ന്യൂദല്‍ഹി: വന്ദേ മാതരത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാമനന്ത്രി നരേന്ദ്ര മോദി. വന്ദേമാതരത്തിലെ പല പ്രധാന ഭാഗങ്ങളും 1937ല്‍ ഒഴിവാക്കിയെന്നും ഇതാണ് വിഭജനത്തിന് വഴിമരുന്നിട്ടതെന്നും മോദി പറഞ്ഞു. ഇത്തരത്തിലുള്ള ഭിന്നിപ്പിക്കുന്ന മനോഭാവം ഇപ്പോഴുമുണ്ടെന്നും ഇത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വന്ദേ മാതരത്തിന്റെ 150ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് മോദി ഇക്കാര്യം പറഞ്ഞത്.
‘വന്ദേ മാതരം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായിരുന്നു. അത് ഓരോ ഇന്ത്യക്കാരന്റെയും വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
നിര്‍ഭാഗ്യവശാല്‍ 1937ല്‍ വന്ദേ മാതരത്തില്‍ നിന്നും ചില പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി. അതിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തി. ഇത് വിഭജനത്തിനുള്ള വിത്തുകള്‍ പാകുകയും ചെയ്തു,’ മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബി.ജെ.പി എം.പി വിശ്വേശര്‍ ഹെഗ്‌ഡെ കരേഗി ജന ഗണ മനയ്ക്ക് പകരം വന്ദേ മാതരം ഇന്ത്യയുടെ ദേശീയഗാനമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യുന്നതിന് വേണ്ടിയാണ് ജന ഗണ മന എഴുതപ്പെട്ടതെന്നും കഗേരി പറഞ്ഞിരുന്നു.
‘ഈ ആവശ്യം കാലങ്ങളായി നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. വന്ദേമാതരത്തിന് അര്‍ഹമായ പ്രാധാന്യം ലഭിക്കണം. മുമ്പ് നമ്മുടെ പൂര്‍വികര്‍ വന്ദേമാതരവും ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യുന്നതിനായി രചിക്കപ്പെട്ട ജന ഗണ മനയുംഒരുമിച്ച് നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. അത് അംഗീകരിക്കപ്പെടുകയും ചെയ്തു,’ എന്നായിരുന്നു കഗേരി പറഞ്ഞത്.
വന്ദേ മാതരത്തിന്റെ പ്രാധാന്യം സ്‌കൂളുകള്‍, കോളേജുകള്‍, യുവാക്കള്‍, പൊതുജനങ്ങള്‍ എന്നിവരിലേക്ക് എത്തണമെന്നും ബി.ജെ.പി എം.പി പറഞ്ഞു.
കര്‍ണാടകയിലെ മുന്‍ സ്പീക്കര്‍ കൂടിയായിരുന്ന കഗേരിയുടെ പ്രസ്താവനയില്‍ വന്‍ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കഗേരിയുടേത് തികച്ചും അസംബന്ധമായ പരാമര്‍ശമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
ആര്‍.എസ്.എസ് നല്‍കുന്ന വാട്സ്ആപ്പ് ചരിത്രമാണ് ബി.ജെ.പിയുടെ അറിവിലുള്ളതെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. 1911ല്‍ രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ ഭാരതോ ഭാഗ്യോ ബിധാതയുടെ ആദ്യ ഖണ്ഡം പിന്നീട് ജന ഗണ മനയായി മാറുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: PM Narendra Modi says important stanzas of ‘Vande Mataram’ dropped in 1937