ഒഴികഴിവുകളുടെ പച്ചവിറകില്‍ കത്തിതീരാന്‍ വയ്യാത്തതിനാല്‍
Media Freedom
ഒഴികഴിവുകളുടെ പച്ചവിറകില്‍ കത്തിതീരാന്‍ വയ്യാത്തതിനാല്‍
പി.എം ജയന്‍
Monday, 14th February 2022, 6:15 pm
ഭരണകൂടം മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് സഹപ്രവര്‍ത്തകരെ കുടുക്കുന്ന പ്രവണത വര്‍ധിക്കുന്നു. സര്‍ക്കാരിനെ പിന്തുണക്കുന്ന, സംഘപരിവാര്‍ സ്വാധീനമുള്ള മാധ്യമപ്രവര്‍ത്തകരെയാണ് അവരതിന് കൂട്ടുപിടിക്കുന്നത്. അമുസ്‌ലിങ്ങളും ദളിതരുമടക്കം മുന്നൂറില്‍പ്പരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന മീഡിയ വണ്‍ എന്ന സ്ഥാപനമാണ് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്. രാജ്യം അതിസങ്കീര്‍ണമായ വര്‍ഗീയവിഭജന ഘട്ടത്തിലേക്ക് കടക്കുമ്പോഴും വെറും കാഴ്ചക്കാരായി നില്‍ക്കുന്നവരെ കാണുമ്പോള്‍ നാസിവിരുദ്ധ പോരാളിയും കവിയുമായ മാര്‍ട്ടിന്‍ നീംലറിന്റെ 'ഒടുവില്‍ അവര്‍ എന്നെ തേടി വന്നപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല...' എന്ന വരി വീണ്ടും ഓര്‍ക്കേണ്ടിവരുന്നു.

അലന്‍ താഹ അറസ്റ്റുകള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് വിഷയത്തേക്കാള്‍ മുസ്‌ലിം വിഷയമാണ് പ്രവര്‍ത്തിച്ചതെന്നതു പോലെ മീഡിയ വണ്‍ വിഷയവും കുരുങ്ങിക്കിടക്കുന്നത് മുസ്‌ലിം മാനേജ്മെന്റിന് കീഴിലെ ന്യൂസ് ചാനല്‍ എന്നതില്‍ തന്നെയാണ്.

ശേഷിക്കുന്ന സംസ്ഥാനത്തും ഭരണം പിടിച്ചെടുക്കാന്‍ ഐ.ബിയെയും ഇ.ഡിയെയും ആഭ്യന്തരവകുപ്പിനെയും ഉപയോഗിച്ച് സംഘപരിവാര്‍ നടപ്പാക്കുന്ന വിവിധ പരീക്ഷണ മാര്‍ഗങ്ങളിലൊന്നാണ് ഇത്തരം കേസുകള്‍. ന്യൂനപക്ഷ പ്രതിനിധാന ശബ്ദങ്ങളെ നിശബ്ദമാക്കാന്‍, രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാകത്തില്‍ കേസുകള്‍ കെട്ടിച്ചമക്കുന്നു എന്നുമാത്രം.

പലപ്പോഴും കാരണം പോലും വ്യക്തമായിക്കൊള്ളണമെന്നില്ല (മീഡിയ വണിന്റെ രാജ്യദ്രോഹമെന്താണെന്ന് വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ തീരുമാനം കോടതി ശരിവെക്കുന്നതുവരെ വ്യക്തമായിരുന്നില്ല). പലവിധകാരണങ്ങളാല്‍ കേരളത്തില്‍ കുറേക്കൂടി ഹിന്ദു/ മുസ്‌ലിം എന്ന വിഭജനം ആന്തരികമായും ബാഹ്യമായും നടന്നുകൊണ്ടിരിക്കുന്ന കാലമായതിനാല്‍, വിഭജനത്തിന് ആക്കം കൂട്ടാന്‍ ആദ്യം മുസ്‌ലിം മാനേജ്‌മെന്റ് ചാനലിനെത്തന്നെ പിടിക്കുക, അവരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുക എന്നത് സംഘപരിവാര്‍ രാഷ്ട്രീയമാണ്.

