എഡിറ്റര്‍
എഡിറ്റര്‍
പിറവം: ജയിച്ചത് മാര്‍ക്‌സും തോറ്റത് യേശുവും
എഡിറ്റര്‍
Thursday 22nd March 2012 11:15am


തന്‍സീല്‍ നാസര്‍

1957 ലോകമെങ്ങും പടര്‍ന്നു പന്തലിച്ചു മാര്‍ക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പ്രായോഗിക രീതിയുടെ വിജയം എന്ന് കൊട്ടിഘോഷിച്ച് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ തിരുവിതാംകൂറിലെ ഭരണ ശ്രീകോവിലില്‍ കയറിയ കാലം. അതുവരെ ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും എന്ന് പറഞ്ഞ് സഭാ മക്കളെ വേദം പഠിപ്പിച്ചു കൊണ്ടിരുന്ന കത്തോലിക്ക സഭ അച്ചായന്റെ മനോരമയും സഭയുടെ (ഫാരിസ് അബൂബക്കറിന്റെതല്ല) ദീപികയും ഒരുക്കി കൊടുത്ത പ്രത്യയശാസ്ത്ര പരിസരം മുതലാക്കി കൊണ്ട് ദൈവത്തെ തന്നെ കൂട്ടുപിടിക്കുകയും അത് വിജയിക്കുകയും പില്‍കാലത്ത് കേരളാ കോണ്‍ഗ്രസ് തന്നെ രൂപീകരിക്കാന്‍ കരാണമായ പൊളിറ്റിക്കല്‍ മൂവ്‌മെന്റ് തന്നെയായിരുന്നു അത്. ശ്രീമാന്‍ പി.സി ജോര്‍ജ്ജ് അതിനു ചരിത്രപരമായ നിമിത്തമായെന്നു മാത്രം.

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്ന മാണിയന്‍ രാജനീതി ശാസ്ത്രമനുസരിച്ചാണ് 1980കള്‍ക്കു ശേഷം കേരളത്തിന്റെ മണ്ണില്‍ ഒരു സമ്മര്‍ദ്ദ രാഷ്ട്രീയ ഗ്രൂപ്പായി കേരളാ കോണ്‍ഗ്രസ് രൂപന്തരം പ്രാപിക്കുന്നത്. പിളര്‍ന്ന് പിളര്‍ന്ന് പല പല ജാതിയും കോലവും ആയെങ്കിലും ഉള്ളിന്റെ ഉള്ളിലെ സത്തയെ ഒരിക്കലും മാറിയിട്ടില്ലാത്ത പാര്‍ട്ടികൂടിയാണത്. ജയിക്കാന്‍ വേണ്ടി മാത്രമല്ല, മദാമ്മ മുതല്‍ സാക്ഷാല്‍ മാര്‍പാപ്പയുടെ പടമെടുത്ത് ഫ്‌ലക്‌സ് തൂക്കി വെക്കുന്ന ഒരു ചരിത്രം കൂടി കേരളാ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മഹത്തായ ചരിത്രത്തിനുണ്ട്.

ഇടത് വലത് സഖ്യത്തില്‍ നിന്ന് മാറി പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെടുത്താന്‍ ബി.ജെ.പിയുടെ കൂടെ നിന്ന് കേന്ദ്ര മന്ത്രിസ്ഥാനം വരെ അലങ്കരിച്ച പി.സി ചാക്കോയുടെ മകന്‍ പി.സി തോമസിനെയും പ്രബുദ്ധ കേരളത്തിന്റെ ജയിപ്പിച്ചത് നടേ പറഞ്ഞ ആ ഉള്ളിന്റെ ഉള്ളിലെ സത്ത മാറാത്തതു കൊണ്ടാണ്.

പത്തനാപുരം മുതല്‍ കൊട്ടാരക്കര വരെയുള്ള ആഗോള ദേശത്തിന്റെ അധിപനായ മഹാപ്രമാണിയെ അ’ന്യായ’മായി ജയിലിലാക്കിയ സമയത്താണ് കേരളാ കോണ്‍ഗ്രസിന്റെ 2011 കാലം ആരംഭിക്കുന്നതും മക്കള്‍ രാഷ്ട്രീയത്തിന്റെ പുതുഅവതാരങ്ങള്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി അധികാരമേല്‍ക്കുന്നതും.

