എഡിറ്റര്‍
എഡിറ്റര്‍
ഗൗരിയെ കൊന്നത് കല്‍ബുര്‍ഗിയെയും പന്‍സാരെയും ദബോല്‍ക്കറിനെയും കൊലചെയ്യാന്‍ ഉപയോഗിച്ച അതേ മോഡല്‍ തോക്ക് ഉപയോഗിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 7th September 2017 8:53am

ബംഗളുരു: യുക്തിവാദികളായ എം.എം കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരെയെയും കൊല്ലാന്‍ ഉപയോഗിച്ച അതേ മോഡല്‍ ആയുധം ഉപയോഗിച്ചാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും കൊലചെയ്തതെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ഇന്ത്യന്‍ നിര്‍മിത 7.65എം.എം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരിയ്ക്കുനേരെ വെടിയുതിര്‍ത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കല്‍ബുര്‍ഗിയെയും പന്‍സാരെയെയും ദബോല്‍ക്കറേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതും 7.65 എം.എം പിസ്റ്റളായിരുന്നു.

കല്‍ബുര്‍ഗിയെയും പന്‍സാരെയെയും ഒരേ തോക്ക് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പന്‍സാരെയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച രണ്ട് തോക്കുകളില്‍ ഒന്നാണ് ദബോല്‍ക്കറെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഫോറന്‍സിക് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.


Also Read: കൊലപാതകത്തിനു പിന്നില്‍ നക്‌സലുകളാണെന്ന് പറഞ്ഞ ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ബി.ജെ.പി നേതാവ്


ഗൗരിയുടെ കൊലപാതകത്തിന് ഉപയോഗിച്ചും ഇതേ തോക്കുതന്നെയാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം കൂടുതല്‍ ഉറപ്പുവരുത്തുന്നതിനായി ഗൗരിയുടെ ശരീരത്തില്‍ നിന്നും കിട്ടിയ വെടിയുണ്ടകളും വെടിത്തിരയും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

പന്‍സാരെയുടെ കൊലപാതകത്തിനു പിന്നില്‍ ഗോവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്തയ്ക്ക് പങ്കുള്ളതായി സി.ബി.ഐ കണ്ടെത്തിയിരുന്നു.

ഗൗരിയുടെ വീടിന് പുറത്തുനിന്നും കണ്ടെടുത്ത തോക്കിന്‍തിരകളില്‍ നിന്നാണ് 7.65 എം.എം പിസ്റ്റളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്.

Advertisement