മലപ്പുറം: ദേശാഭിമാനി സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ദേശാഭിമാനി വാര്‍ഷികാഘോഷ സെമിനാറില്‍ നിന്നാണ് കുഞ്ഞാലിക്കുട്ടി പിന്മാറിയത്.
ദേശാഭിമാനി 80ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം മഹോത്സവത്തിലെ ‘ബഹുസ്വരതയും ജനാധിപത്യവും’ എന്ന വിഷയത്തിലുള്ള സിമ്പോസിയത്തില്‍ പങ്കെടുക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി നേരത്തെ സംഘാടകരെ അറിയിച്ചത്.
കെ.ടി. ജലീല്‍ എം.എല്‍.എ ഉള്‍പ്പെടുന്ന പാനലിലായിരുന്നു കുഞ്ഞാലിക്കുട്ടി പങ്കെടുക്കേണ്ടിയിരുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീര്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്, കേരള ജമാഅത്ത് സെക്രട്ടറി എന്‍. അലി അബ്ദുള്ള, ഡോ. ഷീന ഷുക്കൂര്‍ എന്നിവരാണ് മറ്റ് പാനലിസ്റ്റുകള്‍.
എന്നാല്‍ വ്യക്തിപരമായി ചില പ്രശ്‌നങ്ങളാല്‍ സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി സംഘാടക സമിതി കണ്‍വീവനറും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുമായ ഇ.എന്‍ മോഹന്‍ദാസിനെ അറിയിക്കുകയായിരുന്നു.
നാളെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചതായാണ് വിവരം. അതിനിടെ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും ദേശാഭിമാനി സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ അധ്യക്ഷനായി. സ്വാഗതസംഘം കണ്‍വീനര്‍ ഇ.എന്‍. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. മന്ത്രി വി. അബ്ദുറഹിമാന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, പി. നന്ദകുമാര്‍ എം.എല്‍.എ, എം. സ്വരാജ്, പി.കെ. സൈനബ, യു. ഷറഫലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.