137 വര്‍ഷത്തെ യാത്രയില്‍ നിന്ന് മൗലാന ആസാദിനെ ഒഴിവാക്കി കോണ്‍ഗ്രസ് പ്ലീനറി പരസ്യം; വിവാദമായതോടെ പ്രതികരണവുമായി കോണ്‍ഗ്രസ്
national news
137 വര്‍ഷത്തെ യാത്രയില്‍ നിന്ന് മൗലാന ആസാദിനെ ഒഴിവാക്കി കോണ്‍ഗ്രസ് പ്ലീനറി പരസ്യം; വിവാദമായതോടെ പ്രതികരണവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th February 2023, 5:18 pm

ന്യൂദല്‍ഹി: 85ാമത് പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പരസ്യത്തില്‍ നിന്നും മൗലാന ആസാദിനെ ഒഴിവാക്കി കോണ്‍ഗ്രസ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ പാരമ്പര്യത്തെയും പ്ലീനറി സമ്മേളനത്തെയും സൂചിപ്പിക്കുന്ന പരസ്യത്തില്‍ നിന്നാണ് മൗലാന ആസാദിനെ ഒഴിവാക്കിയത്.

പ്ലീനറി സമാപനത്തിന്റെ ഭാഗമായി ഞായറാഴ്ച പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ നിന്നാണ് സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ ചിത്രം ഒഴിവാക്കിയത്.

മുന്‍ പ്രധാനമന്ത്രി നരസിംഹറാവു ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങള്‍ ചേര്‍ത്തപ്പോഴാണ് ആസാദ് പുറത്തായത്. ഗാന്ധിജി, ജവഹര്‍ ലാല്‍ നെഹ്‌റു, ഡോ.ബി.ആര്‍. അംബേദ്ക്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സരോജിനി നായിഡു, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവരാണ് ചിത്രത്തിലുള്ള മറ്റുള്ളവര്‍.

ഇവിടെയാണ് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാന ആസാദിനെ ഒഴിവാക്കിയത്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സജീവ പങ്കാളിയായിരുന്ന കോണ്‍ഗ്രസിന്റെ ശക്തമായ നേതാവിനെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയതിലും നരസിംഹ റാവുവിനെ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

നെഹ്‌റുവിനും ഗാന്ധിക്കുമൊപ്പം തലയെടുപ്പോട് കൂടി നില്‍ക്കേണ്ട വ്യക്തിയെയാണ് കോണ്‍ഗ്രസ് മറന്നതെന്നും നരസിംഹ റാവുവിനുള്ള പ്രാധാന്യം പോലും ആസാദിനില്ലേ എന്നുമുള്ള വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

എന്നാല്‍ സംഭവത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിശദീകരണവുമായി രംഗത്തെത്തി. മാപ്പില്ലാത്ത കുറ്റമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. സംഭവത്തിലെ ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം  അറിയിച്ചു.

‘ഇന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ പരസ്യത്തില്‍ മൗലാനാ ആസാദിനെ ചേര്‍ത്തിരുന്നില്ല. മാപ്പര്‍ഹിക്കാത്ത വീഴ്ചയാണിത്. ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഏറ്റവും ആത്മാര്‍ത്ഥമായ ക്ഷമാപണമാണിത്. മൗലാനാ ആസാദ് എന്നും നമ്മുടെയും ഇന്ത്യയുടെയും പ്രതീകവും പ്രചോദനവുമായി തുടരും,’ ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

നരസിംഹറാവുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജിലിസ്-എ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) രംഗത്തെത്തി.

മതനിരപേക്ഷതയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പി.വി നരസിംഹറാവുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്ത നരസിംഹറാവുവിനെ പോലെയൊരു വ്യക്തിയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നായിരുന്നു എ.ഐ.എം.ഐ.എമ്മിന്റെ വാദം.

content highlight: Plenary Ad exempts Maulana Azad from journey of 137 years; Controversy with response