'ഭൂപരിഷ്‌കരണം 2.0' ഭൂപരിഷ്‌കരണം ഇല്ലാതാക്കല്‍; ബജറ്റിലേത് പേരുമാറ്റിയ പദ്ധതികളും കേന്ദ്രനയം പകര്‍ത്തലും: പിണറായി
Kerala
'ഭൂപരിഷ്‌കരണം 2.0' ഭൂപരിഷ്‌കരണം ഇല്ലാതാക്കല്‍; ബജറ്റിലേത് പേരുമാറ്റിയ പദ്ധതികളും കേന്ദ്രനയം പകര്‍ത്തലും: പിണറായി
സിജൊ
Friday, 19th June 2026, 4:53 pm

തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സ്വകാര്യ വത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് ബഡ്ജറ്റ് എന്ന് പിണറായി അഭിപ്രായപ്പെട്ടു. ഭൂപരിഷ്‌കരണത്തെ ബഡ്ജറ്റ് അട്ടിമറിക്കുന്നുവെന്നും സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കുന്നതാണ് ബഡ്ജറ്റെന്നും പിണറായി അഭിപ്രായപ്പെട്ടു.

ബജറ്റിലെ ‘ഭൂപരിഷ്‌കരണം 2.0’ എന്ന പ്രഖ്യാപനവും പുതിയ ലാന്‍ഡ് മാനേജ്മെന്റ് നയവും വഴി സ്വകാര്യ കുത്തകകള്‍ക്ക് ഭൂമി കൈക്കലാക്കാനുള്ള തടസ്സങ്ങള്‍ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നേരത്തെ കോര്‍പ്പറേറ്റുകളെ ഭൂമി കൈയടക്കി വെക്കുന്നതില്‍ നിന്ന് തടഞ്ഞ ഭൂപരിഷ്‌കരണ നിയമങ്ങളെ പൊളിച്ചെഴുതാനുള്ള ഈ നീക്കം സംസ്ഥാനത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപപ്പെട്ടു.

മുന്‍കാലത്ത് പ്രസക്തമായ ഭൂനിയമങ്ങള്‍ പരിശോധിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനെ ഭൂപരിഷ്‌കരണം 2.0 എന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. വാണിജ്യ സംരംഭങ്ങള്‍ക്കായി ഭൂമി പരിവര്‍ത്തനം വേഗത്തിലാക്കും എന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

കഴിഞ്ഞ ബജറ്റില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുമേഖലാ അധിഷ്ഠിത റെയര്‍ എര്‍ത്ത് ധാതു ഇടനാഴിയെ അട്ടിമറിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാറെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ നയം പകര്‍ത്തി സ്വകാര്യവല്‍ക്കരണത്തിനാണ് ഈ ബജറ്റില്‍ തുടക്കമിട്ടിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ കേരളത്തെയും ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് സ്വകാര്യ മേഖലയ്ക്കായി പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് ഇടനാഴിയെ അതേപടി യു.ഡി.എഫ് സര്‍ക്കാര്‍ പകര്‍ത്തിയെന്നും പിണറായി ആരോപിച്ചു.

മിഷന്‍ സമുദ്ര’, ‘കേരള മാരിടൈം പോളിസി’ എന്നിവ വഴി കേരളത്തിന്റെ തീരപ്രദേശങ്ങളെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണ് സര്‍ക്കാര്‍ ശ്രമം. ‘സതേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍’ വഴി ദക്ഷിണ കേരളത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള ഗൂഢലക്ഷ്യം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കേരളം വലിയ സാമ്പത്തിക അപകടാവസ്ഥയിലാണ് എന്ന തരത്തില്‍ മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ നടത്തിയ ആമുഖ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും പിണറായി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും പേരുമാറ്റിയും അല്ലാതെയും ആവര്‍ത്തിക്കുക മാത്രമാണ് യുഡിഎഫ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് പദ്ധതിയെ ഇതിന് ഉദാഹരണായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

‘ലൈഫ് മിഷന്‍’ ഭവന പദ്ധതിയെ തകര്‍ക്കാനുള്ള നീക്കമാണ് ബജറ്റില്‍ നടക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച പ്രത്യേക ഭവന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ‘പുനര്‍ഗേഹം’ പദ്ധതി തന്നെയാണെന്നും പിണറായി പറഞ്ഞു.

വലിയ പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ ആരോഗ്യ ഇന്‍ഷുറന്‍സിനായി വെറും 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഈ തുകകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇത് വെറുമൊരു പ്രഹസനം മാത്രമാണെന്നും പിണറായി പറഞ്ഞു.

Content Highlight: Pinarayi Vijayan On Kerala Budget By VD Satheesan Government