ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീഹിച്ച് കലാ-സാഹിത്യ-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. 700ലധികം പേര്‍ ഒപ്പിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് സ്ത്രീ സംവരണ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ‘വ്യക്തവും പ്രകടവുമായ’ ചട്ടലംഘനമാണെന്നാണ് പരാതിക്കാരുടെ ആരോപണം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ, ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുമായി പ്രധാനമന്ത്രി ഉപയോഗിച്ചു എന്ന് പരാതിയില്‍ പറയുന്നു. ഇത് പെരുമാറ്റച്ചട്ടത്തിലെ സെക്ഷന്‍ VIIന്റെ ലംഘനമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്‍, ആകാശവാണി സന്‍സദ് ടി.വി തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ഭരണകക്ഷിക്ക് അനാവശ്യമായ മുന്‍തൂക്കം നല്‍കുന്നുവെന്നും ഇത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് ആവശ്യമായ ‘തുല്യ അവസരം’ ഇല്ലാതാക്കുന്നുവെന്നും പരാതിക്കാര്‍ വാദിക്കുന്നു.
കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, മുന്‍ ഉദ്യോഗസ്ഥരായ നജീബ് ജങ്, എം.ജി. ദേവസഹായം, എഴുത്തുകാരന്‍ കെ. സച്ചിദാനന്ദന്‍, സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ, അക്കാദമിക് വിദഗ്ധ സോയ ഹസന്‍, സാമൂഹിക പ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, ഹര്‍ഷ് മന്ദര്‍, യോഗേന്ദ്ര യാദവ് തുടങ്ങി 714 പേരാണ് പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്.
പ്രസംഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും അത് നടത്തിയ രീതിയെക്കുറിച്ചും അടിയന്തരമായി അന്വേഷണം നടത്തണം. അന്വേഷണത്തില്‍ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടാല്‍, ഔദ്യോഗിക രേഖകള്‍, സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, മാധ്യമ പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ നിന്ന് ഈ പ്രസംഗം നീക്കം ചെയ്യാന്‍ ഉത്തരവിടുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് ഈ പ്രസംഗം നടത്തിയതെങ്കില്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ദേശീയ മാധ്യമങ്ങളില്‍ തുല്യ സമയം അനുവദിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കാനും എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവസരം ഉറപ്പാക്കാനും കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Content highlight: PM’s speech violates model code of conduct: 700 eminent personalities including writers and social activists approach Election Commission