എഡിറ്റര്‍
എഡിറ്റര്‍
അനൂപ് തരംഗം; 12071 വോട്ടിന്റെ ഭൂരിപക്ഷം
എഡിറ്റര്‍
Wednesday 21st March 2012 8:19am


പിറവം: കേരള രാഷ്ട്രീയം ഉറ്റുനോക്കിയ പിറവം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന് വന്‍ വിജയം. 135 ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണിയപ്പോള്‍ 12071 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനൂപ് ജയിച്ചത്. ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടാണ് അനൂപിന്റെ ഭൂരിപക്ഷം കുതിച്ചുയര്‍ന്നത്. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബിന് തിരിച്ചടിയായിരുന്നു. കൂത്താട്ടുകുളം ഉള്‍പ്പെടെ എല്‍.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ ജേക്കബിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു.

പിന്നീട് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ വോട്ടെണ്ണിയപ്പോള്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാനും അനൂപിന് കഴിഞ്ഞു. തിരുവാങ്കുളം ചോറ്റാനിക്കര, പഞ്ചായത്തുകളിലെല്ലാം എല്‍.ഡി.എഫിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. എല്‍.ഡി.എഫ് ക്യാമ്പ് 2000 ത്തോളം വോട്ടിന്റെ ലീഡാണ് ഈ രണ്ട് പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചോറ്റാനിക്കരയിലും, തിരുവാങ്കുളത്തേയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എം.ജെ ജേക്കബിന് 200 വോട്ടിന്റെ ലീഡ് മാത്രമേ ലഭിച്ചുള്ളൂ. പിന്നീട് എം.ജെ ജേക്കബിനെ മറികടന്ന അനൂപിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതിന് ശേഷം യു.ഡി.എഫ് മുന്നേറ്റം പ്രതീക്ഷിച്ച മുളന്തുരുത്തി, മണീട് പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അനൂപിന്റെ ലീഡ് 2500 കടന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 8000 വോട്ടുകള്‍ക്ക് തങ്ങള്‍ തോല്‍ക്കുമെന്ന് സി.പി.ഐ.എം കണക്കുകൂട്ടിയിരുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് യു.ഡി.എഫ് ഭൂരിപക്ഷമുയര്‍ന്നത്. സഭാ തര്‍ക്കമോ മറ്റ് പ്രശ്‌നങ്ങളോ യു.ഡി.എഫ് വോട്ടുകളെ ബാധിച്ചിട്ടില്ലെന്ന് ഫലം പുറത്തുവന്നതോടെ വ്യക്തമായിരിക്കയാണ്. പോളിങ്ങ് ശതമാനം ഉയര്‍ന്നപ്പോള്‍ തന്നെ അത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ശെല്‍വരാജന്‍ സി.പി.ഐ.എം വിട്ടതും എല്‍.ഡി.എഫിന് തിരിച്ചടിയായി. സഭാ നേതൃത്വം അനൂപിന്റെ വിജയം ഉറപ്പിക്കുന്നതിന് വേണ്ടി ശക്തമായ ഇടപെടലാണ് നടത്തിയത്. ഇത് ഫലം കാണുകയും ചെയ്തു. നേരിയ ഭൂരിപക്ഷത്തിന് ഭരണം നടത്തിയിരുന്ന യു.ഡി.എഫ് സര്‍ക്കാറിന് പിറവത്തെ ജയം വലിയൊരു ആശ്വാസം കൂടിയായിരിക്കയാണ്.

മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളില്‍ രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. അനൂപിന്റെ വന്‍ വിജയത്തില്‍ യു.ഡി.എഫ് ക്യാമ്പ് വലിയ ആഹ്ലാദത്തിലാണ്. മണ്ഡലത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മധുരവിതരണവും ആഹ്ലാദപ്രകടനവും തുടങ്ങിക്കഴിഞ്ഞു.

Malayalam News

Kerala News in English

 

Advertisement