പി.കെ ജയലക്ഷ്മിയ്‌ക്കെതിരെ മാനന്തവാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും പത്രിക നല്‍കി
Daily News
പി.കെ ജയലക്ഷ്മിയ്‌ക്കെതിരെ മാനന്തവാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും പത്രിക നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th April 2016, 7:01 am

jayalakshmiമാനന്തവാടി: മാനന്തവാടിയില്‍ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ പഞ്ചായത്തംഗവും പത്രിക സമര്‍പ്പിച്ചു. പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കുറ്റിയോട്ടില്‍ അപ്പച്ചനും കോണ്‍ഗ്രസ് നേതാവും തവിഞ്ഞാല്‍ മുന്‍ പഞ്ചായത്തംഗവുമായ പി.കെ ഗോപിയുമാണ് പത്രിക നല്‍കിയത്. സ്വതന്ത്രന്‍ എന്നാണ് രണ്ടുപേരും പത്രികയില്‍ രേഖപ്പെടുത്തിയത്.

മാനന്തവാടിയില്‍ പി.കെ ജയലക്ഷ്മിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ജയലക്ഷ്മിയ്ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് ആരോപിച്ച് മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കുറ്റിയോട്ടില്‍ അപ്പച്ചനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ചില രംഗത്തുനിന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഡി.സി.സി നേതൃത്വം തയ്യാറായില്ല.

നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരില്‍ മന്ത്രി പി.കെ ജയലക്ഷ്മിയ്‌ക്കെതിരെ കേസ് നിലവിലുണ്ട്. ഇതിന്റെ പേരില്‍ ജയലക്ഷ്മിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന കണക്കൂകൂട്ടലും പത്രിക സമര്‍പ്പിച്ചതിനു പിന്നിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്.