ഇങ്ങനെ എന്തെല്ലാം വിഷയങ്ങള്‍ വന്നു, തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണോ യു.ഡി.എഫ്; ചെയ്യാവുന്നതിന്റെ അപ്പുറം കോണ്‍ഗ്രസ് ചെയ്തു: പി.കെ കുഞ്ഞാലിക്കുട്ടി
Kerala
ഇങ്ങനെ എന്തെല്ലാം വിഷയങ്ങള്‍ വന്നു, തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണോ യു.ഡി.എഫ്; ചെയ്യാവുന്നതിന്റെ അപ്പുറം കോണ്‍ഗ്രസ് ചെയ്തു: പി.കെ കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th August 2025, 12:02 pm

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സസ്‌പെന്‍ഷന്‍ സ്വാഗതാര്‍ഹമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ വിഷയത്തില്‍ ചെയ്യാവുന്നതിന്റെ അപ്പുറം പാര്‍ട്ടി ചെയ്തിട്ടുണ്ടെന്നും ഉപതെരഞ്ഞെടുപ്പിലേക്ക് പോകാന്‍ പാര്‍ട്ടിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല യു.ഡി.എഫിന്റേതെന്നും ഇങ്ങനെ എന്തെല്ലാം വിഷയങ്ങള്‍ പാര്‍ട്ടിക്ക് നേരെ വന്നിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ ഈ വിഷയങ്ങളിലൊക്കെ കൂടിയാലോചന നടത്തേണ്ടതില്ലേ. മാധ്യമങ്ങള്‍ തിരക്കുകൂട്ടിയിട്ട് കാര്യമില്ലല്ലോ. കൂടിയാലോചനകള്‍ക്ക് സമയം കൊടുക്കണ്ടേ?

കോണ്‍ഗ്രസ് ആ വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കും. ഇപ്പോഴും കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൃത്യമായ തീരുമാനം തന്നെ വരും. പിന്നെ രാഹുലിന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ ക്ലിയര്‍ ചെയ്യേണ്ടത് കോണ്‍ഗ്രസ് ആണ്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതുവരെ എടുത്ത നടപടികളില്‍ തൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് ഉറപ്പായും ഉണ്ടെന്നും ഉചിതമായ രീതിയില്‍ ചെയ്യാവുന്നതിന്റെ അപ്പുറം അവര്‍ ചെയ്യുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പിന്നെ ലോകത്തിന് മുഴുവന്‍ സംതൃപ്തി കൊടുത്ത് ഒരു കാര്യം ചെയ്യാന്‍ പറ്റില്ലല്ലോ. കെ.സി വേണുഗോപാലും ഞങ്ങളെല്ലാവരും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

ഉപതെരഞ്ഞെടുപ്പിലേക്ക് പോകാന്‍ യു.ഡി.എഫിന് ഒരു ഭയവുമില്ല. നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പിലും ജയിച്ച യു.ഡി.എഫ് എന്തിനാണ് ഭയം.

തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണോ യു.ഡി.എഫ്. ഇങ്ങനെ എന്തെല്ലാം വിഷയങ്ങള്‍ വന്നു. ഈ വിഷയം കോണ്‍ഗ്രസ് ഹാന്‍ഡില്‍ ചെയ്‌തോളും. ഒരു ആശങ്കയും നിങ്ങള്‍ക്ക് വേണ്ട, എന്തായാലും ഞങ്ങള്‍ക്ക് ആശങ്കയില്ല,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ടെന്നും ആ സിസ്റ്റമനുസരിച്ച് മുന്നോട്ട് പോകുമെന്നുമായിരുന്നു സസ്‌പെന്‍ഷന്‍ നടപടിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹവും പങ്കുവെച്ചിട്ടില്ല.

ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

എന്നാല്‍ രാഹുല്‍ എം.എല്‍.എ സ്ഥാനത്ത് തുടരും. വരുന്ന തെരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കാതിരിക്കാനും തീരുമാനമായിട്ടുണ്ട്. വ്യക്തിപരമായി രാജിവെക്കാത്തിടത്തോളം രാഹുലിന് സ്വതന്ത്ര എം.എല്‍.എയായി തുടരേണ്ടി വരും.

Content Highlight: PK Kunhalikkutty about Rahul mamkoottathil suspension