കേരളത്തിന്റെ വര്‍ഗീയമായി വിഭജിക്കപ്പെട്ട മനസ്സിനെ ചൂഷണം ചെയ്യാനുള്ള തന്ത്രപരമായ നീക്കം. വിഷയം ഉയര്‍ന്നുവന്നതില്‍പ്പിന്നെ എം.പിമാര്‍ പലരും, പിന്നീട് ഇതരചാനലുകളും ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു എന്നതൊഴിച്ചാല്‍ ഈ വിഷയത്തില്‍ കേരളീയ ഇടത് പൊതുമനസ് പോലും എത്രമാത്രം ‘ജമാഅത്തെ ഇസ്‌ലാമി’യുടെ ചാനലിനൊപ്പമുണ്ട്?

രാജ്യദ്രോഹവും ദേശസുരക്ഷയും എന്ന് കേട്ടാല്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരെപോലെ വികാര വിജൃംഭിതരായി വീഴുന്ന സ്ഥിതി മലയാളിയിലും സംജാതമായിട്ടുണ്ടിപ്പോള്‍. അതിനുവേണ്ട മണ്ണൊരുക്കലിന് പുരോഗമന പാര്‍ട്ടിക്കാരെന്ന് വിളിക്കപ്പെടുന്നവര്‍പോലും നന്നായി പണിയെടുത്തിട്ടില്ലേ? ഒരുകാലത്ത് വോട്ട് ബാങ്കായി ഉപയോഗിച്ച പാര്‍ട്ടിക്കാര്‍തന്നെ മാറിയ ഇന്ത്യന്‍/ കേരളീയ സാഹചര്യത്തില്‍ ഹിന്ദുവോട്ടുകള്‍ ധ്രുവീകരിച്ചെടുക്കുന്നതിനും മുസ്‌ലിം വിഭാഗത്തെ ആഭ്യന്തരമായി വിഭജിപ്പിക്കാനും ജമാഅത്തെ ഇസ്‌ലാമിയെ നിശിതമായി വിമര്‍ശിച്ചത് സംഘിഭാഷ ഉപയോഗിച്ച് തന്നെയായിരുന്നില്ലേ?

അവരന്ന് നടത്തിയ പല പ്രസ്താവനകളും ചാനല്‍ ചര്‍ച്ചയില്‍ ഇന്ന് ക്വാട്ട് ചെയ്യുന്നത് ബി.ജെ.പി പ്രതിനിധികളാണെന്നു കൂടി കാണുമ്പോള്‍ ഇടതുപക്ഷം വിതച്ചത് എത്ര അനായാസമായാണ് സംഘപരിവാര്‍ കൊയ്യുന്നതെന്ന് കാണാം.

നേരത്തെ പോപ്പുലര്‍ ഫ്രണ്ട് നിയന്ത്രണത്തിലെ തേജസ് പത്രം കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് പൂട്ടേണ്ടിവന്നപ്പോള്‍ തീവ്രമുസ്‌ലിം സംഘടനയുടെ പത്രമെന്ന നിലയിലാണ് പൊതുസമൂഹത്തില്‍നിന്ന് അവര്‍ക്ക് പിന്തുണ കിട്ടാതിരുന്നത്.

ഇപ്പോള്‍ ജമാഅത്തെ വിരുദ്ധത ഇടതുപക്ഷംപോലും നന്നായി ഊതിപ്പെരുപ്പിച്ച സാഹചര്യത്തില്‍ മീഡിയ വണ്‍ വിഷയവും അധികം മനുഷ്യരെ ബാധിക്കാത്ത വിഷയമായി മാറാനാണ് സാധ്യത. സോഷ്യല്‍ മീഡിയയിലും മറ്റും മീഡിയ വണ്‍ വിഷയത്തോട് കിട്ടിക്കൊണ്ടിരിക്കുന്ന പ്രതികരണത്തില്‍തന്നെ വര്‍ഗീയ-വിഭജന ചര്‍ച്ചയ്ക്കാണ് മേല്‍ക്കൈ. ചാനലിന് പ്രക്ഷേപണാനുമതി തിരിച്ച് നല്‍കിയാല്‍ പോലും ഇതുയര്‍ത്തിവിട്ട ചര്‍ച്ച സംഘപരിവാറിന് തന്നെയാകും ഗുണം ചെയ്യുക, അല്ലാതെ മതേതര ജനാധിപത്യ പൗരാവകാശ സംരക്ഷണത്തിനായിരിക്കില്ല.

