നാടിന്റെ പൊതുവികാരത്തിനെതിരായ പറച്ചിൽ: അടൂർ പ്രകാശിന്റെ ദിലീപ് അനുകൂല പരാമർശത്തിൽ മുഖ്യമന്ത്രി
Kerala
നാടിന്റെ പൊതുവികാരത്തിനെതിരായ പറച്ചിൽ: അടൂർ പ്രകാശിന്റെ ദിലീപ് അനുകൂല പരാമർശത്തിൽ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th December 2025, 12:11 pm

കണ്ണൂർ: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ ദിലീപിന് നീതികിട്ടിയെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

നാടിന്റെ പൊതുവികാരത്തിനെതിരെയുള്ള പരാമർശമാണ് അടൂർ പ്രകാശ് നടത്തിയതെന്നും കണ്ണൂരിൽ നടക്കുന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫ് കൺവീനറുടെ യു.ഡി.എഫ് രാഷ്ട്രീയം വെച്ചുകൊണ്ടുള്ള നിലപാടാണതെന്നും പൊതുസമൂഹം അത്തരമൊരു വിലയിരുത്തൽ നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുസമൂഹം എല്ലാ കാലഘട്ടത്തിലും അതിജീവതയ്‌ക്കൊപ്പമാണെന്നും ഗവൺമെന്റിനും ഇതേ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിചിത്രമായൊരു വാദഗതിയാണ് യു.ഡി.എഫ് കൺവീനർ മുന്നോട്ട് വെച്ചതെന്നും സർക്കാർ അപ്പീൽ പോകുന്നതെന്തിനാണെന്നുമാണ് അദ്ദേഹം ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘എന്തുകൊണ്ടാണ് അത്ര ധൃതിപ്പെട്ട് ഒരു പ്രതികരണം അവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പിടികിട്ടുന്നില്ല. നമ്മുടെ നാടിന്റെ പൊതുവികാരത്തിനെതിരെയുള്ള പറച്ചിലായിപ്പോയി,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പീലിൻറെ കാര്യത്തിൽ നിയമപരമായ പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരിൽ കോടതി വെറുതെ വിട്ട എട്ടാം പ്രതിയായ ദിലീപിന് നീതി ലഭ്യമായെന്ന് അടൂർ പ്രകാശ് പറഞ്ഞിരുന്നു.

നടിയുടെ ഒപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവർക്കും കിട്ടണമെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ നീതി ലഭിച്ചുവെന്നാണ് തനിക്ക് വ്യക്തിപരമായി പറയാനുള്ളതെന്നും അടൂർ പ്രകാശ് പ്രതികരിച്ചിരുന്നു.

ഇതിനുപിന്നാലെ അടൂരിന്റെ വിവാദ പ്രസ്താവനയെ തള്ളിക്കൊണ്ട് കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ വിമർശിച്ച് ഇടത് നേതാക്കളും രംഗത്തെത്തി.

Content Highlight: Pinarayi Vijayan responded to Adoor Prakash’s remark that Dileep got justice in the verdict in the actress attack case