കാഫില്‍ സ്‌ക്രീന്‍ഷോട്ട് തിരച്ചടിച്ചിട്ടും സി.പി.ഐ.എം പഠിച്ചില്ല, പേരാമ്പ്രയില്‍ തഹ്‌ലിയ വിജയിക്കുമ്പോള്‍ പഠിക്കും: കുഞ്ഞാലിക്കുട്ടി
Kerala News
കാഫില്‍ സ്‌ക്രീന്‍ഷോട്ട് തിരച്ചടിച്ചിട്ടും സി.പി.ഐ.എം പഠിച്ചില്ല, പേരാമ്പ്രയില്‍ തഹ്‌ലിയ വിജയിക്കുമ്പോള്‍ പഠിക്കും: കുഞ്ഞാലിക്കുട്ടി
ആദര്‍ശ് എം.കെ.
Monday, 6th April 2026, 10:07 am

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന വിവാദ സമീപനങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

വടകരയില്‍ ഷാഫി പറമ്പിലിനെതിരെ ഉയര്‍ത്തിയ സ്‌ക്രീന്‍ഷോട്ട് വിവാദം പോലെ, പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദവും സി.പി.ഐ.എമ്മിന് ദോഷം ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മീഡിയ വണ്ണിനോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

ഷാഫി പറമ്പിലിനെതിരെ ഉണ്ടായ സ്‌ക്രീന്‍ഷോട്ട് വിവാദം പോലെ പേരാമ്പ്രയില്‍ ഫാത്തിമ തഹ്‌ലിയക്കെതിരെ ഉയര്‍ത്തിയ വിവാദവും ജനങ്ങള്‍ തള്ളിക്കളയും. ഇത്തരം അടവുകള്‍ക്ക് ഫലം വരുമ്പോള്‍ സി.പി.എമ്മിന് വലിയ തിരിച്ചടി ലഭിക്കുമെന്നും, ഫാത്തിമ തഹ്‌ലിയ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ട അതേ ട്രെന്‍ഡ് തന്നെയാണ് ഇപ്പോഴുള്ളത്. നൂറിലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മലപ്പുറം ജില്ലയിലെ 16ല്‍ 16 സീറ്റുകളും യു.ഡി.എഫ് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന് ഡെപ്യൂട്ടി കളക്ടര്‍ നോട്ടീസയച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ആരോപിച്ച് യു.ഡി.എഫ് നല്‍കിയ പരാതിയിന്‍മേലാണ് നടപടി.

അതേസമയം, സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന ആരോപണത്തില്‍ ഫാത്തിമ തഹ് ലിയക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.

മൂന്ന് വ്യക്തികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മണ്ഡലത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരായ വര്‍ഗീയ അനൗണ്‍സ്മെന്റ് വിവാദം പുകയുന്നതിനിടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെയും സമാനമായ പരാതി രേഖമൂലം റിട്ടേണിങ് ഓഫീസര്‍ക്ക് ലഭിച്ചത്.

 

Content highlight: PK Kunhalikutty says the controversial approaches adopted by the CPI(M) in election campaigns will backfire on them.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.