ചിലപ്പോള്‍ ഇത്തരം നിരോധനങ്ങളുടെ പ്രാഥമിക നേട്ടമായി സംഘപരിവാര്‍ കാണുന്നതും വര്‍ഗീയ ചര്‍ച്ചതന്നെയാകും. ഇന്ത്യയില്‍ നരേന്ദ്രമോദി ഭരണത്തില്‍ ഇസ്‌ലാമോഫോബിയയുടെ പാത്തോളജി അപകടകരമായ അവസ്ഥയിലെത്തി നില്‍ക്കുന്നു എന്ന നോം ചോംസ്‌കിയുടെ ഇക്കഴിഞ്ഞ ദിവസമുണ്ടായ മുന്നറിയിപ്പ് കേരളത്തിനും ബാധകമാണ്. (https://www.telegraphindia.com/…/pathology…/cid/1851456) കേരളത്തിനെ കൂടുതല്‍ കൂടുതല്‍ ഇസ്‌ലാമോഫോബിക്കിലേക്ക് തള്ളിവിടാനുള്ള അജണ്ട സെറ്റ് ചെയ്യുന്നതിനു വേണ്ടി കൂടിയാണ് ഈ നിരോധനവും.

തൊട്ടപ്പുറത്ത് കര്‍ണാടകയിലെ ഹിജാബ് ചര്‍ച്ചയും ഈ വിഷയത്തോടൊപ്പം ചേര്‍ത്ത് വായിക്കണം. ഒരു കാലത്ത് ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും വലിയ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന പ്രദേശമായ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍നിന്നാണ് ഹിജാബ് വിഷയം ഉയര്‍ന്നുവന്നത് എന്നത് ഇടതുപക്ഷ മനസ്സുള്ള കേരളത്തിന് ഒരു മുന്നറിയിപ്പ് കൂടിയാണ്.

നേരത്തെതന്നെ കേന്ദ്രസര്‍ക്കാരിനെയും അവരുടെ ചെയ്തികളെയും സെലക്ടീവായി മാത്രം വിമര്‍ശിച്ച് സെല്‍ഫ് എഡിറ്റിങ്ങിന് വിധേയമായിക്കൊണ്ടാണ് കേരളത്തിലെ മിക്ക ചാനലുകളും എന്തിന് പത്രങ്ങള്‍പോലും വാര്‍ത്ത കൊടുത്തുവരുന്നതെങ്കില്‍ മീഡിയ വണ്‍ അതില്‍നിന്ന് വ്യത്യസ്തമായി പലപ്പോഴും അല്‍പം അറഗന്‍സി കാണിക്കാറുണ്ട്. അതിന് കാരണം അവര്‍ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം മാനേജ്മെന്റും അതിനൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കാന്‍ പറ്റുന്ന ക്രഡിബിലിറ്റിയുള്ള ജേര്‍ണലിസ്റ്റുകളും അവിടെയുള്ളതിനാലുമാണ്.

പലതുകൊണ്ടും സംഘപരിവാര്‍ ഭരണകൂടത്തിന് കശ്മീര്‍ ഒരു പരീക്ഷണശാലയായിരുന്നു. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുന്ന കാര്യത്തിലും ഭരണകൂടം ഏതാണ്ട് കളിച്ചു ജയിച്ചുകൊണ്ടിരിക്കുന്ന സ്ഥലമാണ് കശ്മീര്‍. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ടും മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്തും രാജ്യദ്രോഹക്കുറ്റം ചുമത്തിയുമെല്ലാം അവിടെ അവരത് പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ സ്വന്തം മേഖലയ്ക്കു നേരെയായിട്ടുപോലും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കാറേയില്ല.

കേരളത്തിലെ മാധ്യമങ്ങളും ഈ സ്വഭാവത്തില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഒറ്റപ്പെട്ട മാധ്യമങ്ങളിലേ പ്രത്യേകിച്ച് ഓണ്‍ലൈനുകളില്‍ മാത്രമേ ഇത്തരം വാര്‍ത്തകള്‍ കാണാറുള്ളൂ. തങ്ങള്‍ സദാ നിരീക്ഷണവലയത്തിലാണെന്നും സംഘപരിവാറിന് ഹിതകരമല്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് കൂടുതല്‍ ബുദ്ധിമുട്ടിലാകും എന്നറിഞ്ഞുകൊണ്ട് തന്നെയായിരിക്കും മാധ്യമങ്ങള്‍ പലരും വാര്‍ത്തകള്‍ തമസ്‌കരിക്കുന്നത്.

