ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച രണ്ടാമത് റണ്‍ വേട്ടക്കാരന്‍ റോസ് ടെയ്‌ലറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവാണ് ഇപ്പോള്‍ കായിക ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.
എന്നാല്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി 18,199 റണ്‍സ് നേടിയ ന്യൂസിലാന്‍ഡ് ജേഴ്‌സിയിലല്ല താരം കളിക്കുന്നത് എന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സമോവ എന്ന കുഞ്ഞന്‍ ക്രിക്കറ്റ് നേഷന് വേണ്ടിയാണ് റോസ് ടെയ്‌ലര്‍ കളത്തിലറങ്ങുന്നത്. 2026 ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ താരം സമോവന്‍ ജേഴ്‌സിയില്‍ കളത്തിലിറങ്ങും.
ഇതോടെ അന്താരാഷ്ട്ര തലത്തില്‍ രണ്ട് ടീമുകളെ പ്രതിനിധീകരിക്കുന്ന താരങ്ങളുടെ പട്ടികയിലേക്കും ടെയ്‌ലര്‍ കാലെടുത്ത് വെക്കുകയാണ്. ഈ ലിസ്റ്റില്‍ ടെയ്‌ലറിന് കൂട്ടായി ഒരുപാട് താരങ്ങളുമുണ്ട്.
ആദ്യ കാലങ്ങളില്‍…
ചരിത്രത്തിലാദ്യമായി രണ്ട് അന്താരാഷ്ട്ര ടീമുകളെ പ്രതിനിധികരിച്ച ക്രിക്കറ്റര്‍ ബില്ലി മിഡ്‌വിന്ററാണ്. 1881-82ല്‍ ഓസ്‌ട്രേലിയക്കായി ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ച താരം ഇംഗ്ലണ്ടിനായി ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയും കളിച്ചു.
ബില്ലി മിഡ്‌വിന്റർ – ഒരു ഛായാചിത്രം
ആദ്യ കാലങ്ങളില്‍ ബില്ലി മുര്‍ഡോക്, ജോണ്‍ ഫെറിസ്, സാമി വുഡ്‌സ്, ഫ്രാങ്ക് ഹേണ്‍, ആല്‍ബര്‍ട്ട് ട്രോട്ട്, ഫ്രാങ്ക് മിച്ചല്‍ എന്നിവരും സമാനമായി ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും വേണ്ടി ടെസ്റ്റ് കളിച്ചവരാണ്.
ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമായി കളത്തിലിറങ്ങിയ നവാബ് ഇഫ്തിഖര്‍ അലി ഖാന്റെ പേരും മറന്നുകൂടാ. വിഭജനത്തിന് മുമ്പ് പല താരങ്ങളും ഇന്ത്യയ്ക്കും പാകിസ്ഥാനും വേണ്ടി കളത്തിലിറങ്ങിയ സംഭവവുമുണ്ടായിട്ടുണ്ട്.
ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേര് ടിം ഡേവിഡിന്റെയാണ്. സിംഗപ്പൂരിനും ഓസ്‌ട്രേലിയക്കും വേണ്ടിയാണ് ഡേവിഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളത്തിലിറങ്ങിയത്. 2020ല്‍ തന്റെ പിതാവ് ജോലി ചെയ്തിരുന്ന സിംഗപ്പൂരിന് വേണ്ടി താരം 14 ടി-20കളില്‍ കളത്തിലിറങ്ങി. ഇതിന് ശേഷമാണ് താരം കങ്കാരുപ്പടയിലെത്തിയത്. 2022ല്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ ഓസ്‌ട്രേലിയന്‍ ജേഴ്‌സിയിലെ അരങ്ങേറ്റം. നിലവില്‍ ഓസ്‌ട്രേലിയയുടെ വിശ്വസ്ത ടി-20 താരങ്ങളില്‍ ഒരാളാണ് ഡേവിഡ്.
ടിം ഡേവിഡ്
സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കളിച്ചുകൊണ്ട് കരിയര്‍ ആരംഭിച്ച താരമായ ഡേവിഡ് വീസും രണ്ട് ടീമുകള്‍ക്കായി കളത്തിലിറങ്ങിയ താരമാണ്. ആറ് ഏകദിനത്തിലും 20 ടി-20യിലും പ്രോട്ടിയാസിനെ പ്രതിനിധീകരിച്ച താരം പിന്നീട് നമീബിയന്‍ ക്രിക്കറ്റിന്റെ ഭാഗമാവുകയായിരുന്നു. നമീബിയന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി ഡേവിഡ് വീസ് വളരുകയും ചെയ്തു. ടീമിനായി ഒമ്പത് ഏകദിനത്തിലും 34 ടി-20യിലും താരം കളത്തിലിറങ്ങിയിട്ടുണ്ട്.
