ന്യൂദല്‍ഹി: ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ സോണിയ ഗാന്ധി.
മോദിയുടേത് ലജ്ജാകരമായ മൗനമാണെന്നും ഇന്ത്യയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ഗസയിലെ ജനങ്ങള്‍ക്ക് അനുകൂലമായി ഇന്ത്യ വ്യക്തവും ധീരവുമായ നിലപാട് സ്വീകരിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
‘ഗസയെക്കുറിച്ചും അവിടെ ഇസ്രഈല്‍ നടത്തുന്ന അതിക്രമത്തെ കുറിച്ചും പ്രധാനമന്ത്രിക്ക് നിലപാടില്ലാത്തത് ഭീരുത്വമാണ്. നമ്മുടെ ഭരണഘടനാ മൂല്യങ്ങളോടുള്ള വഞ്ചന കൂടിയാണ് ഇത്,’ ദൈനിക് ജാഗ്രനില്‍ എഴുതിയ ലേഖനത്തില്‍ സോണിയ പറഞ്ഞു.
‘മനുഷ്യരാശിക്കെതിരായി നടക്കുന്ന ഈ അപമാനത്തിന് മോദി മൂകസാക്ഷിയാകുകയാണ്. ഇത് അംഗീകരിക്കാനാവുന്നതല്ല. ഗസയിലെ ജനങ്ങള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന ക്രൂരവംശഹത്യയ്ക്ക് മുന്‍പില്‍ മോദി പുലര്‍ത്തുന്ന ഈ മൗനം നിരാശാജനകം മാത്രമമല്ല ധാര്‍മികതയ്ക്ക് നിരക്കുന്നതുമല്ല. ഭീരുത്വത്തിന്റെ ഉച്ചസ്ഥായിയിലാണ് അദ്ദേഹം നില്‍ക്കുന്നത്.
ഇന്ത്യ കാലങ്ങളായി പിന്തുടരുന്ന പൈതൃകമുണ്ട്. വ്യക്തതയോടെയും ധൈര്യത്തോടെയും സംസാരിക്കുകയും നിലപാടെടുക്കുകയും ചെയ്യുക എന്നതാണ് അത്. അതിന് നിങ്ങള്‍ തയ്യാറാകണം,’ പ്രധാനമന്ത്രിയോട് സോണിയ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹമെന്ന നിലയില്‍, അതിലുപരി മനുഷ്യരെന്ന നിലയില്‍ ഗസയിലെ ജനതക്കെതിരായി ഇസ്രഈല്‍ നടത്തുന്ന ഈ പ്രതികാര നടപടികള്‍ അങ്ങേയറ്റം ക്രൂരവും കുറ്റകരവുമാണെന്ന് അംഗീകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, 17,000 കുട്ടികള്‍ ഉള്‍പ്പെടെ 55,000ത്തിലധികം ഫലസ്തീന്‍ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്.
ഗസയിലെ മിക്ക കെട്ടിടങ്ങളും ആശുപത്രികളും ഉള്‍പ്പെടെയുള്ളവ നിരന്തരമായ വ്യോമാക്രമണത്തിലൂടെ ഇസ്രഈല്‍ നിലംപരിശാക്കി. ഒരു ജനതയുടെ സാമൂഹിക ഘടന തന്നെ പൂര്‍ണമായും തകര്‍ത്തു.
2023 ഒക്ടോബര്‍ മുതലുള്ള സംഭവങ്ങള്‍ അസ്വസ്ഥത ഉളവാക്കുന്നതാണ്, അടുത്തിടെയായി ആ സ്ഥിതി കൂടുതല്‍ വഷളായി. ഹൃദയഭേദകമായ വാര്‍ത്തകളാണ് അവിടെ നിന്നും വരുന്നത്.
ഇസ്രഈല്‍ പ്രതിരോധ സേന ഗസയില്‍ സൈനിക ഉപരോധം ഏര്‍പ്പെടുത്തി. ജനങ്ങള്‍ക്കുള്ള മരുന്നുകള്‍, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം തടഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തും സാധാരണക്കാരെ കൂട്ടക്കൊല ചെയ്തതും മനുഷ്യനിര്‍മിതമായ ഒരു ദുരന്തത്തിലേക്ക് ഫലസ്തീനെ തള്ളിവിട്ടു. വെള്ളമോ ഭക്ഷണമോ കൊടുക്കാതെ ആളുകളെ പട്ടിണിക്കിട്ട് കൊല്ലുന്ന ഈ തന്ത്രം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്.
ഈ അവസ്ഥയ്ക്കിടയിലും ഐക്യരാഷ്ട്രസഭയില്‍ നിന്നും മറ്റ് അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും ഫലസ്തീന് ലഭിക്കുമായിരുന്ന മാനുഷിക സഹായം ഇസ്രഈല്‍ ഇടപെട്ട് പൂര്‍ണമായും തടഞ്ഞു.
തങ്ങളുടെ കുടുംബങ്ങളിലുള്ളവര്‍ക്ക് ഭക്ഷണം ശേഖരിക്കാനായി കാത്തുനിന്ന നൂറുകണക്കിന് സാധാരണക്കാര്‍ക്ക് നേരെ ഈസ്രഈലി സേന ക്രൂരമായി വെടിയുതിര്‍ത്തു. ഐക്യരാഷ്ട്രസഭ തന്നെ ഈ വിഷയത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഒടുവില്‍ ഇസ്രഈലി പ്രതിരോധ സേനയ്ക്ക് പോലും ആ സത്യം സമ്മതിക്കേണ്ടി വന്നു.
