പാലക്കാട്: ചാനല്‍ ചര്‍ച്ചക്കിടെയുണ്ടായ കൈയേറ്റത്തില്‍ ബി.ജെ.പി നേതാവ് പ്രശാന്ത് ശിവനെ പരിഹസിച്ച് എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം നേതാവുമായ പി.എം. ആര്‍ഷോ.
‘ചാണകത്തില്‍ ചവിട്ടതിരിക്കുക’ എന്നതുപോലെ തന്നെ ‘ചാണകത്തെ ചവിട്ടാതിരിക്കുക’ എന്നതും ചിലര്‍ സന്ദര്‍ഭങ്ങളില്‍ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണെന്ന് ആര്‍ഷോ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ആര്‍ഷോയുടെ പ്രതികരണം.
മനോരമയുടെ വോട്ടുകവല എന്ന പരിപാടിക്കിടെയാണ് ബി.ജെ.പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കൂടിയായ പ്രശാന്ത് ശിവന്‍ പി.എം. ആര്‍ഷോയെ കൈയേറ്റം ചെയ്തത്. പാലക്കാട് നഗരസഭയില്‍ സി.പി.ഐ.എമ്മിന് പത്ത് സീറ്റ് തികച്ച് നേടാൻ സാധിക്കില്ലെന്നും അഥവാ അങ്ങനെ നേടിയാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പ്രശാന്ത് ശിവന്‍ വെല്ലുവിളിച്ചിരുന്നു.
ഇതിന് മറുപടി പറയാനുള്ള ആര്‍ഷോയുടെ അവസരത്തിലും പ്രശാന്ത് ശിവന്‍ സംസാരം തുടരുകയായിരുന്നു. പിന്നാലെ കൈയേറ്റം ചെയ്യുകയുമായിരുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകരെത്തി പ്രശാന്ത് ശിവനെ തടയുകയും ചെയ്തിരുന്നു.
പ്രശാന്ത് ശിവന്‍ ബി.ജെ.പിയുടെ ജില്ലാ അധ്യക്ഷനാണ്. അദ്ദേഹം പറഞ്ഞ വാക്കുകള്‍ നഗരസഭയിലെ ജനങ്ങള്‍ കേട്ടിട്ടുണ്ട്. ആര്‍.എസ്.എസുകാരുടെയും ബി.ജെ.പിക്കാരുടെയും നിലവാരം എന്താണെന്ന് അവര്‍ വിലയിരുത്തട്ടെ എന്ന ആര്‍ഷോയുടെ പരാമര്‍ശത്തില്‍ പ്രകോപിതനായ പ്രശാന്ത് ശിവന്‍ ആര്‍ഷോയുടെ ഡയസിനരികിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്.
ഇതിനിടെ പ്രശാന്ത് ശിവന്‍ മോശം പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് മറ്റു സി.പി.ഐ.എം പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ പ്രശാന്ത് ശിവനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പ്രശാന്ത് ശിവന് കാര്യങ്ങള്‍ സംസാരിക്കാന്‍ അറിയില്ലെന്നും ജിമ്മില്‍ പോകാന്‍ മാത്രമേ കഴിയുകയുള്ളുവെന്നുമാണ് വിമര്‍ശനം. നാലക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്ത സംഘിയോട് എന്ത് സംവാദമെന്നാണ് ഒരാളുടെ ചോദ്യം.
ശാഖയില്‍ ഓരിയിടുന്നത് പോലെയാണ് പ്രശാന്ത് ശിവന്‍ പൊതുസ്ഥലങ്ങളില്‍ ഓരിയിടുന്നതെന്നും വിമര്‍ശനമുണ്ട്. ചോറാണെന്ന് കരുതി ചാണകം കഴിക്കുന്നവരാണ് സംഘികളെന്നും അവരോട് തര്‍ക്കിക്കരുതെന്നും ചിലര്‍ പറയുന്നു.
ആര്‍ഷോയെ വിമര്‍ശിച്ചും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരായ ആര്‍ഷോയുടെ മുന്‍കാല പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍-കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള വിമര്‍ശനം.