| Tuesday, 4th December 2018, 11:08 am

ബന്ധു നിയമനം: കെ.ടി ജലീല്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; ഇടതു സര്‍ക്കാര്‍ അഴിമതിയുടെ ചളിക്കുണ്ടിലാണെന്ന് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കെ. മുരളീധരന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ജലീലിന്റെ ബന്ധു അദീബിന് നിയമനം നല്‍കിയത് ഡെപ്യൂട്ടേഷന്‍ വഴിയാണ്. അപേക്ഷ ക്ഷണിച്ച ശേഷം സര്‍ക്കാരിന് യോജിച്ച ആളെന്ന് കണ്ടെത്തിയാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോപണം അടിസ്ഥാന രഹിതമായതിനാല്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ച് അടിയന്തരമായി വിഷയത്തില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ എം.ഡി തസ്തികയില്‍ ആദ്യം അഭിമുഖത്തിന് വന്നവര്‍ക്കാര്‍ക്കും നിശ്ചിത യോഗ്യതയില്ലായിരുന്നു. നേരത്തെ അപേക്ഷ നല്‍കുകയും അഭിമുഖത്തിന് വരാതിരിക്കുകയും ചെയ്ത അദീബ് ജോലി ഏറ്റെടുക്കാന്‍ തയ്യാറായി. ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായപ്പോള്‍ അദീബ് മാതൃ സ്ഥാപനത്തിലേക്ക് മടങ്ങിപ്പേവുകയും ചെയ്തു.

നിയമനം വഴി കോര്‍പറേഷന് ഒരു രൂപ പോലും നഷ്ടമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ കെ.എം മാണി മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫായി ഡെപ്യൂട്ടേഷന്‍വഴി ഇത്തരത്തില്‍ നിയമനം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ബന്ധു നിയമന വിവാദത്തെ ലാഘവ ബുദ്ധിയോടെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതെന്ന് കെ. മുരളീധരന്‍ ആരോപിച്ചു. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ എം.ഡിക്കുള്ള യോഗ്യതയില്‍ മന്ത്രി മാറ്റം വരുത്തിയെന്നും എം.ബി.എക്കാര്‍ക്ക് അത്ര ക്ഷാമമുള്ള നാടല്ല കേരളമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. മന്ത്രി നടത്തിയ അഴിമതിയില്‍ മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നു. ഇടത് സര്‍ക്കാര്‍ അഴിമതിയുടെ ചളിക്കുണ്ടിലാണെന്നും മുരളീധരന്‍ ആരോപിച്ചു.


പ്രവൃത്തി പരിചയം നോക്കിയാണ് അദീബിനെ നിയമിച്ചതെന്ന് മന്ത്രി ജലീല്‍ സഭയില്‍ വിശദീകരിച്ചു. 21 വര്‍ഷമായി സഭയിലുള്ള താന്‍ തെറ്റായ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. തെറ്റുപറ്റിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ഡെപ്യൂട്ടേഷന്‍ നിയമനത്തെ മഹാ അപരാധമായി ചിലര്‍ ചിത്രീകരിച്ചെന്നും ജലീല്‍ വ്യക്തമാക്കി.

അതേസമയം, രാവിലെ ചോദ്യോത്തരവേളയില്‍ മന്ത്രി ജലീലിനെ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ കേള്‍ക്കാതെ പ്രതിപക്ഷ എം.എല്‍.എമാര്‍ മുദ്രാവാക്യം വിളിച്ച് ബഹളം വെച്ചു.

We use cookies to give you the best possible experience. Learn more