ഇത് വംശഹത്യയാണ്. ഫലസ്തീനികളെ ഗസ മുനമ്പില്‍ നിന്ന് വംശീയമായി ഉന്മൂലനം ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം.
കൊളോണിയല്‍ ചിന്താഗതി മുതല്‍ അത്യാഗ്രഹികളായ ചില റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ വരെ ഇതിന് പിന്നിലുണ്ട്.
ഗസയിലെ സാധാരണക്കാര്‍ക്കെതിരെ നടത്തുന്ന ഈ ആക്രമണങ്ങളില്‍ ഇസ്രഈല്‍ സര്‍ക്കാരിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെട്ടു.
വംശഹത്യ തടയാനും സാധാരണക്കാര്‍ക്ക് അവശ്യ സേവനങ്ങളും മാനുഷിക സഹായങ്ങളും നല്‍കാനും ഇസ്രഈലിനോട് നിര്‍ദ്ദേശിച്ച 2024 ജനുവരി 26 ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവും പൂര്‍ണമായും അവഗണിക്കപ്പെട്ടു.
അമേരിക്കയുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ഇസ്രഈലിന് പ്രോത്സാഹനം നല്‍കുക മാത്രമല്ല, ഇവ നടപ്പിലാക്കുന്നതില്‍ അവരെ സഹായിക്കുകയും ചെയ്തു,’ സോണിയ ഗാന്ധി പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളും സ്ഥാപനങ്ങളും പരാജയമായി മാറിയിരിക്കുകയാണെന്നും ഗസയിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം ഇപ്പോള്‍ ചില രാജ്യങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.
തിരിച്ചടിയുടെ സാധ്യത ഉണ്ടായിരുന്നിട്ടും, അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രഈലിനെ വിമര്‍ശിക്കാന്‍ ദക്ഷിണാഫ്രിക്ക തയ്യാറായി. ഇപ്പോള്‍ ബ്രസീലും അതില്‍ പങ്കുചേര്‍ന്നിരിക്കുന്നു.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ഗസയില്‍ ആക്രമണം പ്രോത്സാഹിപ്പിച്ച ഇസ്രഈല്‍ നേതാക്കള്‍ക്കെതിരെ ബ്രിട്ടണ്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തി.
ഇസ്രഈലിനുള്ളില്‍ പോലും പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നു. ഗസയില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധക്കുറ്റം ഒരു മുന്‍ പ്രധാനമന്ത്രി തന്നെ അംഗീകരിച്ചു.
എന്നാല്‍ മനുഷ്യരാശിക്കെതിരായ ഈ അപമാനത്തിന് ഇന്ത്യ നിശബ്ദ കാഴ്ചക്കാരായി തുടരുന്നു. ഇത് നാണക്കേടാണ്.
ഇന്ത്യ പണ്ടുമുതലേ ആഗോള നീതിയുടെ പ്രതീകമായാണ് നിലകൊണ്ടത്. കൊളോണിയലിസത്തിനെതിരായ പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കിയ, ശീതയുദ്ധകാലത്ത് സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ, ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരായ അന്താരാഷ്ട്ര പോരാട്ടത്തിന് നേതൃത്വം നല്‍കിയ രാജ്യമായിരുന്നു നമ്മള്‍.
നിരപരാധികളായ മനുഷ്യര്‍ ക്രൂരമായി കൊലചെയ്യപ്പെടുന്ന ഒരു സമയത്ത്, ഇന്ത്യയുടെ ഈ നിലപാടില്ലായ്മ നമ്മുടെ ദേശീയ മനസ്സാക്ഷിക്കുമേലുള്ള കളങ്കമാണ്. നമ്മുടെ ചരിത്രപരമായ സംഭാവനകളോടുള്ള അവഗണനയും, നമ്മുടെ ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയുമാണ്.
ഇസ്രഈല്‍- ഫലസ്തീന്‍ വിഷയത്തില്‍ ഉയര്‍ന്നുവന്ന ദ്വിരാഷ്ട്ര പരിഹാരത്തെയും നീതിയുക്തമായ സമാധാനത്തെയും ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ട്.
1974ല്‍ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ ഫലസ്തീന്‍ ജനതയുടെ പ്രതിനിധിയായി ഇന്ത്യ അംഗീകരിക്കുന്നത്. 1988 ല്‍ ഫലസ്തീന്‍ സ്റ്റേറ്റിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നു കൂടിയായിരുന്നു ഇന്ത്യ.
ഗസയിലെ ജനങ്ങള്‍ക്ക് നേരെ ഇസ്രഈല്‍ നടത്തുന്ന നിരന്തരവും വിനാശകരവുമായ ആക്രമണത്തിന് മുന്നില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന ഈ ലജ്ജാകരമായ മൗനം അങ്ങേയറ്റം നിരാശാജനകമാണ്.
ഇത് ഭീരുത്വമാണ്. ഇന്ത്യ ദീര്‍ഘനാളായി പ്രതിനിധാനം ചെയ്യുന്ന പൈതൃകത്തെ മുന്‍നിര്‍ത്തി ഈ വിഷത്തില്‍ വ്യക്തമായും, ധൈര്യത്തോടെയും സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ സോണിയ ഗാന്ധി പറഞ്ഞു.
Content Highlight: PM’s ‘shameful silence’ on Israel’s assault on people of Gaza height of ‘moral cowardice’ Sonia Gandhi