
മരണത്തിന്‍ വേവുമണം മാത്രം!
ജീവനെയൊന്നൊന്നായടര്‍ത്തി
പ്പിരിച്ചെടുത്തെഴുതിയോരറിവിന്‍ ബ്രഹ്മാണ്ഡത്തില്‍ പൂണ്ടുപോയല്ലോ നമ്മുടെയലിവുകള്‍
നഷ്ടപ്രതാപത്തിന്‍ പൊഴിയും തോരണമായ്
ഭാഷതന്‍ ചുടലക്കാട്ടില്‍, മ്യൂസിയങ്ങളില്‍
അലഞ്ഞങ്ങനെ നടപ്പൂ നമ്മുടെ പൊരുളുകള്‍;
ഒപ്പമുണ്ടവയെല്ലാമൊരുനാള്‍ പെരുപ്പിച്ച പുരുഷരും !
നോക്കുവിന്‍, നീയെണ്ണ ചാലിച്ചോരാ
കൊടുംനീല ദേഹം പൂണ്ട ഭഗവതിമാര്‍
ഉടുത്തവര്‍ ഉരിഞ്ഞവര്‍
വിതച്ചവര്‍ മെതിച്ചവര്‍
കൊയ്തവര്‍ കുഴഞ്ഞവര്‍
ഒരു കാടു തന്നെയങ്ങനെ മേലൊഴുക്കിയിട്ടോര്‍
ഇറക്കാലില്‍ വെറുതേ സ്വപ്നം കണ്ടിരുന്നോര്‍
മുലകളാല്‍ മാനം നോക്കിയോര്‍
പക്ഷിപാതാളങ്ങളില്‍ കാല്‍ വിടര്‍ത്തിയ യക്ഷികള്‍
അത്രമേല്‍ മുഖം പൂണ്ടവര്‍, ചിരിച്ചവര്‍
എവിടെപ്പോയവരെല്ലാം
ആര്‍ത്തിതന്നധരവ്യായാമങ്ങളിലോ
പടുകെട്ടിടം പൊതിയും
പ്ലാസ്ടിക്കുതുണികളിലോ
തരിശുപാടപ്പച്ചയിലോ
എങ്ങെല്ലാം വീണുകിടപ്പൂ,
ആ മനുഷ്യര്‍ ക്ഷീണിതര്‍
അങ്ങതാ പ്രേതത്തിന്റെ തലപ്പാവിട്ടു വരുന്നുണ്ട്
സര്‍ഗ്ഗാത്മകരുടെ പുതിയ പുരുഷാരം;
ഇവരെ നിനക്ക് പരിചയം കാണില്ല
അതിലെന്റെ വായനക്കാരനെ നോക്കൂ
പുസ്തകം തലകീഴായ് പിടിച്ച്
ആ താമര വിടര്‍ത്തുന്നു
അതിലെന്റെ കാഴ്ചക്കാരനുമുണ്ടല്ലോ
പര്‍വ്വതമായി മാറിയ കൊടുംതേളിനോടു
ചേര്‍ന്ന്‌നിന്ന് സ്വന്തം ഫോട്ടോയെടുക്കുന്നോന്‍
“ഗോസ്റ്റ് ട്രാന്‍സ് മെമോയര്‍” എന്നുതിരുന്നൂ
ആരുടെയോ അതിജീവനം, അശരീരി;
എതിരേ വരുന്നൂ മറ്റൊരു പുരുഷാരം
ആരുടെയോ പ്രതിഷേധം, അതാണിന്ന്! കവര്‍സ്റ്റോറിയും!
ഹേ ചിത്രകാരീ
ഇരുട്ടിന്റെ തിടമ്പേറ്റിയ കാലത്തെ കൊയ്ത്തുകാരീ
ഒരു നാളൊരു നഗരവസന്തത്തില്‍
നീ വരച്ചതെല്ലാമേതു മാതൃക്രമത്തിന്‍ കല്‍വിളക്കുകള്‍
ഏതു മിന്നാമിന്നി ചൂട്ടു പിടിച്ച നാട്ടുതെളിച്ചം
അവയില്‍ ഇണങ്ങും ആണുപെണ്ണുങ്ങള്‍
പക്ഷീമൃഗാദികള്‍, ജനനമരണമണങ്ങള്‍
മലയിടുക്കുകള്‍, നാഭീമുഖങ്ങള്‍
ഇരുളുകുമിഞ്ഞുവരുന്നതിവയെല്ലാ,
മേതു പെണ്ണിന്റെ മഹാമനുഷ്യപ്പൊരുളില്‍നിന്നും
എന്റെ സ്‌നേഹിതേ, ജന്മാന്തരെ
മഹാമറവിയുടെ ചിത്രമായി
ത്തീര്‍ന്നോരീ നദിക്കരയിലെവിടെയാണ്
നമുക്ക് മുഖം നോക്കാനൊരു
പൊരുളാര്‍ന്ന കല്ല്
ലോകം തിങ്ങിവിങ്ങും
മഹിമയാര്‍ന്നൊരു കണ്ണാടി
