മനുഷ്യനല്ലേ, ഒരോ സാഹചര്യത്തില്‍ പറഞ്ഞതാവും; ദിലീപിനെ പിന്തുണച്ച അടൂര്‍ പ്രകാശിന് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി
Kerala News
മനുഷ്യനല്ലേ, ഒരോ സാഹചര്യത്തില്‍ പറഞ്ഞതാവും; ദിലീപിനെ പിന്തുണച്ച അടൂര്‍ പ്രകാശിന് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th December 2025, 3:57 pm

മലപ്പുറം: നടിയെ ആക്രമിച്ച കേസില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഈ വിഷയത്തില്‍ ഐക്യജനാധിപത്യ മുന്നണി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ വിഷയം വിവാദമാക്കേണ്ടതില്ലെന്നും തങ്ങള്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

‘അടൂര്‍ പ്രകാശ് ഇത് നിഷേധിച്ചു. വിഷമം അനുഭവിച്ചവര്‍ക്ക് നീതി ലഭിക്കണം. ഇവിടെ ഇരയാണ് വിഷമം അനുഭവിച്ചത്. അവര്‍ക്ക് നീതി ലഭിക്കണം.

പൊതുവേ എല്ലാവരും അംഗീകരിച്ച നിലപാടാണിത്. അടൂര്‍ പ്രകാശ് പറഞ്ഞതിനെ കോണ്‍ഗ്രസ് തിരുത്തി. ഇനി അത് വിവാദമാക്കേണ്ടതില്ല. മനുഷ്യന്‍ അല്ലെ ഓരോ സാഹചര്യത്തില്‍ പറഞ്ഞതാകാം’, എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

എല്ലാ വിവാദങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച ദിലീപിനെ പിന്തുണയ്ക്കുന്ന രീതിയില്‍ അടൂര്‍ പ്രകാശ് പരാമര്‍ശം നടത്തിയത്. ദിലീപിന് നീതി ലഭിച്ചുവെന്നായിരുന്നു യു.ഡി.എഫ് കണ്‍വീനറുടെ പ്രതികരണം.

‘ഒരു കലാകാരന്‍ എന്നുള്ള നിലയില്‍ മാത്രമല്ല, ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. തീര്‍ച്ചയായിട്ടും ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് നീതി ലഭ്യമായി. ബഹുമാനപ്പെട്ട കോടതി തന്നെയാണ് ആ നീതി നല്‍കിയത്,’ എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഇതിനുപിന്നാലെ ‘നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന് നീതി ലഭിച്ചുവെന്നാണോ താങ്കള്‍ പറയുന്ന’തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് അടൂര്‍ പ്രകാശ് ഒഴിഞ്ഞുമാറുകയും ചെയ്തു. ‘ഞാന്‍ അങ്ങനെയല്ലല്ലോ പറഞ്ഞത്?’ എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

പൊലീസുകാര്‍ക്കെതിരായ ദിലീപിന്റെ ആരോപണങ്ങളില്ലാം അന്വേഷണം വേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് വേറെ ജോലിയൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ അപ്പീല്‍ നല്‍കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ആരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കിയിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. മാത്രമല്ല, എന്ത് കേസുകളും കെട്ടിച്ചമച്ചുണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും അടൂര്‍ ആരോപിച്ചു.

എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന പൂര്‍ണമായും സംപ്രേക്ഷണം ചെയ്യാതിരുന്നതാണ് വിവാദത്തിന് വഴിയൊരുക്കിയതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ വിശദീകരണം.

 

Content Highlight:  PK Kunhalikutty’s responds to UDF convener Adoor Prakash’s controversial remarks on the actress attack case.