നിരപരാധിയാണെന്ന് കുറിപ്പ്; പോക്‌സോ കേസ് പ്രതിയായ 72 കാരന്‍ തൂങ്ങി മരിച്ച നിലയില്‍
Kerala News
നിരപരാധിയാണെന്ന് കുറിപ്പ്; പോക്‌സോ കേസ് പ്രതിയായ 72 കാരന്‍ തൂങ്ങി മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th March 2023, 5:15 pm

പത്തനംതിട്ട: വിചാരണ തുടങ്ങാനിരിക്കെ പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍ കുട്ടി(72)യെയാണ് ബുധനാഴ്ച രാവിലെ വീടിന്റെ മുകളിലത്തെ നിലയില്‍ മരിച്ച നിലയില്‍ കണ്ടൈത്തിയത്.

പോക്‌സോ കേസില്‍ നിരപരാധിയാണെന്ന് ഇയാള്‍ പറയുന്ന കുറിപ്പ് കണ്ടെത്തി. തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ പച്ചക്കള്ളമാണെന്നും കേസ് അന്വേഷിക്കുന്ന അടൂര്‍ പൊലീസിനെ ലക്ഷ്യംവെച്ച് ഇദ്ദേഹം എഴുതിയ കത്തില്‍ പറയുന്നു.

വ്യാഴാഴ്ചയാണ് നാരായണന്‍ കുട്ടി പ്രതിയായ കേസില്‍ അടൂരിലെ അതിവേഗ പോക്‌സോ കാടതി വിചാരണ തുടങ്ങുന്നത്. 2019ല്‍ ബന്ധുവായ പെണ്‍കുട്ടിയെ കടന്നുപിടിച്ചു എന്നാണ് കേസ്. 2021 ഒക്ടോബറിലാണ് കേസുമായി ബന്ധപ്പെട്ട പരാതിവരുന്നത്. പെണ്‍കുട്ടിയുടെ അച്ഛനാണ് പരാതിക്കാരന്‍. പെണ്‍കുട്ടിയുടെ അമ്മയാണ് രണ്ടാം പ്രതി. വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് അമ്മക്കെതിരെയുള്ള പരാതി.

എന്നാല്‍, ഈ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കുടുംബവഴക്കിന്റെ പ്രതികാരമായി വന്നതാണെന്നാണ് നാരയണന്‍ കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകണമെന്ന് നാരായണന്‍ കുട്ടിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ഇദ്ദേഹം മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.