ഡേവിഡ് വീസ്
യു.എസ്.എയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമായി കളത്തിലിറങ്ങിയ ഹെയ്ഡന്‍ വാല്‍ഷാണ് ഇക്കൂട്ടത്തിലെ മറ്റൊരു താരം. വിന്‍ഡീസിനായി അരങ്ങേറും മുമ്പ് യു.എസ്.എയ്ക്കായി താരം നിരവധി മത്സരങ്ങള്‍ കളിച്ചിരുന്നു. വിന്‍ഡീസിലെ മികച്ച ഷോര്‍ട്ട് ഫോര്‍മാറ്റ് സ്പിന്നറായി മാറുമെന്ന് വിശ്വസിച്ച വാല്‍ഷ് എന്നാല്‍ വിജയിക്കാതെ പോവുകയായിരുന്നു.
അഫ്രിക്കന്‍ താരങ്ങളും ഇക്കൂട്ടത്തിലുണ്ടേ…
സിംബാബ്‌വേക്കായി രണ്ട് ടി-20 കളിച്ച ശേഷം മലാവിയിലേക്ക് കൂടുമാറിയ ഡാനിയല്‍ ജക്കീല്‍, തന്റെ പുതിയ ടീമിനെ 39 അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രതിനിധികരിച്ചിട്ടുണ്ട്. ജക്കീലിന് പുറമെ ഗ്രിഗറി സ്‌ട്രൈഡോമും ഇത്തരത്തില്‍ സിംബാബ്‌വേയില്‍ നിന്നും മറ്റൊരു ടീമിലേക്ക് മാറിയ താരമാണ്. ഷെവ്‌റോണ്‍സിനായി 12 മത്സരങ്ങള്‍ കളിച്ച താരം 2016ല്‍ കെയ്മന്‍ ഐലന്‍ഡിലേക്ക് മാറുകയായിരുന്നു. 2019 വരെ താരം പുതിയ ടീമിനായി ആറ് ടി-20കള്‍ കളിച്ചു.
ഇംഗ്ലണ്ടിനും സിംബാബ്‌വേക്കുമായി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഗാരി ബാലന്‍സിനെ പോലുള്ള ഹൈ പ്രൊഫൈല്‍ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. 1980കളും കൊണ്ണൂറുകളിലുമായി സൗത്ത് ആഫ്രിക്കയ്ക്കും ഓസ്‌ട്രേലിയക്കും വേണ്ടി കളത്തിലിറങ്ങിയ കെപ്ലര്‍ വെസല്‍സും ഇവരിലെ വമ്പന്‍ പേരുകാരില്‍ പ്രധാനിയാണ്.
ഗാരി ബാലന്‍സ്
40 വയസായിട്ടും ഇപ്പോഴും കളിക്കളത്തില്‍ ചുറുചുറുക്കോടെ തുടരുന്ന റോലോഫ് വാന്‍ ഡെര്‍ മെര്‍വും ഇത്തരത്തില്‍ ഡ്വുവല്‍ നേഷന്‍സിനായി കളത്തിലിറങ്ങിയ താരമാണ്. 2015 നെതര്‍ലന്‍ഡ്‌സിലേക്ക് മാറും മുമ്പേ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു.
റോലോഫ് വാന്‍ ഡെര്‍ മെര്‍വ്
പീറ്റര്‍ മൂര്‍ (സിംബാബ്‌വേ – അയര്‍ലന്‍ഡ്), ജുവാന്‍ തെറോണ്‍ (സൗത്ത് ആഫ്രിക്ക – യു.എസ്.എ) എന്നിവരും പുതിയ തട്ടകത്തിലേക്ക് ചുവടുമാറ്റിയ ആഫ്രിക്കന്‍ താരങ്ങളാണ്.
ഇറ്റാലിയന്‍ ക്രിക്കറ്റ് സാധാരണയായി വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം പിടിക്കാറില്ല. എന്നാല്‍ മുന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ ജോ ബേണ്‍സിന്റെ ഇറ്റലിയിലേക്കുള്ള ചുവടുമാറ്റം ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചകളില്‍ ഇടം നേടി. ശേഷം, ഇറ്റലിയുടെ ക്യാപ്റ്റനായും ബേണ്‍സ് അവരോധിക്കപ്പെട്ടു.
ജോ ബേണ്‍സ്
എന്നാല്‍ ബേണ്‍സല്ല ഇറ്റലിയിലേക്ക് ചുവടുമാറ്റിയ ആദ്യ താരം. മുന്‍ ഇംഗ്ലണ്ട് പേസര്‍ ജേഡ് ഡെന്‍ബാക് 2019ല്‍ ഇറ്റലിയുടെ നീല ജേഴ്‌സിയിലെത്തിയിരുന്നു.
ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ട് രാജ്യങ്ങള്‍ക്കായി കളിച്ചവരില്‍ എന്നും ഒര്‍ത്തുവെക്കപ്പെടുന്ന പേരാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്റേത്. ഇംഗ്ലണ്ടിനായി കളത്തിലിറങ്ങും മുമ്പ് മോര്‍ഗന്‍ ഐറിഷ് താരമായിരുന്നു.