കൊവിഡ് വന്നുപെട്ടതോടെ കശ്മീരിലെ മാധ്യമധ്വംസനം അതിന്റെ തീവ്രത കൈവരിക്കുകയായിരുന്നു. അക്കാലത്ത് ഇന്ത്യയിലെ മാധ്യമങ്ങളുടെ അതിജീവനം സംബന്ധിച്ച് ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രത്യേക ലക്കം തന്നെ ഇറക്കിയിരുന്നു. കൊവിഡ് കാലത്തും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി എങ്ങനെയാണ് ഇന്ത്യന്‍ ഭരണകൂടം മാധ്യമങ്ങളെ നിശബ്ദരാക്കുന്നത് എന്ന കാര്യം രവീഷ് കുമാര്‍, പരഞ്ജോയ് ഗുഹാതാക്കുര്‍ത്ത, എന്‍.പി. രാജേന്ദ്രന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നീ വിഖ്യാത മാധ്യമപ്രവര്‍ത്തകര്‍ വിശദമായി പറയുന്നുണ്ട് അതില്‍.

കശ്മീരിലെ മാധ്യമങ്ങളുടെ അവസ്ഥ സംബന്ധിച്ച് അവിടുത്തെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ അനുഭവങ്ങളുടെ വിവര്‍ത്തനവും ആ ലക്കത്തിലുണ്ടായിരുന്നു (https://www.scribd.com/document/461915175/2020-May-16…). 2020 മെയ് 16ന്റെ ലക്കമായിരുന്നു അത്.

എന്നാല്‍ ഇതിന് പിന്നാലെ ജൂണ്‍ മാസത്തില്‍ ഇറങ്ങിയ ചന്ദ്രിക ആഴ്ചപ്പതിപ്പിന് അതിന്റെ കവര്‍സ്റ്റോറി പിന്‍വലിക്കേണ്ട അത്യധികം വിഷമകരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവന്നു!? കേരളത്തിലെ തിയ്യ സമുദായം എങ്ങനെയാണ് ഘട്ടം ഘട്ടമായി ഹിന്ദുത്വവല്‍ക്കരണത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നത് എന്ന ഗവേഷണവിഷയമായിരുന്നു കവര്‍സ്‌റ്റോറി.

ചരിത്രാധ്യാപകനായ പി.ആര്‍. ഷിത്തോര്‍ എഴുതിയ ലേഖനത്തില്‍ കേരളത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പൂര്‍വസൂരികളുടെ പുസ്തകങ്ങളിലെ ഉദ്ധരണികളായിരുന്നു മുഴുവനും. എന്നിട്ടും തിയ്യ സമുദായത്തെ അവഹേളിക്കുന്നു എന്ന് പറഞ്ഞ് ആഴ്ചപ്പതിപ്പിനെതിരെ സംഘപരിവാര്‍ വിഭാഗം കടുത്ത ഭീഷണി ഉയര്‍ത്തുകയും മാനേജ്മെന്റിനെ പലവിധത്തില്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ചന്ദ്രിക സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകള്‍ക്ക് മുന്നില്‍ സമരമുറകളും തുടങ്ങി. ഒടുക്കം ലേഖനമെഴുതിയ എഴുത്തുകാരന് നേരെ തുടര്‍ച്ചയായ ഭീഷണി ഉയര്‍ന്നതോടെ അദ്ദേഹം സ്വമേധയാ ലേഖനം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു.

മതേതരപുരോഗമനം ഏറെ കൈവരിച്ചെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ 2020ലാണ് ഇത് നടന്നതെന്നോര്‍ക്കണം. ഇവിടെയും മുസ്‌ലിം മാനേജ്മെന്റ് തന്നെയായിരുന്നു പ്രശ്നവല്‍ക്കരിക്കപ്പെട്ടത്. മറ്റൊരു സമുദായത്തെ വസ്തുതകളുടെ പിന്‍ബലത്തില്‍ വിലയിരുത്താന്‍ മുസ്‌ലിം മാനേജ്മെന്റ് പ്രസിദ്ധീകരണത്തിനെ അനുവദിക്കില്ലെന്ന കാര്യമാണ് വിജയിച്ചത്.

കേരളത്തില്‍ വര്‍ഗീയ ചിന്തകള്‍ക്ക് സ്വീകാര്യത ലഭിക്കുന്നു, എന്നതിന്റെ ഒരു തെളിവായാണ് ഇതിവിടെ സൂചിപ്പിച്ചത്. പോരാത്തതിന് സംഘപരിവാര്‍വിരുദ്ധ ജിഹ്വയായ ചന്ദ്രിക ആഴ്ചപ്പതിപ്പ് അച്ചടിയിലേക്ക് തിരിച്ചുവരാത്തത (കൊവിഡിന് ശേഷം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ മാത്രമാണ് വായന) സാമ്പത്തികപ്രശ്‌നം കൊണ്ട് മാത്രമല്ലെന്നും മറ്റ് പല രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഇതിന് പിന്നിലുണ്ടാകാമെന്നും പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ കെ.പി. ശശിയെപ്പോലുള്ളവര്‍ വിലിയിരുത്തിയിരുന്നു.

