ഉത്തരാഖണ്ഡില്‍ വിമാനാപകടം; നാല് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
national news
ഉത്തരാഖണ്ഡില്‍ വിമാനാപകടം; നാല് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th May 2025, 10:59 am

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിമാനാപകടത്തെ തുടര്‍ന്ന് നാല് മരണം. തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. ഉത്തരകാശിയിലെ ഗംഗാനിക്ക് സമീപമാണ് അപകടമുണ്ടായത്.

അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.

നിലവില്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എസ്.ഡി.ആര്‍.എഫും ജില്ലാ ഭരണകൂടവും ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു.

ഡെറാഡൂണില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോകുന്നതിനിടെ ഇന്ന് (വ്യാഴം) രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.

വിനിത് ഗുപ്ത, അരവിന്ദ് അഗര്‍വാള്‍, വിപിന്‍ അഗര്‍വാള്‍, പിങ്കി അഗര്‍വാള്‍, രശ്മി, കിഷോര്‍ ജാദവ് എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


സംഭവത്തെ തുടര്‍ന്ന് പ്രതികരിച്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാം സഹായവും നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Content Highlight: Plane accident in Uttarakhand; Four dead, rescue operations underway