മധുരൈ: തമിഴ്നാടിന്റെ പുരോഗതിക്കും വികസനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 മാര്‍ച്ച് 1 ഞായറാഴ്ച മധുരൈ വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍, 4,400 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാടിന്റെ വികസനത്തിലൂടെ ഇന്ത്യയുടെ വികസനം എന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളതെന്നും, 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ ഓരോ പൗരനും പ്രചോദിതരാണെന്നും അദ്ദേഹം പറഞ്ഞു.
‘2047ഓടുകൂടി വികസിത രാജ്യം കെട്ടിപ്പടുക്കാന്‍ ഓരോ ഇന്ത്യക്കാരനും പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു. തമിഴ്‌നാടിന്റെ വികസനത്തിലൂടെ ഇന്ത്യയുടെ വികസനമെന്നതാണ് ഞങ്ങളുടെ കൂട്ടായ ലക്ഷ്യം.
ഉത്പാദനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം 2000 വ്യാവസായിക ക്ലസ്റ്ററുകളെ കണ്ടെത്തി പിന്തുണ നല്‍കും. തമിഴ്‌നാട് വിവിധ വ്യവസായങ്ങളുടെ കേന്ദ്രമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. അതിനാല്‍ ഈ പദ്ധതി ഇവിടുത്തെ ഓരോ യുവാക്കള്‍ക്കും പ്രയോജനം നല്‍കുന്നതാണ്,’ മോദി പറഞ്ഞു.
തമിഴ്നാടിനെ ‘അപൂര്‍വ ലോഹ ഇടനാഴി’യുടെ (rare earth corridors) ഭാഗമാക്കുന്നതോടെ വിപുലമായ നിര്‍മാണ, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുപ്രംകുണ്‍ട്രം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി. Photo: Narendra Modi/x.com
കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തിലേറിയ 2014ന് ശേഷം തമിഴ്നാട്ടില്‍ 4,000 കിലോ മീറ്ററിലധികം ദേശീയ പാതകള്‍ നിര്‍മിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
2,100 കോടി രൂപയുടെ മരക്കാനം-പുതുച്ചേരി നാലുവരിപ്പാതയും, 1,800 കോടി രൂപയുടെ പരമകുടി-രാമനാഥപുരം പാതയും വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും വലിയ സഹായമാകും. ഇത് രാമേശ്വരം, ധനുഷ്‌കോടി എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുമെന്നും മധുരൈയില്‍ മോദി പറഞ്ഞു.
തമിഴ്നാടിനായുള്ള റെയില്‍വേ ബജറ്റ് വിഹിതം ഒമ്പത് മടങ്ങ് വര്‍ധിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒമ്പത് വന്ദേ ഭാരത്, ഒമ്പത് അമൃത് ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മ്മിച്ചത് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ്.
ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍ പാലമായ പുതിയ പാമ്പന്‍ പാലത്തെ എന്‍ജിനീയറിങ് വിസ്മയമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ബെംഗളൂരു-ചെന്നൈ, ചെന്നൈ-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ ഈ മേഖലയുടെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദിച്ചനല്ലൂര്‍ പോലുള്ള ചരിത്ര സ്ഥലങ്ങളെ ആഗോള പൈതൃക കേന്ദ്രങ്ങളായി വികസിപ്പിക്കും. പുലിക്കാട്ട് തടാകം, പൊതിഗൈ മല എന്നിവിടങ്ങളില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
തിരുപ്രംകുണ്‍ട്രം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി. Photo: Narendra Modi/x.com
മധുരൈയിലെ പരിപാടികള്‍ക്ക് ശേഷം പ്രധാനമന്ത്രി തിരുപ്രംകുണ്‍ട്രം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
അതേസമയം, തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും മോദി അഴിച്ചുവിട്ടു. ഡി.എം.കെ സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും മോദി പറഞ്ഞു.
മധുരൈയിലെ ജനങ്ങള്‍ എന്നും എം.ജി.ആറിനൊപ്പമായിരുന്നു നിന്നത്, അതുകൊണ്ടാണ് ഡി.എം.കെയ്ക്ക് മധുരൈയെ ഇഷ്ടമല്ലാത്തത്. അതുകൊണ്ട് തമിഴ്‌നാട്ടില്‍ എന്‍.ഡി.എ സര്‍ക്കാരിനെ കൊണ്ടുവരാന്‍ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും സംശുദ്ധമായ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.