സൂപ്പര്‍ കിങ്‌സിന് ഇതിലും വലിയ സന്തോഷം വേറെയെന്ത്? തുറന്നുപറഞ്ഞ് പിയൂഷ് ചൗള
IPL
സൂപ്പര്‍ കിങ്‌സിന് ഇതിലും വലിയ സന്തോഷം വേറെയെന്ത്? തുറന്നുപറഞ്ഞ് പിയൂഷ് ചൗള
ആദര്‍ശ് എം.കെ.
Saturday, 14th March 2026, 10:00 am

 

2026 ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനായാണ് സഞ്ജു സാംസണ്‍ ടീമിനെ കിരീടത്തിലേക്ക് കൈപിടിച്ചുനടത്തിയത്. നിര്‍ണായകമായ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ടോപ്പ് സ്‌കോററായ താരം, വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അഞ്ച് ഇന്നിങ്‌സില്‍ നിന്നും 80.25 ശരാശരിയില്‍ 231 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 199.37 ആയിരുന്നു താരത്തിന്റെ പ്രഹരശേഷി. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സൂപ്പര്‍ 8ല്‍ പുറത്താകാതെ നേടിയ 97 റണ്‍സാണ്.

ടി-20 ലോകകപ്പുമായി സഞ്ജു സാംസണ്‍. ഒപ്പം കുല്‍ദീപ് യാദവ്

ഇപ്പോള്‍ സഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗള. സഞ്ജു സാംസണ്‍ ഒരു മാച്ച് വിന്നറാണെന്നും ഐ.പി.എല്ലിന് തൊട്ടുമുമ്പുള്ള ഈ പ്രകടനം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏറെ സന്തോഷം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘സഞ്ജു സാംസണ്‍ ഒരു മാച്ച് വിന്നറാണ്. ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ നടത്തി അവന്റെ കഴിവില്‍ സംശയിച്ചവര്‍ക്കുള്ള മറുപടി നല്‍കാന്‍ അവന് സാധിച്ചിട്ടുണ്ട്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായി സഞ്ജു

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതെല്ലാം ഏറെ സന്തോഷം നല്‍കുന്നുണ്ടാകണം, കാരണം ഐ.പി.എല്ലിന് തൊട്ടുമുമ്പാണ് സാംസണ്‍ ഫോമിലേക്ക് മടങ്ങിയെത്തിയത്,’ ജിയോ ഹോട്‌സ്റ്റാറില്‍ നടന്ന ചര്‍ച്ചയില്‍ പിയൂഷ് ചൗള പറഞ്ഞു.

ചെന്നൈയ്‌ക്കൊപ്പം സഞ്ജുവിന്റെ ആദ്യ സീസണാണിത്. രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം നല്‍കിയാണ് സൂപ്പര്‍ കിങ്‌സ് രാജസ്ഥാനില്‍ നിന്നും സഞ്ജുവിനെ തങ്ങളുടെ മടയിലെത്തിച്ചത്.

സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.

തന്റെ പഴയ ടീമിനെതിരെ സഞ്ജുവും ജഡേജയും തിളങ്ങുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

Content Highlight: Piyush Chawla about Sanju Samson

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.