ന്യൂദല്‍ഹി: മീ ടൂ ക്യാമ്പെയ്‌നിന്റെ ഭാഗമായി ഉയരുന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മിറ്റിയെ രൂപീകരിക്കണമെന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയതായി റിപ്പോര്‍ട്ട്.
മീ ടൂ ക്യാമ്പയ്‌നിന്റെ ഭാഗമായി ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിരമിച്ച നാലംഗ ജഡ്ജിമാരുടെ കമ്മിറ്റി രൂപീകരിക്കാനുള്ള നിര്‍ദേശമാണ് മനേകാ ഗാന്ധി മുന്നോട്ടുവെച്ചത്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയെന്നാണ് റിപ്പോര്‍ട്ട്.
മാധ്യമപ്രവര്‍ത്തകനായ അഭിസര്‍ ശര്‍മ്മയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് മനേകാ ഗാന്ധിയുടെ നിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്തെന്നും പകരം ക്യാമ്പിനറ്റ് മന്ത്രിമാരുടെ മൂന്നംഗ സംഘത്തെ രൂപീകരിക്കാന്‍ തീരുമാനിച്ചെന്നുമാണ് അദ്ദേഹത്തില്‍ യൂട്യൂബ് ബ്രോഡ്കാസ്റ്റില്‍ ആരോപിക്കുന്നത്.
കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് എന്നിവരടങ്ങിയ കമ്മിറ്റിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.
” എങ്ങനെയാണ് സഹ എം.പിമാരടങ്ങുന്ന ഒരു കമ്മിറ്റിക്ക് നീതിപൂര്‍ണമായ അന്വേഷണം നടത്താനാവുക?” എന്നും അദ്ദേഹം ചോദിക്കുന്നു.
“എന്തിനാണ് നിങ്ങള്‍ ഈ വിഷയത്തില്‍ കൈകടത്തുന്നത്?” എന്നാണ് മനേകാ ഗാന്ധിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്.
“ലൈംഗിക ആരോപണം ഉന്നയിച്ച സ്ത്രീകളുടെ വിശ്വാസ്യതയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംശയം രേഖപ്പെടുത്തി.” എന്നും ശര്‍മ്മ അവകാശപ്പെടുന്നു.
കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ മീ ടൂ ആരോപണങ്ങളെ തുടര്‍ന്ന് രാജിവെക്കേണ്ട സാഹചര്യം വന്നിട്ടും ഈ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട മോദിയുടെ പ്രഖ്യാപിത അവകാശവാദങ്ങള്‍ക്ക് കടകവിരുദ്ധമാണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