പിറവം അനൂപിന്റെ വിജയമല്ല, മറിച്ച് കേന്ദ്രത്തില്‍ തളര്‍ന്ന മക്കള്‍ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പു കൂടിയാണ്. പണ്ട് കോണ്‍ഗ്രസില്‍ നിന്ന പുറത്തു പോരുമ്പോള്‍ ശ്രീമാന്‍ ശരത്ചന്ദ്ര പ്രസാദ് പറഞ്ഞതുപോലെ ‘ഞാനൊക്കെ കെ.എസ്.യുവിനും വേണ്ടി തെരുവില്‍ അടികൊള്ളുമ്പോള്‍ മുരളീധരന്‍ ബൂസ്റ്റ് കുടിക്കുകയായിരുന്നു’. അതുപോലെയാകാവാന്‍ ബഹുമാന്യനായ ജോണി നെല്ലൂര്‍ പത്തൊന്‍പതടവും നവരസത്തില്‍ ചാലിച്ച് നടത്തിയെങ്കിലും ജേക്കബ് രണ്ടാമനു മുമ്പില്‍ വിലപ്പോയില്ല.

ഇടതുപക്ഷമാവട്ടെ പാര്‍ട്ടി കോണ്‍ഗ്രസു കഴിഞ്ഞ് രാത്രി ക്ലാസുകളില്‍ മൂലധനം വായിക്കുന്നതിനു പകരം വേദപാഠ ക്ലാസിലെ കുട്ടികളെ പോലെ ബൈബിള്‍ വായിച്ച് രാഷ്ട്രീയ പ്രചാരത്തിനു പോകുന്ന സമയമായിരുന്നു. യേശുവുണ്ടായിരുന്നെങ്കില്‍ പൗവ്വത്തിലിനെ ചാട്ടവാറു കൊണ്ടടിക്കുമായിരുന്നുവെന്ന് പറഞ്ഞ പിണറായി തന്റെ പാര്‍ട്ടി വിമോചന നായകന്മാരിലൊരുവനായി യേശുവിനെ പ്രതിഷ്ഠിച്ചു. പക്ഷേ അടികിട്ടിയത് പൗവ്വത്തിലിനല്ല മറിച്ച് പ്രിയ സഖാവ് എം.ജെ. ജേക്കബിനായിരുന്നു.

ജനാധിപത്യ വ്യവസ്ഥിതികളെ കാറ്റില്‍ പറത്തുന്ന പ്രചാരണ കോലാഹലങ്ങള്‍ക്കു നടുവില്‍ 12076 ഭൂരിപക്ഷം മുല്ലപ്പെരിയാറിനോളം അടി താഴ്ചയില്ലെങ്കിലും ഭരണത്തില്‍ കയറിയിട്ട് ഒന്നനങ്ങാന്‍ പോലുമാവാതെ ‘ഉമ്മന്‍’ ഭരണത്തനൊരാശ്വാസ ജയവും കൂടിയാണ്. ഇടതുപക്ഷത്തിന് പണ്ട് ‘സന്ദേശം’ എന്ന സിനിമയില്‍ ശങ്കരാടി പറഞ്ഞതു പോലെ ”വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായെന്നു വേണം കരുതാന്‍” തുടങ്ങിയ പദങ്ങള്‍കൊണ്ട് വലിയ പ്രത്യയ ശാസ്ത്ര യുദ്ധത്തിന് കേരളത്തിന്റെ ഏതെങ്കിലും ‘മ’ പത്രത്തിന്റെ നിലപാട് പേജില്‍ സ്ഥലമനുവദിക്കുകയും ബൈബിള്‍ പൂട്ടി വെച്ച് തിരുകേശ ദര്‍ശനം നിര്‍ത്തി വീണ്ടും കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിലേക്ക് മടങ്ങാനുള്ള മണിയടിച്ചു കഴിഞ്ഞിരിക്കുന്നതിന്റെ ശബ്ദമാണ് പിറവം.

പിറവം വെറും വിജയമല്ല, മറിച്ച് തിരുവിതാംകൂര്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് പള്ളിയും വട്ടക്കാരുമാണെന്ന ആപ്ത വാക്യത്തിന്റെ ആവര്‍ത്തനം കൂടിയാണ്.

(ദല്‍ഹി യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Malayalam News

Kerala News In English

Advertisement