ഇന്ത്യയിലെ ചെറുപ്രസിദ്ധീകരണങ്ങളെ പോലും, പ്രത്യേകിച്ച് മുസ്‌ലിം മാനേജ്മെന്റിന് കീഴിലുള്ളവയെ കൃത്യമായി ഓഡിറ്റ് ചെയ്യാനുള്ള, വിഭാഗം സംഘപരിവാറിനും കേന്ദ്ര സര്‍ക്കാരിനുമുണ്ട്. അത്തരം പ്രസിദ്ധീകരണങ്ങളെ ഏതുതരത്തില്‍ സമ്മര്‍ദ്ദത്തിലാക്കാം, പിടികൂടാം, നിശ്ചലമാക്കാം എന്നതുതന്നെയാണ് അവരുടെ ലക്ഷ്യവും.

മുസ്‌ലിംപക്ഷ മാധ്യമപ്രവര്‍ത്തനം മെല്ലമെല്ലെ അസാധ്യമായിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍ കശ്മീരിലേക്ക് തന്നെ മടങ്ങിവരാം. മുസ്‌ലിങ്ങള്‍ കൂടുതലുള്ള സംസ്ഥാനമാണ് കശ്മീര്‍. കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരുടെ സുപ്രധാന താവളമായ പ്രസ്‌ക്ലബ് അധികാരികള്‍ അടച്ചൂപൂട്ടി സീല്‍വെച്ച കാര്യംപോലും ഇന്ത്യന്‍ മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല.

ഏറെ വാര്‍ത്താ പ്രാധാന്യമുള്ള ഇടമായതിനാല്‍ ലോകത്തെതന്നെ വിവിധങ്ങളായ മാധ്യമങ്ങളുടെ പ്രതിനിധികള്‍ കശ്മീരിലെത്തിപ്പെടാറുണ്ട്. അവരില്‍ പലര്‍ക്കും സ്വന്തമായി ഓഫീസുകളില്ലാത്തതിനാല്‍ ഈ പ്രസ്‌ക്ലബിലിരുന്നാണ് വാര്‍ത്തകള്‍ തയ്യാറാക്കുന്നതും അയക്കുന്നതും. കശ്മീരിലെ മാധ്യമപ്രവര്‍ത്തനം എത്തിപ്പെട്ട അപകടകരമായ അവസ്ഥ സംബന്ധിച്ച് കാരവനില്‍ ശാഹിദ് തന്ത്രെ ഈയിടെ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു (https://caravanmagazine.in/…/crackdown-on-kashmir…)

മാധ്യമങ്ങളുടെ ദൈനംദിന കാര്യങ്ങളിലും പത്രവിതരണകാര്യത്തിലും ഭരണകൂടം ഇടപെടുന്നതിന്റെ നിരവധി വസ്തുതകളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. പല പത്രങ്ങളും യഥാര്‍ത്ഥ ജേര്‍ണലിസം ഒഴിവാക്കി സര്‍ക്കാരിനെ സ്തുതിക്കുന്ന ഡവലപ്മെന്റ് വാര്‍ത്തകള്‍ കൊടുക്കുന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. ‘കശ്മീരില്‍നിന്നുള്ള പാതിയോളം വാര്‍ത്തകള്‍ വാര്‍ത്താമുറിയില്‍ എത്തുന്നതിന് മുന്‍പേ മരിക്കുന്നു’ എന്നാണ് ഒരു പത്രത്തില്‍ എഡിറ്ററുടെ വിശദീകരണം.

കേന്ദ്രസര്‍ക്കാരിനെതിരെയും നിലവില്‍ കശ്മീര്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെയും വാര്‍ത്തകള്‍ കൊടുക്കുന്നത് അധികാരികള്‍ ഇടപെട്ട് തടയുന്നു. വിമര്‍ശനാത്മക മാധ്യമപ്രവര്‍ത്തനം കുഴിച്ചുമൂടപ്പെട്ടു. പല വെബ്‌സൈറ്റുകളില്‍നിന്നും കശ്മീരുമായി ബന്ധപ്പെട്ട പല പഴയ സ്‌റ്റോറികളും അപ്രത്യക്ഷമാകുന്നു. ഭീകരവിരുദ്ധനിയമം ചുമത്തി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് അവിടെയിപ്പോള്‍ പുതുമയുള്ള കാര്യമേയല്ല.