ഒയിന്‍ മോര്‍ഗന്‍
ഇംഗ്ലണ്ടിനെ അവരുടെ ആദ്യ ഐ.സി.സി ഏകദിന ലോകകപ്പിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന നിലയിലാണ് മോര്‍ഗന്റെ പേര് എന്നെന്നും ക്രിക്കറ്റ് ചരിത്രത്തില്‍ ഓര്‍ത്തവെക്കപ്പെടുക. 2019ല്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഒയിന്‍ മോര്‍ഗന്റെ ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയത്.
ലോകകപ്പുമായി ഇംഗ്ലണ്ട്
മോര്‍ഗനെ പോലെ അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനും വേണ്ടി കളിച്ച താരമാണ് ബോയ്ഡ് റാന്‍കിന്‍. 13 വര്‍ഷം അയര്‍ലന്‍ഡിനായി കളിച്ച ശേഷമാണ് റാന്‍കിന്‍ ഇംഗ്ലണ്ട് ജേഴ്‌സിയിലെത്തിയത്. ഇംഗ്ലണ്ടിനായി ഒരു ടെസ്റ്റിലും ഏഴ് ഏകദിനത്തിലും രണ്ട് ടി-20യിലും താരം പന്തെറിഞ്ഞു.
മോര്‍ഗനും റാന്‍കിനും അയര്‍ലന്‍ഡില്‍ നിന്നും ഇംഗ്ലണ്ടിലെത്തിയപ്പോള്‍, മറിച്ചുള്ള നീക്കമാണ് എഡ് ജോയ്‌സ് നടത്തിയത്.
രണ്ട് ടീമുകള്‍ക്കായി കളിച്ച ന്യൂസിലാന്‍ഡ് താരങ്ങളെ പരിശോധിക്കുമ്പോള്‍ ആദ്യം പറയേണ്ട പേര് കോറി ആന്‍ഡേഴ്‌സണിന്റേതാണ്. ന്യൂസിലാന്‍ഡിനൊപ്പം മികച്ച കരിയര്‍ കെട്ടിപ്പടുത്ത താരം, ശേഷം യു.എസ്.എയിലേക്ക് തട്ടകം മാറ്റുകയായിരുന്നു. 2024ലെ ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായപ്പോള്‍, സൂപ്പര്‍ 8ലേക്ക് മുന്നേറിയ യു.എസ്.എ ടീമില്‍ ആന്‍ഡേഴ്‌സണുമുണ്ടായിരുന്നു.
2014 മുതല്‍ 2016 വരെ ഹോങ് കോങ്ങിനൊപ്പം കളത്തിലിറങ്ങിയ ശേഷമാണ് മാര്‍ക് ചാപ്മാന്‍ ന്യൂസിലാന്‍ഡിലേക്ക് ചേക്കേറുന്നത്. നിലവില്‍ ന്യൂസിലാന്‍ഡിന്റെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് ടീമിലെ സ്ഥിരസാന്നിധ്യമാണ് ചാപ്മാന്‍.
2008-09ല്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കളത്തിലിറങ്ങിയ ലൂക്ക് റോഞ്ചി, 2013 മുതല്‍ 2017 വരെ കിവികള്‍ക്കായി കളത്തിലിറങ്ങി.
ടോം ബ്രൂസാണ് ഇക്കൂട്ടത്തില്‍ ഒടുവില്‍ കളം മാറിയ ന്യൂസിലാന്‍ഡ് താരം. 2025 ഓഗസ്റ്റില്‍ താരം സ്‌കോട്‌ലാന്‍ഡിലേക്ക് ചുവടുമാറ്റി. നിലവില്‍ റോസ് ടെയ്‌ലറും പുതിയ ടീമിനൊപ്പം കളത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ്.
ഡിര്‍ക് നാനെസ് (ഓസ്‌ട്രേലിയ – സ്‌കോട്‌ലാന്‍ഡ്), ജെറന്റ് ജോണ്‍സ് (ഇംഗ്ലണ്ട് – പപ്പുവ ന്യൂ ഗിനി), ഇസാത്തുള്ള ദാവ്‌ളാസായി (അഫ്ഗാനിസ്ഥാന്‍ – ജര്‍മനി), അംജദ് ഖാന്‍ (ഇംഗ്ലണ്ട് – ഡെന്‍മാര്‍ക്), സേവ്യര്‍ മാര്‍ഷല്‍ (വെസ്റ്റ് ഇന്‍ഡീസ് – യു.എസ്.എ), റയാന്‍ കാംബെല്‍ (ഓസ്‌ട്രേലിയ – ഹോങ് കോങ്) എന്നിവരും ഇത്തരത്തില്‍ രണ്ട് അന്താരാഷ്ട്ര ടീമുകള്‍ക്കായി കളത്തിലിറങ്ങിയവരാണ്.
Content Highlight: Players who have played for two international teams