ആലുവ കേസിലെ കുറ്റപത്രത്തിൽ സംശയം പ്രകടിപ്പിച്ച് പോക്സോ കോടതി
crime news
ആലുവ കേസിലെ കുറ്റപത്രത്തിൽ സംശയം പ്രകടിപ്പിച്ച് പോക്സോ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2023, 12:09 pm

ആലുവ: ആലുവയിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രത്തിൽ സംശയം പ്രകടിപ്പിച്ച് പോക്സോ കോടതി. പ്രതി അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ ഐ.പി.സി 376 ലെ ചില ഉപവകുപ്പുകൾ നിലനിൽക്കുമോ എന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്.

ബലാത്സംഗത്തിനിടയിൽ ഉണ്ടായ മുറിവാണ് കുട്ടിയുടെ മരണകാരണം എന്ന ഡോക്ടറുടെ മൊഴി ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു.

വിചാരണയുടെ പ്രാരംഭ നടപടികൾ പൂർത്തിയാക്കിയിരുന്നു. വിചാരണയ്ക്ക് മുന്നോടിയായി പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കേണ്ടതുണ്ട്. തുടർന്നാണ് വിചാരണ നടപടികളിലേക്ക് കടക്കുക. ഇതിനായി കോടതിയിൽ പ്രതിയെ ഹാജരാക്കിയപ്പോഴാണ് കോടതി സംശയം പ്രകടിപ്പിച്ചത്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത് ബലാത്സംഗത്തിനിടയിലുണ്ടായ പരിക്കാണ്. എന്നാൽ ഇത് സ്ഥാപിക്കുന്ന ഒന്നും കുറ്റപത്രത്തിൽ ഇല്ല എന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ രണ്ട് ഉപവകുപ്പുകൾ കോടതി കുറ്റപത്രത്തിൽ നിന്ന് എടുത്തുമാറ്റി മറ്റുരണ്ട് വകുപ്പുകൾ ചേർത്തിരിക്കുകയാണ്.

പ്രതിക്കും സാക്ഷികൾക്കും വേണ്ടി പരിഭാഷകരെ ഏർപ്പെടുത്തിയിരുന്നു. പ്രതിക്കെതിരെ പോക്സോ അടക്കം പത്ത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 28നാണ് ബിഹാർ സ്വദേശിയായ അഞ്ച് വയസ്സുകാരിയെ പ്രതി അസ്ഫാക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.

Content Highlight: POCSO court expressed doubts about the charge sheet in the Aluva case