മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് വൈസ് ചാന്‍സലര്‍ റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. വി.സിയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ സര്‍വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി.സി എന്ത് ഇടപെടലാണ് നടത്തിയത് എന്നതിലാണ് കാര്യമെന്നും പി.കെ. നവാസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് റദ്ദാക്കുക എന്നതല്ലാതെ വി.സിയ്ക്ക് മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും നവാസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. ക്യാമ്പസ് അഭിമുഖീകരിച്ച വിഷയത്തെ വി.സി ഉള്‍പ്പെടെയുള്ളവര്‍ എങ്ങനെ സമീപിച്ചു എന്നതാണ് പരിശോധിക്കേണ്ടത്.
റിട്ടേര്‍ണിങ് ഓഫീസര്‍ എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായ ഇടപെടല്‍ നടത്തിയെന്ന് ബോധ്യപ്പെട്ടതോടെ വി.സി അഞ്ച് നിരീക്ഷകരെ (ഒബ്സേര്‍വര്‍) നിയോഗിച്ചിരുന്നു. എന്നാല്‍ ഇവരെ കൗണ്ടിങ് സ്റ്റേഷനിലേക്ക് കയറാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും പി.കെ. നവാസ് ആരോപിച്ചു.
‘വി.സിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. രജിസ്ട്രാര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. റിട്ടേര്‍ണിങ് ഓഫീസര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. ക്യാമ്പസിലെ അധ്യാപകര്‍ക്കും കൃത്യമായ രാഷ്ട്രീയമുണ്ട്. അതുപോലെ തന്നെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും. എന്നാല്‍ ഇവരുടെയെല്ലാം രാഷ്ട്രീയം എന്താണ് എന്നതല്ല വിഷയം. അവര്‍ എന്ത് ആക്ടിവിറ്റിയാണ് ക്യാമ്പസില്‍ നടത്തിയത് എന്നതാണ് പ്രധാനം. റിട്ടേര്‍ണിങ് ഓഫീസര്‍ എസ്.എഫ്.ഐയുടെ ജെ.എന്‍.യു യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. അസിസ്റ്റന്റ് റിട്ടേര്‍ണിങ് ഓഫീസര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ 2017ലെ എസ്.എഫ്.ഐയുടെ പ്രസിഡന്റായിരുന്നു. ഇതൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല,’ പി.കെ. നവാസ് വ്യക്തമാക്കി.
റിട്ടേര്‍ണിങ് ഓഫീസര്‍മാരില്‍ നിന്നും പ്രസില്‍ നിന്നും വി.സി റിപ്പോര്‍ട്ട് ചെയ്യുകയാണ് ഉണ്ടായത്. ഇതനുസരിച്ച് വി.സിയ്ക്ക് ലഭിച്ച റിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നുവെന്നും എം.എസ്.എഫ് അധ്യക്ഷന്‍ പറഞ്ഞു.
