വിമാനദുരന്തം; വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാളൊഴികെ 241 പേരും മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th June 2025, 8:26 pm
അഹമ്മദാബാദ്: അഹമ്മദാബാദ് ദുരന്തത്തിൽവിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി ഉൾപ്പെടെ 242 പേരും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ഒരാൾ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണെന്ന് വാർത്ത വന്നതിന് പിന്നാലെ മരണസംഖ്യയിൽ സ്ഥിരീകരണം ലഭിക്കുകയായിരുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 241 യാത്രക്കാരാണ് മരിച്ചത്. 30 യാത്രക്കാരും 12 കാബിൻ ക്രൂവുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
ബ്രിട്ടീഷ് പൗരൻനായ വിശ്വാസ് കുമാർ രമേശാണ് രക്ഷപ്പെട്ടത്. ഇയാൾ സംഭവസ്ഥലത്ത് നിന്നും കാൽനടയായി തന്നെ ആംബുൻസിനടുത്തേക്ക് നടന്നുപോവുന്ന വീഡിയോ അടക്കം പുറത്ത് വന്നിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട് നിലത്ത് വീണ ഉടനെ ചുറ്റും കണ്ടത് മൃതദേഹങ്ങളായിരുന്നുവെന്നും അവിടെ നിന്നും ആളുകളുടെ അടുത്തേക്ക് വരികയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ സഹോദരനും വിമാനത്തിലുണ്ടായിരുന്നുവെന്നുമാണ് വിവരം.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന വാർത്ത കേന്ദ്രവ്യോമയാന മന്ത്രി സ്ഥിരീകരിച്ചതിന് പിന്നാലെ ഒരാൾ രക്ഷപ്പെട്ടുവെന്ന് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായായിരുന്നു നേരത്ത വിവരം ലഭിച്ചത്. 204 മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് തന്നെ കണ്ടെടുത്തുവെന്നും പരിക്കേറ്റ 41 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അഹമ്മദാബാദ് പൊലീസ് കമ്മീഷണർ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു.
വിമാനത്തിലെ ഇന്ധനത്തിന്റെ അമിതഭാരം കാരണം വൻ തീപിടുത്തമുണ്ടായെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണർ ജി.എസ്. മാലിക് പറഞ്ഞിരുന്നു. എയർട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ജീവനക്കാർ ‘മെയ്ഡേ’ എന്ന ദുരിത സന്ദേശം നൽകിയിരുന്നുവെന്നും അതിനാൽ അടിന്തരര സേനകളെ വിന്യസിപ്പിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജനസാന്ദ്രതയേറിയ പ്രദേശത്താണ് അപകടമുണ്ടായതെന്നത് സംഭവത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമാകുമെന്നും റിപ്പോർട്ടുണ്ട്. ഹോസ്റ്റലിലും ക്യാന്റീനിലുമായി ഉണ്ടായിരുന്ന അഞ്ച് പേർ മരണപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്. ഉച്ചയ്ക്ക് 1.30 യോടെ ടേക്ക് ഓഫ് ചെയ്ത യു.കെയിലേക്ക് പോകുന്ന വിമാനമാണ് രണ്ട് മിനുറ്റിനുള്ളിൽ തീഗോളമായി മാറിയത്. എയർ ഇന്ത്യ ബോയിങ് ഡ്രീംലൈനർ 787 വിമാനമാണ് തകർന്ന് വീണത്.
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനപകടത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു. പത്തനംതിട്ട സ്വദേശിയായ രജ്ഞിത മരിച്ചതായാണ് വിവരം. ഒമാനിൽ നഴ്സായി ജോലി ചെയ്തിരുന്ന ഇവർ യു.കെയിലേക്ക് പോവാനായി അവധിയിലായിരുന്നു. പിന്നാലെ യു.കെയിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.
മരിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. അതേസമയം വിമാനം ഇടിച്ചിറങ്ങിയത് സമീപത്തുള്ള ബി.ജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റിലിലേക്കാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോസ്റ്റിലുണ്ടായിരുന്നവരിൽ നിരവധി പരിക്കേറ്റതായും അഞ്ച് പേർ മരിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.
Content Highlight: Plane crash; 241 people on board except one died



