മോദിയും വി.സിയും മാത്രം; ടഗോറില്ലാതെ വിശ്വഭാരതിയിലെ ഫലകങ്ങള്‍
india news
മോദിയും വി.സിയും മാത്രം; ടഗോറില്ലാതെ വിശ്വഭാരതിയിലെ ഫലകങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd October 2023, 9:09 am

കൊല്‍ക്കത്ത: യുനസ്‌കോ ലോക പൈതൃക പദവി ലഭിച്ചതിന് പിന്നാലെ വിശ്വഭാരതി സര്‍വകലാശാലയില്‍ സ്ഥാപിച്ച ഫലകത്തില്‍ ടഗോറിന്റെ പേരില്ല. ഒരു നൂറ്റാണ്ട് മുന്‍പ് ടാഗോര്‍ കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാല ഈ സെപ്റ്റംബറിലാണ് യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചത്.

സര്‍വ്വകലാശാലയുടെ ചാന്‍സിലറായ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായ ബിദ്യുത് ചക്രബര്‍ത്തി എന്നിവരുടെ പേര് മാത്രമാണ് ഫലകത്തില്‍ ഉള്ളത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

‘ശാന്തിനികേതനെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തികൊണ്ട് രവീന്ദ്രനാഥ ടഗോറിനെയും അദ്ദേഹത്തിന്റെ മഹത്തായ പാരമ്പര്യത്തെയുമാണ് ആദരിക്കുന്നതെന്ന് യുനസ്‌കോ പറഞ്ഞിരുന്നു. എന്നാല്‍ അധികാര മോഹിയായ വി.സിയും അവന്റെ ബോസും വിചാരിക്കുന്നത് യുനസ്‌കോ അവരെയാണ് ആദരിച്ചതെന്നാണ്,’ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പി ജവഹര്‍ സിര്‍കര്‍ എക്‌സില്‍ കുറിച്ചു.

ഗഗോറിന്റെ പേരില്ലാത്ത മൂന്നോളം ഫലകങ്ങള്‍ സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.
ഇതിന് മുന്‍പൊരിക്കലും വി.സിയുടെ പേരുവച്ച ഫലകം വിശ്വഭാരതിയില്‍ സ്ഥാപിച്ചിട്ടില്ലെന്ന് മുന്‍ ജീവനക്കാരനും ശാന്തിനികേതന്‍ വാസിയുമായ അനര്‍ കോനാര്‍ പറഞ്ഞു.

വിശ്വഭാരതിയില്‍ നിന്ന് ടാഗോറിന്റെ പേരില്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ടാഗോറിന്റെ കുടുംബാഗമായ സുപ്രിയാ ടാക്കോര്‍ ആരോപിച്ചു.

‘വിശ്വഭാരതിയില്‍ നിന്ന് ടാഗോറിന്റെ പേരില്ലാതാക്കാനുള്ള ശ്രമങ്ങളാണ് സര്‍വകലാശാല അധികൃതര്‍ നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്. ഇത് ചെയ്തവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകണം,’ അവര്‍ പറഞ്ഞു.

ചിലരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ വിവാദമാണെന്നും ഇതിന് പ്രസക്തിയില്ലെന്നും ബി.ജെ.പി നേതാവ് സാമിക് ബട്ടാചാര്യ പറഞ്ഞു.

‘സൂര്യനതിന്റെ വിശേഷണമാവശ്യമില്ലാത്ത പോലെ, ടാഗോറും വിശ്വഭാരതിയും തമ്മിലുള്ള ബന്ധം തെളിയിക്കേണ്ട ആവശ്യമില്ല. ചില ആളുകള്‍ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുകയണ്. എന്തിനെയും എതിര്‍ക്കാനായി ശ്രമിക്കുന്ന ചിലരുണ്ട്. അവരുടെ പ്രസ്താവനകള്‍ക്ക് പ്രസക്തതയില്ല,’ സാമിക് ബട്ടാചാര്യ പറഞ്ഞു.

content highlight : Plaque at Visva-Bhatati sparkes controversy for missing Tagore’s name