മാധ്യമപ്രവര്‍ത്തകര്‍ ഇറക്കിയ പോസ്റ്റര്‍ പ്രകാരം അവിടെ യു.എ.പി.എ ചാര്‍ജ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 10 ആണ്. മറ്റ് വകുപ്പുകള്‍ ചാര്‍ത്തപ്പെട്ടവര്‍ 10, റെയ്ഡിന് വിധേയമായ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 12, ചോദ്യം ചെയ്യലിന് വിധേയമാക്കപ്പെട്ടവരാകട്ടെ 15 (അപൂര്‍ണ ലിസ്റ്റാണ്). ഇത്തരത്തില്‍ സദാ മാധ്യമപ്രവര്‍ത്തനത്തെ നിരീക്ഷണ വിധേയമാക്കപ്പെടുന്നതിനാലും പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടിവരുന്നതിനാലും ജേര്‍ണലിസ്റ്റുകള്‍ക്ക് ജോലിയുപേക്ഷിക്കേണ്ടി വരികയാണ്.

2021ലെ ലോകത്തെ ‘പ്രസ് ഫ്രീഡം ഇന്‍ഡക്സ്’ പ്രകാരം 142 ാമത്തെ സ്ഥാനമാണ് ഇന്ത്യക്കിപ്പോഴെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. 180 രാജ്യങ്ങളിലെ കണക്കെടുപ്പില്‍ പത്രസ്വാതന്ത്ര്യം ഇത്ര താഴേക്ക് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തനം അത്യധികം അപകടം നിറഞ്ഞ പ്രഫഷനായി മാറിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ രാജ്യത്തെന്ന് വ്യക്തം(https://rsf.org/en/ranking/2021).

അതിനിടയില്‍ ‘റൈറ്റ് ആന്റ് റിസ്‌ക് അനാലിസിസ് ഗ്രൂപ്പ്’ പുറത്തുവിട്ട 2021ലെ ഇന്ത്യ പ്രസ് ഫ്രീഡം റിപ്പോര്‍ട്ട് പ്രകാരം 13 മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും ആറുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 108 മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കാര്യത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിവരുന്നു എന്നും ഇവര്‍ നിരീക്ഷിക്കുന്നു.

കശ്മീരിന് പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ത്രിപുര എന്നിവയാണ് ഇത്തരം കേസുകളുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങള്‍. ഓരോ സംസ്ഥാനത്തെയും വിശദമായ വിവരക്കണക്കുകള്‍ റിപ്പോര്‍ട്ടിലുണ്ട്(https://currentaffairs.adda247.com/india-press-freedom-report-2021/).

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഇല്ലാതാക്കുന്നതിന് വിവിധ മാര്‍ഗങ്ങളാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഒറ്റപ്പെട്ട മാധ്യമങ്ങള്‍ മാത്രമേ സ്വതന്ത്രനിലപാടില്‍ സര്‍ക്കാര്‍ വിമര്‍ശനവുമായി മുന്നോട്ട് പോകുന്നുള്ളുവെങ്കിലും അവരെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് റെയ്സ് നടത്തിയും കേസ് ചാര്‍ജ് ചെയ്തും മറ്റും വേട്ടയാടുകയാണ്.

എന്‍.ഡി.ടി.വി, ദി വയര്‍, കാരവന്‍, ന്യൂസ് ക്ലിക്ക്, ദി ക്വിന്റ്… എന്നിങ്ങനെ നീളുന്നു വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുന്ന മാധ്യമങ്ങളുടെ നിര. എണ്ണത്തില്‍ ന്യൂനപക്ഷമായ അത്തരം മാധ്യമങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കമാത്രമാണ് ബാക്കി.

