'കര്‍ഷകര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ നേരിട്ടിറങ്ങി മോദി' പ്രതിഷേധം ദല്‍ഹിയില്‍ ചര്‍ച്ച ഗുജറാത്തില്‍
farmers protest
'കര്‍ഷകര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ നേരിട്ടിറങ്ങി മോദി' പ്രതിഷേധം ദല്‍ഹിയില്‍ ചര്‍ച്ച ഗുജറാത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th December 2020, 9:53 am

ഗുജറാത്ത്: കര്‍ഷക പ്രതിഷേധം ശക്തമാകുന്നതിനിടെ ഗുജറാത്തിലെ ചില കര്‍ഷകരെ മാത്രം കാണാന്‍ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ഗുജറാത്തിലെ കച്ചില്‍ ഹൈബ്രിഡ് റിന്യൂവബിള്‍ എനര്‍ജി പാര്‍ക്കിന്റെ ശിലാസ്ഥാപനത്തിന് എത്തുന്ന മോദിയാണ് ആ പ്രദേശത്തെ ചില കര്‍ഷകരെ കാണുമെന്ന് അറിയിച്ചിട്ടുള്ളത്.

കേന്ദ്രത്തിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇരുപത് ദിവസത്തിലേറെയായി കര്‍ഷകര്‍ സമരത്തിലാണെങ്കിലും മോദി ഇതുവരെയും ഇവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ല. അമിത് ഷായും നരേന്ദ്ര സിംഗ് തോമറും രാജ്‌നാഥ് സിംഗുമടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇതുവരെയുള്ള ചര്‍ച്ചകളെല്ലാം നടന്നത്. ഈ ചര്‍ച്ചകളിലൊന്നും പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിനായിരുന്നില്ല.

ഇതിനിടിയില്‍ ഗുജറാത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ചില കര്‍ഷകരെ മാത്രം കാണാനുള്ള മോദിയുടെ നീക്കം വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. കര്‍ഷകര്‍ക്കിടയില്‍ വിഭാഗീതയുണ്ടാക്കാനാണ് മോദിയുടെ നീക്കമെന്നാണ് വിമര്‍ശനമുയരുന്നത്.

കച്ച് അതിര്‍ത്തിയിലെ പഞ്ചാബി കര്‍ഷകരടക്കമുള്ളവരുമായി മോദി ചര്‍ച്ച നടത്തുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

അതേസമയം നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് കച്ചിലെ കര്‍ഷകര്‍ പറയുന്നത്. ‘ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും മോദി ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുത്തിട്ടില്ല. ഇപ്പോള്‍ പ്രധാനമന്ത്രിയായ ശേഷം ഞങ്ങളെ കേള്‍ക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. ഒരു ചര്‍ച്ചക്കും ഞങ്ങളെ ക്ഷണിച്ചിട്ടില്ല.’ പ്രദേശവാസിയായ സുരേന്ദ്ര സിംഗ് ഭുള്ളര്‍ പറഞ്ഞു.

കര്‍ഷകരുമായുള്ള ചര്‍ച്ചയെക്കുറിച്ച് തങ്ങള്‍ക്ക് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ അധികാരികളും പറയുന്നത്. എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നടത്തുന്നതും നിയന്ത്രിക്കുന്നതെന്നും ജില്ലാ വികസന വിഭാഗം ഉദ്യോഗസ്ഥനായ ഭവ്യ വര്‍മ പറഞ്ഞു.

പഞ്ചാബിലെയും ഹരിയാനയിലെയും 245ഓളം സിഖ് കര്‍ഷകരാണ് കച്ചിലുള്ളത്. ഈ കര്‍ഷകരും ഗുജറാത്ത് സര്‍ക്കാരും തമ്മില്‍ 10 വര്‍ഷത്തിലേറെയായി നിയമയുദ്ധത്തിലാണ്. ഗുജറാത്ത് സ്വദേശികളല്ലാത്തതിനാല്‍ ഇവര്‍ക്ക് കൃഷിഭൂമികള്‍ സ്വന്തമാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പാടങ്ങളുടെ രേഖകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരിപ്പിക്കുകയാണ്. ഇതിനെതിരെയാണ് കര്‍ഷകര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PM Narendra Modi to visit farmers in Gujarat while Farmers Protest in Delhi strengthens