'സ്വരാജേ, താങ്കൾ ആദ്യം ഹമാസിനെ ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച ശൈലജ ടീച്ചറെ തിരുത്താൻ നോക്ക്'
Kerala News
'സ്വരാജേ, താങ്കൾ ആദ്യം ഹമാസിനെ ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച ശൈലജ ടീച്ചറെ തിരുത്താൻ നോക്ക്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2023, 5:50 pm

തിരുവനന്തപുരം: ശശി തരൂരിനെ മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിനെ വിമർശിച്ച എം.സ്വരാജിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.

ഹമാസിനെ ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച ശൈലജ ടീച്ചറെയാണ് ആദ്യം സ്വരാജ് പോയി തിരുത്തേണ്ടതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ഫിറോസ് പറഞ്ഞു.

ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ ഓടി നടന്ന് കേസെടുക്കുന്ന പിണറായിയുടെ പൊലീസിന് ക്ലാസെടുത്ത് കൊടുക്കണമെന്നും ഫിറോസ് പറഞ്ഞു.

തരൂരിന്റെ നിലപാടിലെ ശരികേടിനെ അദ്ദേഹത്തിന്റെ മുമ്പിൽ വെച്ച് തന്നെ ലീഗ് നേതാക്കൾ തിരുത്തിയതാണെന്നും തരൂർ അതുൾക്കൊണ്ടുവെന്നും ഫിറോസ് പറഞ്ഞു.

സമസ്തയെ പ്രകടനം നടത്തി ലീഗ് തോൽപ്പിച്ചുവെന്ന സ്വരാജിന്റെ പ്രസ്താവനക്കും ഫിറോസ് പോസ്റ്റിൽ മറുപടി നൽകി.

‘ഇന്നലെ റാലിയിൽ പങ്കെടുത്തവരിൽ നല്ലൊരു ശതമാനം പ്രവർത്തകരും സമസ്തയുടെ കൂടി പ്രവർത്തകരാണ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ തന്നെ സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ്.

ലീഗ് നേതാക്കളിൽ നല്ലൊരു ശതമാനവും സമസ്തയുടെ നേതൃത്വത്തിൽ ഇരിക്കുന്നവരാണ്. അങ്ങനെയുള്ളൊരു പാർട്ടിയെ കുറിച്ചാണ് ഇമ്മട്ടിൽ സംസാരിക്കുന്നത്,’ ഫിറോസ് പറഞ്ഞു.

പി.കെ. ഫിറോസിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം:

സാധാരണ മുസ്‌ലിം ലീഗ് പരിപാടികളിലെ കുറ്റവും കുറവും കണ്ട് പിടിക്കാൻ ആയുസ്സ് ഉപയോഗിക്കാറുള്ളത് സി.പി.ഐ.എമ്മിന്റെ അരിക് പറ്റി ജീവിക്കുന്ന ഒരു വ്യക്തിയായിരുന്നു. എന്നാൽ ഇത്തവണ അപ്പണി ഏറ്റെടുത്തത് സഖാവ് സ്വരാജാണ്.

ചാരിയാൽ ചാരിയത് മണക്കും എന്നത് ചുമ്മാ പറയുന്നതല്ലല്ലോ. അതിപ്പോ ചന്ദനമായാലും ചാണകമായാലും ആട്ടിൻ കാഷ്ടമായാലും!

ശശി തരൂരിന്റെ ഒരു വാക്കിൽ തൂങ്ങിയാണ് സ്വരാജ് ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിക്കുന്നത്. തരൂരിന്റെ നിലപാടിലെ ശരികേടിനെ അദ്ദേഹത്തിന്റെ മുമ്പിൽ വെച്ച് തിരുത്താൻ ലീഗ് നേതാക്കൾറിയാം. അതവർ നിർവഹിക്കുകയും തരൂർ അതുൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്.

പിന്നെ സമസ്തയെ കുറിച്ച്. ലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപ്പിച്ചു പോലും!

സ്വരാജ് എന്താണ് കരുതിയത്? ഇന്നലെ റാലിയിൽ പങ്കെടുത്തവരിൽ നല്ലൊരു ശതമാനം പ്രവർത്തകരും സമസ്തയുടെ കൂടി പ്രവർത്തകരാണ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ തന്നെ സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ്. ലീഗ് നേതാക്കളിൽ നല്ലൊരു ശതമാനവും സമസ്തയുടെ നേതൃത്വത്തിൽ ഇരിക്കുന്നവരാണ്. അങ്ങനെയുള്ളൊരു പാർട്ടിയെ കുറിച്ചാണ് ഇമ്മട്ടിൽ സംസാരിക്കുന്നത്.

സ്വരാജേ…
ആ കുരുട്ട് കയ്യിൽ വെച്ചാൽ മതി.

താങ്കൾ ആദ്യം ഒരു കാര്യം ചെയ്യ്. ഹമാസിനെ ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച ശൈലജ ടീച്ചറെ തിരുത്താൻ നോക്ക്. അതിന് ശേഷം ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ ഓടി നടന്ന് കേസെടുക്കുന്ന പിണറായി പോലീസില്ലേ. അവിടെ ചെല്ല്. അവർക്ക് ക്ലാസെടുക്ക്. അല്ലാതെ താങ്കളുടെ ക്ലാസ് ഇങ്ങോട്ട് വേണ്ട.

Content Highlight: PK Firos’s reply to M Swaraj on participating Shashi Tharoor in Muslim League rally