ഭരണകൂടം മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് സഹപ്രവര്‍ത്തകരെ കുടുക്കുന്ന പ്രവണതയും വര്‍ധിക്കുന്നു. സര്‍ക്കാരിനെ പിന്തുണക്കുന്ന, സംഘപരിവാര്‍ സ്വാധീനമുള്ള മാധ്യമപ്രവര്‍ത്തകരെയാണ് അവരതിന് കൂട്ടുപിടിക്കുന്നത്. കശ്മീരില്‍ പ്രസ് ക്ലബ് അടച്ചുപൂട്ടുന്നതിന് സര്‍ക്കാര്‍ സംവിധാനത്തിന് സഹായം ചെയ്തുകൊടുത്തത് ടൈംസ് ഓഫ് ഇന്ത്യയിലെ ജേര്‍ണലിസ്റ്റ് സലിം പണ്ഡിറ്റാണെന്ന് കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ വിഷയം മലയാളി ജേര്‍ണലിസ്റ്റ് സിദ്ദീഖ് കാപ്പന്റെ അറസ്റ്റിന് പിന്നിലും നടന്നതായി ഈയിടെ ന്യൂസ് ലോണ്‍ട്രി വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.(https://www.newslaundry.com/…/how-a-malayala-manorama…)

സിദ്ദീഖ് കാപ്പന്റെ അറസ്റ്റിന് പിന്നില്‍ മനോരമയിലെ ലേഖകനായ വിനു വിജയന്റെ മൊഴി നിര്‍ണായകമായിരുന്നു എന്നാണ് വാര്‍ത്ത. ഭരണകൂടം അവര്‍ക്കിഷ്ടമില്ലാത്ത മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും തകര്‍ക്കാനുപയോഗിക്കുന്ന നീചമായ മാര്‍ഗങ്ങളിലൊന്നാണിത്. സംഘപരിവാര്‍ അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍, മാധ്യമസ്ഥാപനങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന അവിശ്വസനീയമായ മാറ്റത്തെക്കുറിച്ച് വായിച്ചാലറിയാം നമ്മുടെ ജനാധിപത്യം തിരിച്ചുപിടിക്കാനാവാത്തവിധം അപകടത്തിലേക്കാണ് കടന്നുചെല്ലുന്നതെന്ന് മനസ്സിലാക്കാന്‍.

ഏറെ സമയമെടുത്ത് റിസര്‍ച്ച് ചെയ്ത് ഇത്തരം മാധ്യമപഠനം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന അപൂര്‍വം മാധ്യമങ്ങളിലൊന്നാണ് മലയാളിയായ വിനോദ് കെ. ജോസ് എക്സിക്യൂട്ടീവ് എഡിറ്ററായ കാരവന്‍ മാഗസിന്‍. നമ്മുടെ സമീപ സംസ്ഥാനമായ തമിഴ്നാട്ടിലെ ചാനലുകളിലെ ഹിന്ദുത്വ ശുദ്ധീകരണ പ്രവര്‍ത്തനത്തെക്കുറിച്ച് 2020 ഡിസംബറിലെ കാരവനില്‍ പ്രത്യേക ലേഖനം തന്നെയുണ്ട് (https://caravanmagazine.in/media/hindu-right-bjp-purge-news-18-tamil-television-newsrooms).

കേരളത്തിലെ മാധ്യമങ്ങളുടെ അധോലോകങ്ങളില്‍ നടക്കുന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് ആരെങ്കിലും പഠനം നടത്തിയതായി അറിവില്ലെങ്കിലും അത്തരമൊരു റിപ്പോര്‍ട്ടിന് ഏറെ സാധ്യതയുണ്ട്.

കാരവന്റെ തന്നെ 2021 ഡിസംബര്‍ ലക്കവും ‘മീഡിയ’ കേന്ദ്രീകരിച്ചായിരുന്നു. സീരിയസായി പത്രം വായിക്കുന്ന മലയാളികള്‍പോലും പൊതുവെ നിര്‍ദേശിക്കപ്പെടുന്ന പത്രമാണ് ദി ഹിന്ദു. ആ ഹിന്ദുവിന്റെയും ഔട്ട്‌ലുക്കിന്റെയും സമഗ്രചരിത്രമാണ് പ്രസ്തുത ലക്കത്തില്‍. മറ്റു പല മാധ്യമസ്ഥാപനത്തെയും പോലെ ദി ഹിന്ദുവും സംഘപരിവാര്‍ ഭരണകൂടത്തിന് മുന്നില്‍ മുട്ടുമടക്കുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് കവര്‍ സ്റ്റോറി (https://caravanmagazine.in/…/the-hindu-soul-modi-malini…). മുസ്‌ലിം വാര്‍ത്തകള്‍ കൊടുക്കുന്ന കാര്യത്തിലും മറ്റും ഹിന്ദുവിന് വന്നുകൊണ്ടിരിക്കുന്ന തന്ത്രപരമായ മാറ്റങ്ങള്‍ക്കെതിരെ ഈയിടെ പലരും വിമര്‍ശനമുയര്‍ത്തിയിരുന്നു.

