എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനാവില്ല; എല്‍.ഡി.എഫ് സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് പരിരക്ഷ നല്‍കി: മുഖ്യമന്ത്രി
kERALA NEWS
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനാവില്ല; എല്‍.ഡി.എഫ് സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് പരിരക്ഷ നല്‍കി: മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Friday, 1st February 2019, 9:07 pm

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നല്‍കിയ പരിരക്ഷയും ആശ്വാസവും അവര്‍ അനുഭവിക്കുന്ന ദുരിതത്തെ കുറയ്ക്കുവാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ വസ്തുതകള്‍ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കാതെയാണ് ഈ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രശ്നങ്ങള്‍ റവന്യൂ, ആരോഗ്യം, സാമൂഹ്യനീതി, ഭക്ഷ്യപൊതുവിതരണം, വിദ്യാഭ്യാസം മുതലായ വകുപ്പുകളാണ് നടപ്പാക്കുന്നത്. 2013 മുതല്‍ ഹൈക്കോടതി അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദുരിതബാധിതരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തിച്ചുവരുന്നത്.


അതനുസരിച്ച് വിവിധ മെഡിക്കല്‍ കോളെജുകളിലെ 11 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിഗദ്ധ ഡോക്ടര്‍മാരുടെ ഒരു പാനല്‍ രോഗാവസ്ഥയിലുള്ളവരെ പരിശോധിക്കുന്നുണ്ട്. പരിശോധനയില്‍ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെടുത്താവുന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തുന്നവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്.

കൂടാതെ 1978-2000 കാലഘട്ടത്തില്‍ പ്ലാന്റേഷന്‍ തോട്ടങ്ങളിലോ പരിസരത്തോ ജോലി നോക്കിയിരുന്ന ആളുകള്‍ക്ക് രോഗം പിടിപെടാനിടയുള്ള സാഹചര്യം ഉണ്ടായിരുന്നോ എന്ന് ഫീല്‍ഡ് ലെവലില്‍ ശേഖരിക്കുന്ന റിപ്പോര്‍ട്ടു സഹിതം അര്‍ഹതാ നിര്‍ണ്ണയം നടത്തുന്നു. ആ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ കേസുകളും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയും ആവശ്യമെങ്കില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തുകയുമാണ് സ്വീകരിക്കുന്ന രീതി”- മുഖ്യമന്ത്രി പറഞ്ഞു.

“2017 ഏപ്രില്‍ മാസം നടത്തിയ പ്രത്യേക ക്യാമ്പിനെ തുടര്‍ന്ന് 287 പേരെ പുതുതായി ഉള്‍പ്പെടുത്തി. ലഭിച്ചിരുന്ന പരാതികള്‍ പരിശോധിച്ച് ജില്ലാതല സെല്ലിന്റെ തീരുമാനപ്രകാരം രോഗാവസ്ഥയിലുള്ള 76 പേരെ കൂടി ഉള്‍പ്പെടുത്തി 363 പേരുടെ പട്ടിക അംഗീകരിച്ചു. പരാതികളെ തുടര്‍ന്ന് പുനപരിശോധനയ്ക്കു ശേഷം പിന്നീട് 11പേരെ കൂടി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആകെ 6212 പേരാണ് ദുരിതബാധിതരായി അംഗീകരിച്ച പട്ടികപ്രകാരം നിലവിലുള്ളത്. ഈ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാത്ത 657 പേര്‍ക്ക് സൗജന്യ ചികിത്സാസൗകര്യം അനുവദിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നത് നിയമവിധേയമല്ലെന്നും” മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സുപ്രീം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ കേന്ദ്ര സഹായം ഇനിയും ലഭിക്കാനുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.


“സുപ്രീംകോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍േദശിച്ച ശുപാര്‍ശകള്‍ നടപ്പാക്കണമെന്നുള്ള കോടതിയുടെ ഉത്തരവ് പ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസഹായം ഇനിയും ലഭിച്ചിട്ടില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അതുകൂടി കണ്ടുള്ള സഹായമാണ് ഇതിനകം തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുള്ളത്.

നഷ്ടപരിഹാരത്തിന്റെ 3-ാം ഗഡു അനുവദിക്കുന്നതിനായി 56.76 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു നല്‍കി. ഇതിനുപുറമെ ദുരിതബാധിതര്‍ക്കുള്ള പ്രത്യേക ധനസഹായത്തിനായി നല്‍കിയ തുകയില്‍ 10 കോടി രൂപ ദുരിതബാധിതര്‍ക്കുള്ള സമഗ്ര ആരോഗ്യപദ്ധതിയായ “തേജസ്വിനി”യിലേക്ക് വകയിരുത്തി നല്‍കിയിട്ടുണ്ട്. 2017ല്‍ പുതുതായി കണ്ടെത്തിയവര്‍ക്ക് സാമ്പത്തികസഹായം വിതരണം ചെയ്യുന്നതിനായി 8.35 കോടി രൂപ ആദ്യഘട്ടമായി കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്”- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേനയുള്ള സഹായപദ്ധതികള്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സ്നേഹസാന്ത്വനം പദ്ധതി പ്രകാരം ദുരിതബാധിതര്‍ക്ക് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷനു പുറമെ 1,700 രൂപ വീതവും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2,200 രൂപയും മറ്റുള്ളവര്‍ക്ക് 1,200 രൂപയും പ്രതിമാസം നല്‍കുന്നുണ്ട്. വിദ്യാഭ്യാസ ധനസഹായ പദ്ധതി പ്രകാരം ബഡ്സ് സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്നു. പരസഹായം കൂടാതെ ജീവിക്കുവാന്‍ കഴിയാത്ത 790 പേര്‍ക്ക് സ്പെഷ്യല്‍ “ആശാകിരണം” പദ്ധതി പ്രകാരം സഹായം നല്‍കുന്നുണ്ട്”- മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം, സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം തുടരുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി അറിയിച്ചു. സര്‍ക്കാര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് അതിരുകള്‍ ബാധകമാക്കരുതെന്ന പ്രധാന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഞായറാഴ്ച സമരസമിതി സങ്കടയാത്ര നടത്തും.