തങ്ങള്‍ക്ക് ഇപ്പോഴും ഭരണസാന്നിധ്യമില്ലാത്ത കേരളവും തമിഴ്‌നാടും എങ്ങനെ വരുതിയിലാക്കാമെന്ന് സദാ ചിന്തിക്കുന്നവരാണ് സംഘപരിവാര്‍ മെഷിനറി. അതിനായി പുതിയ സ്ട്രാറ്റജികള്‍ അവര്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മാധ്യമങ്ങള്‍ പലതും അവര്‍ക്കുവേണ്ടി പരോക്ഷമായിത്തന്നെ ഏറെക്കാലമായി ജോലി ചെയ്യുന്നുണ്ട്. ചാനലുകളില്‍പോലും സംഘപരിവാര്‍ വാര്‍ത്തകള്‍ക്കും അവരുടെ ശബ്ദങ്ങള്‍ക്കും കൂടിയ അളവില്‍ സ്വീകാര്യത കിട്ടുന്നതും ബോധപൂര്‍വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതിന്റെയെല്ലാം പ്രതിഫലനങ്ങളാണ് സാധാരണ മനുഷ്യരിലടക്കം മുന്‍പൊന്നുമില്ലാത്തവിധം ഇസ്‌ലാം വിരുദ്ധതയും (ഇസ്‌ലാമോഫോബിയ) എന്തിനെയും അപരവല്‍കരിച്ച് കാണാനുള്ള പ്രവണതയും വര്‍ധിക്കുന്നത്.

ബോധപൂര്‍വമായ അത്തരം ഇടപെടലിന്റെ മറ്റൊരു തലം എന്ന നിലയിലാണ് മീഡിയ വണിനെതിരായ നീക്കത്തെയും കാണേണ്ടത്. അമുസ്‌ലിങ്ങളും ദളിതരുമടക്കം മുന്നൂറില്‍പ്പരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്.

വിഷയത്തെ അതിന്റെ വിശാലമായ രാഷ്ട്രീയമെറിറ്റില്‍ ഉള്‍ക്കൊള്ളാതെ ‘ജമാഅത്തെ ഇസ്‌ലാമി’യില്‍ ചുരുക്കിക്കെട്ടി ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാനാണ് പലരും ശ്രമിക്കുന്നത്. രാജ്യം അതിസങ്കീര്‍ണമായ വര്‍ഗീയവിഭജന ഘട്ടത്തിലേക്ക് കടക്കുമ്പോഴും വെറും കാഴ്ചക്കാരായി നില്‍ക്കുന്നവരെ കാണുമ്പോള്‍ നാസിവിരുദ്ധ പോരാളിയും കവിയുമായ മാര്‍ട്ടിന്‍ നീംലറിന്റെ ‘ഒടുവില്‍ അവര്‍ എന്നെ തേടി വന്നപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…’ എന്ന വരി വീണ്ടും ഓര്‍ക്കേണ്ടിവരുന്നു.

സംഘപരിവാര്‍ ഫാഷിസകാലമാകുമ്പോള്‍ അവരുടെ ആദ്യ ടാര്‍ഗറ്റ് മുസ്‌ലിങ്ങളാണെങ്കില്‍, അതിന് പിന്നാലെ സര്‍ക്കാര്‍ വിമര്‍ശനം അതിരുവിടുന്ന മറ്റ് മതക്കാരുടെയും കമ്യൂണിസ്റ്റുകാരുടെയുമൊക്കെ സ്ഥാപനങ്ങളിലേക്ക് ഇരച്ചുകയറിയേക്കും. ഇത്തരം ചിന്തകള്‍ക്ക് പോലും ഇടം കൊടുക്കാതെ മൗനിബാബകളായി കഴിയുകയാണ് പലരും.

‘ഒഴികഴിവുകളുടെ പച്ചവിറകില്‍ നമ്മുടെ ജന്മദീര്‍ഘമായ ശവദാഹത്തെക്കുറിച്ച് (കൊച്ചിയിലെ വൃക്ഷങ്ങള്‍) കെ.ജി.എസ് പണ്ടേ എഴുതിയിട്ടുണ്ട്.

എണീക്കാന്‍ ധൃതിപ്പെടേണ്ട
സമയമുണ്ടല്ലോ വേണ്ടുവോളം
ല്ലേ …


Content Highlight: PM Jayan on Media one ban and Media freedom in India

പി.എം ജയന്‍
ചന്ദ്രിക ആഴ്ചപതിപ്പില്‍ സബ് എഡിറ്റര്‍